ADVERTISEMENT

കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ ആവശ്യമെങ്കിൽ കോടതിയെ സഹായിക്കാനായി ഒരു വിദഗ്ധനെ നിയമിക്കാൻ ഖത്തറിലെ സിവിൽ നിയമ (1990 ലെ 13-ാം നമ്പർ നിയമം) നടപടി പ്രകാരം കോടതിക്ക് അധികാരമുണ്ട്. ഒരു ഇടക്കാല വിധി പ്രസ്താവിച്ചുകൊണ്ട് കോടതിക്ക് സഹായത്തിനായി വിദഗ്ധനെ നിയമിക്കാൻ സാധിക്കും.

കോടതി നിയമിക്കുന്ന വിദഗ്ധൻ നേരിട്ട് പരിശോധന നടത്തി ഇരുപാർട്ടികളുടെയും ഭാഗം കേട്ട ശേഷം തന്റെ കണ്ടെത്തലുകൾ ഒരു റിപ്പോർട്ടാക്കി കോടതിയിൽ സമർപ്പിക്കണം. വിദഗ്ധനെ നിയമിച്ചു കൊണ്ട് പുറപ്പെടുവിക്കുന്ന വിധിയിൽ വിദഗ്ധനെ നിയമിക്കാൻ പാർട്ടി കോടതിയിൽ കെട്ടിവയ്‌ക്കേണ്ട തുക, വിദഗ്ധന്റെ അധികാര പരിധി, കേസിൽ വിദഗ്ധൻ സ്വീകരിക്കേണ്ട നടപടി, കണ്ടെത്തലുകൾ സമർപ്പിക്കാനുള്ള സമയപരിധി എന്നിവ കോടതി രേഖപ്പെടുത്തും. വിദഗ്ധനെ നിയമിക്കാൻ കോടതിയിൽ കെട്ടിവയ്‌ക്കേണ്ട തുക നൽകാത്ത പക്ഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിയമിതനായ വിദഗ്ധൻ ബാധ്യസ്ഥനല്ല.

കോടതി നിയമിക്കുന്ന വിദഗ്ധന് കേസിലെ ഏതെങ്കിലും പാർട്ടിയുമായി ബന്ധമുണ്ടെങ്കിലോ,  കേസിൽ എന്തെങ്കിലും തരം വ്യക്തിപരമായ താൽപര്യങ്ങൾ ഉണ്ടെങ്കിലോ, വിദഗ്ധന് നിഷ്പക്ഷമായ നിലപാട് സ്വീകരിക്കാനാകില്ല എന്ന് കേസിലെ പാർട്ടിക്ക് ബോധ്യമാവുകയോ ചെയ്താൽ വിദഗ്ധനെ മാറ്റാൻ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കാം. മേൽ പറഞ്ഞ പ്രകാരം കേസിലെ പാർട്ടി സമർപ്പിക്കുന്ന അപേക്ഷയിൽ കോടതി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

മോഷ്ടിച്ച ഉൽപന്നം വാങ്ങിയശേഷം മടക്കിനൽകിയാൽ പണം തിരികെ  കിട്ടുമോ?

എന്റെ സഹപ്രവർത്തകൻ ഒരു ഉൽപന്നം പകുതി വിലയ്ക്ക്  എനിക്ക് നൽകി. എന്നാൽ കളഞ്ഞുപോയ ഒരു ഉൽപന്നമാണ് അയാൾ എനിക്ക് നൽകിയതെന്നും ആ വ്യക്തിയല്ല അതിന്റെ യഥാർഥ ഉടമയെന്നും എനിക്ക് ബോധ്യപ്പെട്ടതോടെ ഉൽപന്നം ഞാൻ തിരികെ നൽകിയെങ്കിലും അയാൾ അത് വാങ്ങുന്നില്ല. 2 വർഷം മുമ്പാണ് എനിക്ക് നൽകിയ ഉൽപന്നം അയാൾക്ക് ലഭിച്ചതെന്നും പറഞ്ഞു. എന്റെ കൈവശമാണ് കളഞ്ഞുപോയ ഉൽപന്നം എന്ന് യഥാർഥ ഉടമ അറിഞ്ഞാൽ ഞാൻ ഉൽപന്നത്തിനായി നൽകിയ പണം നിയമപരമായി തിരികെ ലഭിക്കുമോ?

2006 ലെ 27-ാം നമ്പർ വാണിജ്യ നിയമത്തിലെ 93-ാം ആർട്ടിക്കിൾ പ്രകാരം ഒരു വ്യാപാരി തന്റെ ബിസിനസിന്റെ ഭാഗമായി മൂന്നാം കക്ഷിയുടെ ചലനാത്മകമായ സ്വത്ത് വിറ്റാൽ അത് വാങ്ങുന്നന്ന വ്യക്തി നല്ല വിശ്വാസത്തിൽ (ഗുഡ് ഫെയ്ത്) ആണ് വാങ്ങിച്ചതെങ്കിൽ അത് അയാളുടേതായി മാറും. എന്നാൽ വിറ്റ ഉൽപന്നം മോഷ്ടിച്ചതോ അല്ലെങ്കിൽ നഷ്ടപ്പെട്ടതോ ആണെങ്കിൽ യഥാർഥ ഉടമസ്ഥന് അത് 5 വർഷത്തിനകം തിരികെ നൽകി വാങ്ങിയ ആൾക്ക് വ്യാപാരിയുടെ കയ്യിൽ നിന്ന് പണം തിരികെ വാങ്ങാം.

അയൽക്കാരൻ പ്രശ്നക്കാരനായാൽ എന്താണ് നടപടി?
  
ഞാൻ താമസിക്കുന്ന അപാർട്‌മെന്റിൽ എന്റെ അയൽക്കാരൻ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും അതിന് ശേഷം പൊലീസിനെ വിളിച്ച് മറ്റുള്ള താമസക്കാരുടെ മേൽ ആരോപണങ്ങളും പരാതികളും ഉന്നയിക്കുകയും ചെയ്തു. അയാൾ ആരോപിക്കുന്ന പരാതികൾ  അടിസ്ഥാനരഹിതമാണെന്നും പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ മേൽ അനാവശ്യമായി പരാതികളും ആരോപണങ്ങളും ഉന്നയിക്കുന്ന ആ വ്യക്തിക്ക് എതിരെ എന്ത് നടപടി സ്വീകരിക്കാനാകും. ?

2004 ലെ 11-ാം നമ്പർ പീനൽ നിയമത്തിലെ ആർട്ടിക്കിൾ 190 അനുസരിച്ച് ആരെങ്കിലും  മോശം വിശ്വാസത്തിൽ രേഖാമൂലമോ വാക്കാലോ ആയി ശിക്ഷ ലഭിക്കാവുന്ന ഒരു ക്രിമിനൽ കുറ്റവുമായി ബന്ധപ്പെട്ട്   തെറ്റായ വിവരം നൽകിയാൽ  മൂന്നു വർഷത്തിൽ കുറയാത്ത ജയിൽശിക്ഷ അല്ലെങ്കിൽ പരമാവധി 10,000 റിയാൽ പിഴ അല്ലെങ്കിൽ ഇവ രണ്ടും കൂടിയുള്ള ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.

qatar-law
അഡ്വ. നിസാർ കോച്ചേരി

നിയമങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കു നിയമകാര്യ വിദഗ്ധനായ അഡ്വ. നിസാർ കോച്ചേരി മലയാള മനോരമയിലെ ‘നിയമവും നിങ്ങളും’ എന്ന കോളത്തിലൂടെ മറുപടി നൽകും. ചോദ്യങ്ങൾ manoramadoha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com