ADVERTISEMENT

ദോഹ∙ പുത്തൻ കാഴ്ചകളും വിസ്മയങ്ങളുമായി അൽഖോർ ഫാമിലി പാർക്ക് നാളെ മുതൽ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കും.100  ദിവസം നീണ്ട 3.2 കോടി റിയാലിന്റെ നവീകരണങ്ങൾക്ക് ശേഷമാണ് പാർക്കിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നത്. ദോഹ നഗരത്തിൽ നിന്ന് ഏകദേശം 60 കിലോ മീറ്റർ അകലെയാണ് പാർക്ക്.

നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് വകുപ്പിന്റെ മേൽനോട്ടത്തിൽ പൊതുമരാമത്ത് വകുപ്പാണ് നവീകരണം പൂർത്തിയാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണിത്. 2,40,000 ചതുരശ്രമീറ്ററാണ് വിസ്തൃതി. കൂടുതൽ വലിയ മരങ്ങളും പൂന്തോട്ടങ്ങളുമൊക്കെ പ്രത്യേകതകളാണ്. സന്ദർശകർക്ക് മികച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിവർഷം 5,00,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 1983 ലായിരുന്നു പാർക്കിന്റെ നിർമാണം. 2016ലാണ് നവീകരണത്തിന് ശേഷം ആദ്യം സന്ദർശകർക്കായി തുറന്നത്.

പുതുകാഴ്ചകൾ

മുതലകളുടെ തടാകം, വ്യത്യസ്ത ഇനം കുരങ്ങുകൾ, ജിറാഫ്, ബംഗാൾ കടുവകൾ, ഏഷ്യൻ പൂച്ചകൾ, ആഫ്രിക്കൻ സിംഹം, വെള്ള നിറത്തിലുള്ള കടുവകൾ തുടങ്ങി സന്ദർശകർക്ക് കൂടുതൽ കാഴ്ചകളാണ് നവീകരിച്ച പാർക്കിലുള്ളത്. പുതിയ 290 മൃഗങ്ങൾ കൂടി എത്തിയതോടെ ഇവയുടെ എണ്ണം 315 ആയി ഉയർന്നു. 49 ഇനം മൃഗങ്ങളാണുള്ളത്. ചെറുതും വലുതുമായി വ്യത്യസ്ത ഇനം പക്ഷികളുമുണ്ട്.

സൗകര്യങ്ങളേറെ

ഒരേ സമയം 400 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ തിയറ്റർ, ഷോ റൂം, ഹാളുകൾ എന്നിവ ഉൾപ്പെടുന്ന മ്യൂസിയം, റസ്റ്ററന്റുകൾ, കഫ്റ്റീരിയകൾ, ഫൗണ്ടനുകൾ, 4,000 ചതുരശ്രമീറ്ററിൽ കുട്ടികൾക്കായി കളിസ്ഥലം, 360 വനിതകളെയും പുരുഷന്മാരെയും ഉൾക്കൊള്ളാൻ ശേഷിയുള്ള പള്ളി, കുടിവെള്ളത്തിനായി 12 വാട്ടർ കൂളറുകൾ, 6 പൊതു ശൗചാലയങ്ങൾ, 700  പാർക്കിങ് സ്ഥലം, ഭിന്നശേഷിക്കാർക്കായി 13 പാർക്കിങ് സ്ഥലം എന്നിവയെല്ലാമാണ് പാർക്കിലെ പുതിയ സൗകര്യങ്ങൾ. ഓപ്പൺ തിയറ്ററിൽ ചെറുപരിപാടികളും സംഗമങ്ങളും നടത്താൻ സൗകര്യമുണ്ട്.

ചൊവ്വാഴ്ച പ്രവേശനം സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം

എല്ലാ ചൊവ്വാഴ്ചയും സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമാണ് പ്രവേശനം. ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 11 വരെയും വെളളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം. മുതിർന്നവർക്ക് പ്രവേശന ഫീസ് 15 റിയാലും 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് 10 റിയാലുമാണ് നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com