ADVERTISEMENT

ദുബായ് ∙ ആഭ്യന്തരവകുപ്പിലും പൊലീസിലും വൻ അഴിമതിയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ ഉപകരണം വാങ്ങിയതിൽപ്പോലും ഒന്നരക്കോടിയുടെ അഴിമതി നടന്നു. കെൽട്രോൺ ഉപകരണങ്ങൾ വാങ്ങിയതിലും ദുരൂഹതയുണ്ട്. നേരത്തേ നിശ്ചയിച്ച ആളുകൾ വഴിയാണ് പല ഇടപാടുകളും നടന്നിട്ടുള്ളത്. പൊലീസ് ക്വാർട്ടേഴ്സുകൾ പണിതതിൽ ഡിജിപി നേരിട്ട് ഇടപെട്ടിട്ടുണ്ട്. 4.35 കോടി രൂപ വകമാറ്റി ചെലവഴിച്ചു. ടെൻഡർ വിളിക്കാതെയും സ്റ്റോർ പർച്ചേസ് മാന്വലിൽ കൃത്രിമം നടത്തിയുമാണ് അഴിമതി നടത്തിയത്. മുൻകൂറായി പണം പലപ്പോഴും നൽകിയിട്ടുണ്ട്.

കരാറുകാരന് മുൻകൂർ പണം നൽകി എന്നതിനാണു പാലാരിവട്ടം കേസിൽ അറസ്റ്റും വിജിലൻസ് കേസും ഉണ്ടായതെന്നും രമേശ് ചൂണ്ടിക്കാട്ടി. പി.ടി തോമസ് എംഎൽഎ അഴിമതി ഉന്നയിച്ചപ്പോൾ പോലും ഇത്രയും വലിയ തട്ടിപ്പുകൾ നടന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രിയുടെ നടപടികൾ തൃപ്തികരമല്ല. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞഞ്ഞെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്ന കണ്ടെത്തലുകളാണ് സിഎജി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

വോട്ടർ പട്ടിക വിഷയത്തിൽ കോടതിയെ സമീപിച്ച വേണുഗോപാലിനെ അഭിനന്ദിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു. പൗരത്വ ബില്ലിനെതിരേ നടത്തിയ സമരങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാൽ സമരങ്ങളിൽ ഭീകരസംഘടനയുടെ ആളുകൾ കയറി പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചെന്ന പ്രസ്താവന മോദിക്ക് അവസരം നൽകുന്നതായി. ഇത് സമരത്തെ ദുർബലപ്പെടുത്തി.

കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി ജയിക്കും. ലോക കേരള സഭ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്നു തെളിഞ്ഞതിനാലാണ് ബഹിഷ്കരിച്ചത്. വാഗ്ദാനം ചെയ്തതിൽ ഭൂരിപക്ഷം കാര്യങ്ങളും നടപ്പായില്ല. വാണിജ്യ ചേംബർ രൂപീകരിക്കും, തിരികെ എത്തുന്ന പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം നൽകും തുടങ്ങി ഒരു പ്രഖ്യാപനവും നടപ്പായില്ല. 16.5 കോടിയുടെ ധൂർത്താണ് നടന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ യാഥാർത്ഥ്യബോധം ഉൾക്കൊണ്ടുള്ള നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

യുഎപിഎ പിൻവലിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആത്മാർഥതയിൽ സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

120 ദിവസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയാൽ പ്രവാസപദവി പോകും എന്നത് പിൻവലിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും. ഇക്കാര്യം എംപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കർണാടക മുൻ എംഎൽഎ മൊയ്തീൻ ബാവ, ഇൻകാസ് യുഎഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, വൈസ് പ്രസിഡന്റ് എൻ.പി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com