ADVERTISEMENT

ദുബായ്∙ മാർ ഒസ്താത്തിയോസ് നല്ല ശ്രദ്ധയും കരുതലും ഉള്ള ആളാണ്. എന്നെ മലയാളം പഠിപ്പിക്കുകയും എന്നിൽ നിന്ന് സുറിയാനി പഠിക്കുകയും ചെയ്തു. നല്ല ഭംഗിയായി കുർബാന അർപ്പി്ക്കുകയും ചെയ്യും അദ്ദേഹം.-ഭയഭക്തി ബഹുമാനങ്ങളോടെ സമീപമിരുന്ന ഐസക് മാർ ഒസ്താത്തിയോസിന്റെ തോളിൽത്തട്ടി നിറഞ്ഞു ചിരിച്ച് ആഗോള സുറിയാനി സഭ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ പറഞ്ഞു. 

 

രണ്ടു വർഷത്തോളം ബാവയുടെ സെക്രട്ടറിയായി മാർ ഒസ്താത്തിയോസ് ഉണ്ടായിരുന്ന നാളുകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പഴയ കാലത്തിലേക്ക് ഇരുവരും സഞ്ചരിച്ചത്. അന്ന് പഠിപ്പിച്ച മലയാളം കൃത്യമായി ഇന്നലെ കത്തീഡ്രലിൽ ചൊല്ലി ബാവ വിശ്വാസികളെ വിസ്മയിപ്പിച്ചപ്പോൾ മറ്റാരെക്കാളും സന്തോഷിച്ചതും ഒരുപക്ഷേ മാർ ഒസ്താത്തിയോസാവും.

 

സഭയ്ക്കു വേണ്ടി ഏറ്റവും തീക്ഷ്ണമായി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പരിശുദ്ധ ബാവയെന്ന് മാർ ഒസ്താത്തിയോസും പറഞ്ഞു. 2008 മുതൽ രണ്ടുവർഷമാണ് അമേരിക്കയിൽ ബാവയ്ക്കൊപ്പം ഉണ്ടായിരുന്നത്. കരുതൽ കൊണ്ട് ഒരിക്കൽ തന്നെ ബാവ ഞെട്ടിച്ച കാര്യവും ഓർത്തു. നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റും എടുത്ത് നിൽക്കുമ്പോഴായിരുന്നു അത്. പക്ഷേ ജോലിത്തിരക്കിലും മറ്റും വ്യാപൃതനായി വിമാനത്താവളത്തിലേക്ക് നേരത്തേ പോകുന്ന കാര്യം മറന്നു. 

 

എന്നാൽ പെട്ടെന്നു അക്കാര്യം ഓർത്ത് ബാവ സ്നേഹശാസനയോടെ തന്നെയും കൊണ്ട് കാറിൽ ന്യൂയോർക്കിലൂടെ പാഞ്ഞ് വിമാനത്താവളത്തിലെത്തി. വിമാനത്തിൽ കയറുമ്പോഴും നാട്ടിലെത്തുമ്പോഴുമെല്ലാം കൃത്യമായി വിളിക്കണമെന്ന് ഒരു പിതാവിന്റെ കരുതലോടെയാണ് പറഞ്ഞതെന്നും മാർ ഒസ്താത്തിയോസ് ഓർത്തു. പണ്ടു പഠിപ്പിച്ച മലയാളം ഇപ്പോൾ ഓർമയുണ്ടോ എന്നു ബാവയോടു ചോദിച്ചപ്പോഴും നിറഞ്ഞ ചിരിയോടെ അദ്ദേഹം പറഞ്ഞു, നന്ദി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com