ADVERTISEMENT

ദുബായ് ∙പ്രണയ കാലത്ത് സമ്മാനിച്ച സമ്മാനങ്ങളും പണവും തിരിച്ചു നൽകാത്തതിന് യുവാവ് തന്റെ മുൻ കാമുകിയോട് പ്രതികാരം ചെയ്തത് വേറിട്ട രീതിയിൽ. യുവതിയുടെയും അവരുടെ ബന്ധുക്കളുടെയും മൂന്നു കാറുകളിൽ പ്രത്യേക തരം രാസ ലായനി ഒഴിച്ച് കേടാക്കിയായിരുന്നു പ്രതികാരം. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

അൽ ഖൂസ്‍ ഏരിയയിലായിരുന്നു സംഭവം. തങ്ങളുടെ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ ആരോ രാസലായനി ഒഴിച്ച് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ കേടാക്കിയിട്ടുണ്ടെന്ന് യുവതി ബർ ദുബായ് പൊലീസിൽ പരാതിപ്പെടുകയായിരുന്നുവെന്ന് ഡയറക്ടർ ബ്രി.അബ്ദുല്ല ഖാദിം ബിൻ സുറൂർ പറഞ്ഞു. തുടർന്ന് പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഹെല്‍മറ്റ് ധരിച്ച് മുഖം വ്യക്തമാക്കാതെ മോട്ടോർ ബൈക്കുകളിലെത്തിയ രണ്ടുപേർ വന്നു കാറുകൾക്ക് മുകളിൽ രാസലായനി ഒഴിക്കുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തി. ഇതിനു ശേഷം രണ്ടു പേരും മോട്ടോർ സൈക്കിളിൽ തന്നെ രക്ഷപ്പെട്ടു. 

damaging-car-2

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. ദൃശ്യങ്ങളിൽ കണ്ട വസ്ത്രങ്ങൾ ധരിച്ച ഒരാളെ പൊതു സ്ഥലത്ത് പൊലീസ് കണ്ടെത്തി. ഇയാളുടെ ശരീര ഭാഷയും മോട്ടോർ ബൈക്കിലെത്തിയ ആളുടേത് പോലെയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മറ്റു രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് താൻ കുറ്റകൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

dubai-police

സമ്മാനവും പണവും തിരിച്ചു നൽകാത്തതിന്റെ പ്രതികാരം

തങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്ന കാലത്ത് സമ്മാനിച്ച വിലകൂടിയ വസ്തുക്കളും പണവും പിന്നീട് തെറ്റിപ്പിരിഞ്ഞ ശേഷം തിരിച്ചു നൽകാത്തതിനാലാണ് താൻ കുറ്റകൃത്യം ചെയ്തതെന്നായിരുന്നു യുവാവിന്റെ മൊഴി. പലപ്രാവശ്യം ചോദിച്ചെങ്കിലും യുവതി ഒന്നും തിരിച്ചു നൽകിയില്ലെന്നും പറഞ്ഞു. തനിക്ക് ഒന്നും തിരിച്ചു നൽകാനില്ലെന്ന് യുവതി വ്യക്തമാക്കിയത് മുതലാണു പ്രതിയിൽ പ്രതികാര വാജ്ഞ ഉണ്ടായത്. യുവതീ യുവാക്കള്‍ ഏതു രാജ്യക്കാരാണെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com