ADVERTISEMENT

ദോഹ ∙ ശൈത്യകാലമായതോടെ തണുപ്പകറ്റാൻ അടച്ചിട്ട മുറിയിൽ വിറകും കരിയും കത്തിക്കുമ്പോൾ ജാഗ്രത വേണം.  മുറിയിൽ നിറയുന്ന വിഷവാതകമായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വരാൻ ഇടയുണ്ടെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

അപകടം  എങ്ങനെ

അടച്ചിട്ടമുറിക്കുള്ളിൽ വിറകും കരിയും കത്തിക്കുന്നതിന്റെ ഫലമായി നിറവും രുചിയും മണവുമില്ലാത്ത കാർബൺ മോണോക്‌സൈഡ് പുറത്തേക്ക് വരും. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിതെളിക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) എമർജൻസി മെഡിസിൻ കൺസൽറ്റന്റ് ഡോ.ഗലാൽ സലേഗ് അൽ ഇസ്സായി പറഞ്ഞു. കാർബൺ മോണോക്‌സൈഡ് ശ്വസിക്കുമ്പോഴുണ്ടാകുന്ന അപകട ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ഭക്ഷ്യവിഷബാധ അല്ലെങ്കിൽ പനി എന്ന തരത്തിലാണ് മിക്കവരും ആദ്യം കരുതുക.

കുട്ടികൾ, ഗർഭിണികൾ, വയോധികർ, ഹൃദ്രോഗികൾ, ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, വിളർച്ച എന്നിവയുള്ളവർ കാർബൺ മോണോക്‌സൈഡ് ശ്വസിക്കുന്നത് അതീവ അപകടകരമാണ്.

ലക്ഷണങ്ങൾ എന്തൊക്കെ?

കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് 5 മുതൽ 20 മിനിറ്റിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. തലവേദന, തളർച്ച, ക്ഷീണം, ശ്വാസംമുട്ടൽ, ബലഹീനത, ആശയക്കുഴപ്പം എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ.

കൂടുതൽ നേരം വിഷവാതകം ശ്വസിച്ചാൽ മാംസപേശികളിൽ വലിവ്, അബോധാവസ്ഥ എന്നിവ സംഭവിക്കാം. തുടർന്ന് ഹൃദയത്തിലേക്കും തലച്ചോറിലേക്കും ഓക്‌സിജൻ എത്താതെ മരണത്തിലേക്കും ഇത് നയിക്കാം.

അടിയന്തര ചികിത്സ തേടണം

കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതായി സംശയം തോന്നിയാൽ വേഗത്തിൽ വാതിലുകളും ജനലുകളും തുറന്നിട്ട് മുറിയിൽ ശുദ്ധവായു ലഭ്യമാക്കണം. ഉടൻ 999 എന്ന നമ്പറിൽ വിളിച്ച് അടിയന്തര സഹായം ആവശ്യപ്പെടണം. വിഷവാതകം ശ്വസിച്ചതായുള്ള സംശയം ഡോക്ടറെ അറിയിക്കുകയും വേണം.ചികിത്സ നൽകാൻ വൈകുന്തോറും ആരോഗ്യനില സങ്കീർണമാകും. കാർബൺ മോണോക്‌സൈഡ് ശ്വസിച്ച ഭൂരിഭാഗം രോഗികൾക്കും 48 മണിക്കൂർ വരെ ക്ലിനിക്കൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരും. കാർബൺ മോണോക്‌സൈഡ് ശ്വസിക്കുന്നത് ഓരോ വ്യക്തിയെയും വ്യത്യസ്ത തരത്തിലാണ് ബാധിക്കുന്നത്.

എങ്ങനെ പ്രതിരോധിക്കാം

മുറിക്കുളളിൽ വിറകും കരിയും കത്തിക്കാൻ അംഗീകൃത ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. കഴിവതും ബാറ്ററിയിൽ പ്രവർത്തിക്കുന്ന അംഗീകൃത ഇലക്ട്രോണിക് ഹീറ്ററുകൾ മാത്രം ഉപയോഗിക്കുക. വാതകത്തിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകൾ ഒഴിവാക്കണം. അംഗീകൃത ഉപകരണങ്ങളിൽ അംഗീകൃത നമ്പർ ഉണ്ടാകും. ഗ്യാസ് റേഞ്ച് അല്ലെങ്കിൽ അവ്ൻ എന്നിവ ഒരിക്കലും ഉപയോഗിക്കരുത്.

ശൈത്യകാല ക്യാംപുകളിൽ കൂടാരത്തിന് 5 മീറ്റർ അകലെയായിരിക്കണം അടുക്കള. തീ കത്തിക്കുന്ന കുഴികൾക്ക് കുറഞ്ഞത് 60 സെന്റിമീറ്റർ ആഴമുണ്ടായിരിക്കണം. ഇന്ധന കാനുകൾ സുരക്ഷിതമായി സൂക്ഷിക്കണം. കൂടാരങ്ങളിൽ നിന്ന് അകലെ നിന്ന് മാത്രമേ പുകവലിക്കാവൂ. ഫയർ എക്സ്റ്റിംഗ്വിഷർ, ഫയർ ബ്ലാങ്കറ്റുകൾ, പ്രഥമ ശുശ്രൂഷ കിറ്റ് എന്നിവ കൈവശമുണ്ടായിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com