ADVERTISEMENT
ദുബായ് ∙ ഷോപ്പിങ് മുതൽ പാചകമടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ആരോഗ്യം ഉറപ്പു വരുത്താം. ഷോപ്പിങ്ങിനു പോകുമ്പോൾ വാങ്ങേണ്ട സാധനങ്ങളുടെ ക്രമവും ട്രോളിയിൽ വയ്ക്കേണ്ട വിധവും നിസ്സാരകാര്യമല്ല. പാചകത്തിൽ ശുചിത്വം പ്രധാന ഘടകമാണെന്നും മുനിസിപ്പാലിറ്റി ബോധവൽക്കരണ ക്യാംപെയ്നിൽ ആരോഗ്യവിദഗ്ധർ ഓർമിപ്പിച്ചു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കായി നടത്തിയ ക്യാംപെയ്നിൽ 4,000 പേർ പങ്കെടുത്തു. 10 വിദ്യാലയങ്ങളിലെ വിദ്യാർഥികളും രക്ഷിതാക്കളും ഷെഫുമാരും ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യകരമായ പാചകത്തിൽ കുട്ടികൾക്കും അമ്മമാർക്കും മത്സരം നടത്തി. ടിഫിൻ ബോക്സിൽ കരുതേണ്ട ഭക്ഷണത്തെക്കുറിച്ചും മറ്റും ചോദ്യോത്തര പരിപാടിയും ഉണ്ടായിരുന്നു.
 
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊഴുപ്പും ഉപ്പും മധുരവും കുറയ്ക്കുന്നതാണ് ആരോഗ്യകരം. ഇവ അമിതമാകാതെ തന്നെ രുചികരമായി ഭക്ഷണം തയാറാക്കാം. പച്ചക്കറി, മത്സ്യം, മാംസം എന്നിവ നുറുക്കും മുൻപ് കട്ടിങ് ബോർഡും കത്തിയും നന്നായി വൃത്തിയാക്കണം. പച്ചക്കറിയും മറ്റും കഴുകുകയും വേണം. പച്ചക്കറി അരമണിക്കൂർ ഉപ്പുവെള്ളത്തിൽ ഇട്ടുവയ്ക്കുന്നതു നല്ലതാണ്.
 ഭക്ഷണം പാചകം ചെയ്യുന്നതിനു മുൻപും ശേഷവും കൈകൾ നന്നായി കഴുകണം. ഷോപ്പിങ്ങിനു പോകുമ്പോൾ ഫ്രോസൻ മാംസം അവസാനം എടുക്കുന്നതാണ് നല്ലത്. ശീതീകരിച്ച മാംസം നിശ്ചിത സമയത്തിനകം പാചകം ചെയ്യുകയോ വീട്ടിലെ ഫ്രീസറിലേക്കു മാറ്റുകയോ വേണം. മുട്ട വാങ്ങുമ്പോഴും ശ്രദ്ധിക്കണം. മാംസം നന്നായി പാചകം ചെയ്യാൻ ശ്രദ്ധിക്കണം. പഴകിയ ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കുക.

സ്കൂൾ കന്റീനുകൾക്കും മാർഗരേഖ

നല്ല ഭക്ഷണത്തോടൊപ്പം ആരോഗ്യശീലങ്ങളും വിളമ്പുന്ന കേന്ദ്രങ്ങളാക്കി സ്‌കൂൾ കന്റീനുകളെ മാറ്റുന്നത് പ്രധാന ലക്ഷ്യമാണ്. സ്‌കൂൾ ജീവനക്കാരെയും സൂപ്പർവൈസർമാരെയും ശാസ്ത്രീയ രീതികൾ പരിചയപ്പെടുത്തും. ഇവയെല്ലാം ഓരോ സ്‌കൂളിലും കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കും. കന്റീൻ  ജീവനക്കാർ  ശുചിത്വം ഉറപ്പാക്കുകയും  വൃത്തിയുള്ള യൂണിഫോം ധരിക്കുകയും വേണം. ജോലി സമയത്ത് തലയിൽ  ആവരണമുണ്ടാകണം. നഗരസഭയുടെ ഹെൽത്ത് കാർഡ്,  പ്രതിരോധ കുത്തിവയ്പു കാർഡ് എന്നിവയും നിർബന്ധമാണ്.  ഭക്ഷ്യവസ്തുക്കളിലെ കൊഴുപ്പിന്റെ തോത്, കാലാവധി എന്നിവയെല്ലാം പരിശോധിക്കും. ഭാരം കുറയ്ക്കാനുള്ള ക്യാംപെയ്നുകളിലും മറ്റും കുട്ടികളെ സജീവമാക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com