ADVERTISEMENT

ഷാർജ∙ മനുഷ്യ സ്നേഹികൾ ഉണർന്നു;  ശമ്പളമോ ജോലിയോ ഇല്ലാതെ കഴിഞ്ഞ ആറു മാസമായി ഷാർജയിൽ ദുരിതത്തിൽ കഴിയുന്ന ഇന്ത്യക്കാരടക്കം 600 ലേറെ തൊഴിലാളികള്‍ക്ക് സഹായ–സാന്ത്വനവുമായി ഒട്ടേറെ പേരെത്തി. ഭക്ഷണം പോലും ഇല്ലാതെ ഷാർജ വ്യവസായ മേഖല 15ലെ ലേബർ ക്യാംപിൽ കഴിയുകയായിരുന്നവരെക്കുറിച്ചുള്ള മനോരമ റിപ്പോർട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മതിയായ ഭക്ഷണ സാധനങ്ങളുമായാണ് ആളുകളെത്തിയത്. കൂടാതെ, ഇവരുടെ ശമ്പള കുടിശ്ശിക സംബന്ധിച്ച കാര്യങ്ങൾ പരിഹരിക്കാനുള്ള ശ്രമം നടത്തുന്നതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ മനോരമ ഒാൺലൈനിനെ അറിയിച്ചു. എന്നാല്‍ ഇന്ത്യൻ കോൺസുലേറ്റിന്റെ ഭാഗത്തു നിന്ന് ആരും ഇതുവരെ ഇവരെ തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം, പാക്കിസ്ഥാൻ കോൺസുലേറ്റ് പ്രതിനിധികൾ ആ രാജ്യക്കാരെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

help-sharjah-lc3

ഷാർജ മലയാളി കൂട്ടായ്മാ സ്നേഹതീരം കൺവീനർ ഷബീർ, പ്രസിഡന്റ് ദിനിൽ കുമാർ മഠത്തിൽ, ജനറൽ കൺവീനർ സിറാജുദ്ദീൻ, സെക്രട്ടറി പ്രവീൺ കൃഷ്ണൻ, കിരൺ രവീന്ദ്രൻ,  യൂണിക് ഫ്രണ്ട്സ് ഒാഫ് കേരളയുടെ അൻവർ, ഷാർജ മാർത്തോമാ യുവജന സഖ്യം പ്രതിനിധികളായ റവ.സിബി ടി.മാത്യു, സുബിൻ, സിബി, ജെറി ഷാർജ െഎപിസിയുടെ യുവജന വിഭാഗമായ പെൻ്റകോസ്റ്റൽ യങ് പീപ്പിൾസ് അസോസിയേഷൻ(പി െഎപിഎ) പ്രതിനിധികൾ, നോർക്കാ പ്രതിനിധി ഫെനി പണിക്കശ്ശേരി തുടങ്ങിയവരും ചില വ്യക്തികളും സഹായമെത്തിച്ചു. കൂടാതെ, ഒട്ടേറെ പേർ സ്ഥലത്തെത്തി സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്.

help-sharjah-lc2

മധ്യപ്രദേശ് സ്വദേശിയുടെ ഉടമസ്ഥതയിൽ  യുഎഇയിലെ വിവിധ എമിറേറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെട്ടിട നിർമാണ കരാർ കമ്പനിയിലെ മലയാളികളടക്കമുള്ള തൊഴിലാളികളാണ് ദുരിതത്തിലായത്. 35 വർഷമായി നല്ല നിലയിൽ പ്രവർത്തിച്ചുവന്നിരുന്ന കമ്പനിയിൽ കഴിഞ്ഞ ആറ് മാസമായി ശമ്പളം മുടങ്ങുകയായിരുന്നു. 50 മലയാളികളടക്കം 250ലേറെ ഇന്ത്യക്കാരും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യക്കാരുമാണ് ഇവിടെ ജോലി ചെയ്തിരുന്നത്. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികൾക്ക് പ്രതിമാസം 1200 ദിർഹം മുതലാണ് ശമ്പളം. ഇതുകൂടാതെ ഒാവർടൈമും ലഭിച്ചിരുന്നു. കമ്പനിയുടെ തുടക്ക കാലം മുതൽ ജോലി ചെയ്യുന്നവരും ഇവിടെയുണ്ട്. എന്നാൽ, നൂറ്റമ്പതിലേറെ പേരുടെ വീസ ഇതിനകം കാലാവധി കഴിഞ്ഞു. പുതുക്കാനായി രേഖകൾ വാങ്ങി കമ്പനി അധികൃതർ പോയെങ്കിലും നടപടികളുണ്ടായില്ല. ഇതൂമൂലം ഏഴ് മാസത്തോളമായി വീസയില്ലാതെയാണ് ഇവർ കഴിയുന്നത്. പലരും നാട്ടിൽ പോയിട്ട് വർഷങ്ങളായി. അടുത്ത ബന്ധുക്കളുടെ മരണം അടക്കമുള്ള അടിയന്തര കാര്യങ്ങൾക്ക് പോലും പലർക്കും പോകാൻ സാധിക്കുന്നില്ലെന്ന് കമ്പനിയിലെ ഫോർമാനായ കൊല്ലം സ്വദേശി ബിജു മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

ഷാർജ കൂടാതെ, ദുബായ്, ഉമ്മുൽഖുവൈൻ, അജ്മാൻ എമിറേറ്റുകളിൽ നിന്ന് വീസ പതിച്ചവരും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഒാഗസ്റ്റിലാണ് ചിലർക്ക് അവസാനമായി ശമ്പളം ലഭിച്ചത്. ഷാർജ, ഉമ്മുൽഖുവൈൻ, ജബൽ അലി, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിലെ കമ്പനി ക്യാംപുകളിലാണ് തൊഴിലാളികൾ താമസിച്ചുവന്നത്. ഷാർജ ക്യാംപിനടുത്തുള്ള മലയാളി നടത്തുന്ന ഗ്രോസറിയിൽ നിന്ന് സാധനങ്ങൾ വാങ്ങിയാണ് ഭക്ഷണമുണ്ടാക്കിയിരുന്നത്. ഇൗ വകയിൽ ഗ്രോസറിക്ക് 40,000 ദിർഹത്തോളം നൽകാനുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. കടം ഏറെയായപ്പോൾ ഗ്രോസറിക്കാർ ഭക്ഷണ സാധനം നൽകുന്നത് നിർത്തി. പരിചയക്കാരോടും മറ്റും പണം കടം വാങ്ങിയായിരുന്നു ഒരു നേരത്തെ ഭക്ഷണം ഒപ്പിച്ചിരുന്നത്. ചിലർ മറ്റു പല ജോലിക്കും പോയും ചെലവിനുള്ള തുക കണ്ടെത്തുന്നു. എന്നാൽ, ഇത് അനധികൃതമായതിനാൽ ഇത്തരം പ്രവൃത്തി ചെയ്യാൻ മിക്കവരും മടിക്കുന്നു. 

കൃത്യമായി ഭക്ഷണം കഴിക്കാത്തതിനാൽ പലരും രോഗികളാണ്. എന്നാൽ മരുന്നു വാങ്ങാൻ പോലും കൈയിൽ നയാക്കാശില്ലെന്നു പരാതിപ്പെട്ടു. ചികിത്സാ സഹായത്തിനായി പലരും കഴിഞ്ഞ ദിവസങ്ങളിൽ കമ്പനിയുടെ ഷാർജ റോളയിലെ ഹെഡ് ഒാഫിസിൽ പോയപ്പോൾ അടഞ്ഞുകിടക്കുകയായിരുന്നു. ഉടമ വലിയ സമ്പന്നനാണെന്നും മനസ്സുവച്ചാൽ ശമ്പള കുടിശ്ശിക നൽകി തങ്ങളെ നാട്ടിലേയ്ക്ക് പറഞ്ഞുവിടാൻ സാധിക്കുമെന്നുമാണു തൊഴിലാളികൾ പറയുന്നത്. 

help-sharjah-lc

തൊഴിലാളികൾക്ക് പരാതി അറിയിക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ 800 60 ടോൾ ഫ്രീ നമ്പരിൽ വിളിച്ച് തങ്ങൾ കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. മറ്റൊന്നും വേണ്ട, തങ്ങളുടെ ശമ്പള കുടിശ്ശിക തീർത്ത് നാട്ടിലേയ്ക്ക് അയച്ചാൽ മതിയെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com