ADVERTISEMENT

അൽഐൻ∙ യുഎഇക്ക് ഒരു പുതിയ വിനോദസഞ്ചാര കേന്ദ്രം കൂടി സമ്മാനിച്ച് അൽഐനിലെ ജബൽ ഹഫീതിൽ ഡെസർട് പാർക്ക് തുറന്നു. ചരിത്രവും പുരാവസ്തുക്കളും സമ്മേളിക്കുന്ന തുറന്ന പാർക്കാണ് ചരിത്രാന്വേഷകർക്കായി അബുദാബി സാംസ്കാരിക, ടൂറിസം വിഭാഗം (ഡിസിടി) ഒരുക്കിയത്. അബുദാബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനും എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. 

മാർട്ടിയേഴ്സ് ഫാമിലി അഫയേഴ്സ് ഓഫിസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഷെയ്ഖ് ഖലീഫ ബിൻ തഹ്നൂൻ അൽ നഹ്യാൻ, ഡിസിടി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ ‍മുബാറക്, ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ചെയർമാൻ ഫലാഹ് അൽ അഹ്ബാബി, ഡിസിടി ആക്ടിങ് അണ്ടർ സെക്രട്ടറി സഊദ് അൽ ഹൊസാനി എന്നിവർ പങ്കെടുത്തു. 

ഉദ്ഘാടന ശേഷം ഷെയ്ഖ് ഖാലിദ് ഡെസർട് പാർക്ക് നടന്നുകാണുകയും സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. അൽഐനിൽനിന്നും 20 കിലോമീറ്റർ അകലെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജബൽഹഫീത് മലനിരയുടെ കിഴക്കുഭാഗത്തായാണ് ഡെസർട് പാർക്ക്. യുനെസ്കൊ പൈതൃക പട്ടികയിൽ ഇടംനേടിയ കേന്ദ്രത്തിന്റെ പുതിയ ആകർഷണമാണ് ഡെസർട് പാർക്ക്.

പാർക്കിനോടനുബന്ധിച്ച് ബൈക് റൈഡിങ്, ഹൈകിങ് ടൂർ, ടെന്റ് ക്യാംപിങ് തുടങ്ങി വിവിധ പദ്ധതികളുമുണ്ട്. പ്രദർശിപ്പിച്ച പുരാവസ്തുക്കൾ സംബന്ധിച്ച വിശദാംശങ്ങൾ ളള്ളതിനാൽ ടൂർ ഗൈഡില്ലെങ്കിലും പാർക്ക് നടന്നു കാണാൻ സാധിക്കും.

യുഎഇയുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പാർക്ക് ഒരുക്കിയതെന്നും ചരിത്രാന്വേഷികൾക്കും സഞ്ചാരികൾക്കും ഇതൊരു മുതൽകൂട്ടാകുമെന്നും മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ 1959ൽ ‍ഡാനിഷ് പുരാവസ്തു ശാസ്ത്രജ്ഞരെ യുഎഇയിലേക്കു ക്ഷണിച്ച് ഗവേഷണത്തിന് അവസരമൊരുക്കിയതോടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം കുഴിച്ചെടുത്തത്. 5000 വർഷത്തിനു മുൻപുള്ള ശവകുടീരങ്ങളും  മറ്റും കണ്ടെടുത്തു. 1860ൽ നിർമിച്ചതെന്നു കരുതുന്ന വില്ലേജും പ്രധാന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇത് മേഖലയിലും രാജ്യാന്തര തലത്തിലും അൽഐന്റെ പ്രാധാന്യം വർധിപ്പിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com