ADVERTISEMENT

ദുബായ് ∙ കേരളത്തെയും മലയാളികളെയും സ്നേഹിക്കുന്ന ബംഗ്ലാദേശി യുവാവ് മലയാളത്തിൽ തന്റെ ജീവിത കഥ പറയുന്നു. ദുബായ് മുഹൈസിനയിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ഒരു അറബിക് മന്തി റസ്റ്ററന്റിൽ ജോലി ചെയ്യുന്ന ചിറ്റഗോങ് സ്വദേശി അനീസുർ റഹ്മാനാണ് പച്ചവെള്ളം പോലെ മലയാളം പറയുന്നത്. 

ഒൻപത് വർഷം മുൻപാണ്  അനീസ് യുഎഇയിൽ ഉപജീവനം തേടിയെത്തിയത്: പിതാവ് എന്റെ ചെറുപ്പത്തിലേ ഹൃദയാഘാതം മൂലം ഞങ്ങളെ വിട്ടുപോയി. ഇതോടെ കുടുംബത്തിന്റെ ഭാരം ചുമലിലായി. പഠനം സ്കൂളിൽ തന്നെ നിലച്ചു. അമ്മാവൻ സഹായമഭ്യർഥിച്ചതനുസരിച്ച് കടയുടമ ഷൈജലാണ് വീസ നൽകി സഹായിച്ചത്. ഇങ്ങോട്ട് വരുമ്പോൾ ഇംഗ്ലീഷ്, ഹിന്ദി ഒന്നും അറിയില്ലായിരുന്നു. ഉമ്മ പഠിപ്പിച്ച ബംഗ്ലാ ഭാഷ മാത്രമേ അറിയാമായിരുന്നുള്ളൂ. അതുകൊണ്ട് ഭക്ഷണം വാങ്ങിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നു. കരഞ്ഞുപോയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

പിന്നീട്, ഹിന്ദി കുറച്ചൊക്കെ പഠിച്ചു. ഇന്ന് മലയാളം കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, നേപ്പാളി, അറബിക് അടക്കം ഏഴോളം ഭാഷകൾ പറയാനറിയാം. ഇവിടെയെത്തിയപ്പോൾ പരിചയപ്പെട്ടവരെല്ലാം മലയാളികളായിരുന്നു. സ്നേഹസമ്പന്നരും സൗഹൃദവും സഹായ മനസ്കതയും ഉള്ളവരാണു മലയാളികൾ. പരിചയപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ഹിന്ദിപോലും അറിയാത്തതിനാൽ ഞാൻ മലയാളം പഠിച്ചു തുടങ്ങി. ഒരർഥത്തിൽ അതെന്റെ ഭാഗ്യമായി എന്നു പറയാം. എന്നെ കാണുമ്പോൾ ഒരു മലയാളി ലൂക്കുണ്ടെന്നതിനാൽ റസ്റ്ററൻ്റിലെത്തുന്നവരിൽ മിക്കവരും മലയാളത്തിലാണ് സംസാരിക്കുക. അങ്ങനെ കേട്ടും പറഞ്ഞു പഠിച്ചു. ഇപ്പോൾ കോഴിക്കോട് താമസിക്കുന്ന കാസർകോടുകാരനായ കൂട്ടുകാരൻ ആഷിഖാണ് എന്റെ മലയാളം ഗുരു. അവനു ഹിന്ദിയറിയില്ല; എനിക്ക് മലയാളവും. അങ്ങനെ ഞാൻ മലയാളം പഠിച്ചതോടൊപ്പം അവൻ ഹിന്ദിയും പഠിച്ചു. വായിക്കാനും എഴുതാനും പഠിക്കണം. കേരളം സന്ദർശിക്കണം എന്നതാണ് ആഗ്രഹം. ബംഗ്ലദേശിലേതിനുള്ളതിനേക്കാൾ കൂടുതൽ സുഹൃത്തുക്കൾ എനിക്കിന് കേരളത്തിലാണ്. വയനാട്ടുകാരായ കൂട്ടുകാർ ഒട്ടേറെ. അവരെല്ലാം ക്ഷണിക്കാറുണ്ട്. വയനാടിന്റെ സൗന്ദര്യം അവരിൽ നിന്ന് മനസിലാക്കിയിട്ടുണ്ട്. കൂടാതെ, കേരളത്തെക്കുറിച്ചുള്ള വിഡിയോകളെല്ലാം കാണും. ഒരിക്കൽ യാത്ര യാഥാർഥ്യമാകും എന്നാണ് പ്രതീക്ഷ.

ലാലേട്ടനെ ഏറെ ഇഷ്ടം; കോമഡി ഇഷ്ടം

മലയാള സിനിമയാണ് കൂടുതലും കാണുന്നത്. മോഹൻലാലിനെ ഏറെ ഇഷ്ടം. തിയറ്ററിൽ ചെന്നു പുലിമുരുകൻ, ലൂസിഫർ എന്നിവ കണ്ടു. ആദ്യം കണ്ടത് ലാലേട്ടന്റെ സ്പിരിറ്റ് എന്ന ചിത്രമാണ്. മദ്യത്തിനും ലഹരിക്കുമെതിരെയുള്ള സന്ദേശമുള്ള ചിത്രം. സൂരജ് വെഞ്ഞാറമൂട്, ഇന്നസെന്റ് എന്നിവരുടെ കോമഡികളും വലിയ ഇഷ്ടമാണ്. മമ്മൂട്ടിയുടെ പടങ്ങളും കാണാറുണ്ട്. 

അയലയും മത്തിയും പ്രിയ വിഭവം; വിവാഹം മാത്രം നടക്കില്ല

കേരളത്തോടും മലയാളത്തോടും ഏറെ ഇഷ്ടമാണെങ്കിലും മലയാളി പെൺകുട്ടിയെ ജീവിത സഖിയാക്കണമെന്ന് ആഗ്രഹമില്ലെന്ന് 26കാരൻ പറയുന്നു: അതു പ്രായോഗികമല്ല എന്നതാണ് കാരണം. പരസ്പരം ആശയവിനിമയം നടത്താമെങ്കിലും രണ്ട് സംസ്കാരങ്ങളിൽ നിന്നുള്ളവരാകുമ്പോൾ വികാരങ്ങൾ പങ്കിടുമ്പോൾ  പ്രശ്നങ്ങളുണ്ടാകുമെന്നാണ് തോന്നുന്നത്.

അറബിക് മന്തി റസ്റ്ററൻ്റിലാണ് ജോലിയെന്നതിനാൽ, ഭക്ഷണവും ഇവിടെ നിന്ന് കഴിക്കാറാണ് പതിവ്. എങ്കിലും  കേരളീയ ഭക്ഷണം ഏറെ ഇഷ്ടമാണ്. ഇടയ്ക്കിടെ അയല, മത്തി  കറിയുണ്ടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com