ADVERTISEMENT

ദോഹ ∙  ഇ-റിങ് റോഡിൽ നിന്ന് ദോഹ എക്സ്പ്രസ് വേയിലേക്ക് ഗതാഗതം സുഗമമാക്കി മിസൈമിർ ഇന്റർചേഞ്ചിൽ പൊതുമരാമത്ത് വിഭാഗം (അഷ്ഗാൽ) പുതിയ അടിപ്പാത തുറന്നു. മിസൈമിർ ഇന്റർചേഞ്ചിന്റെ ഭാഗമായ 9 അടിപ്പാതകളിൽ നാലാമത്തേതാണിത്. 500  മീറ്റർ നീളമുള്ള പുതിയ പാതയിലൂടെ മണിക്കൂറിൽ 3000 വാഹനങ്ങൾ കടന്ന് പോകാം.

നിശ്ചിത തീയതിക്കും രണ്ടു മാസം മുൻപേ അടിപ്പാത  തുറക്കാനായത് വലിയ നേട്ടമാണെന്ന് നിർമാണ ചുമതലയുള്ള എൻജിനീയർ അഹമ്മദ് അലി അൽ ഇമാദി പറഞ്ഞു. ഇതോടെ ഇന്റർചേഞ്ചിലെ 80 ശതമാനം ജോലികളും പൂർത്തിയായി. അൽതുമാമ, പഴയ വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നു ദോഹ എക്സ്പ്രസ് വേയിലേക്കുള്ളവർക്ക് ഇനി വഴിമാറാതെ തന്നെ സുഗമമായി പോകാം. മിസൈമിറിലേക്ക് ത്രിതല ഇന്റർചേഞ്ച് ആണ്. ആകെ 6.1 കി.മീ നീളമുള്വ ഇന്റർചേഞ്ചിൽ ഓരോ ദിശയിലും  3-4 വരികളുണ്ടാകും ഇരുദിശകളിലേക്കുമായി മണിക്കൂറിൽ  20,000 വാഹനങ്ങൾക്കു പോകാം. രണ്ട് പ്രധാന പാലങ്ങളും ഇന്റർചേഞ്ചിന്റെ ഭാഗമാണ്.

റൗദത്ത് അൽ ഖെയ്ൽ സ്ട്രീറ്റിനെയും ഇൻഡസ്ട്രിയൽ ഏരിയ റോഡിനെയും ഇരു ദിശകളിലേക്കും ബന്ധിപ്പിക്കുന്നതാണ് ഒന്ന്. ഇ-റിങ് റോഡിനെ ദോഹ അതിവേഗ പാതയുടെ തെക്കു ഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് മറ്റൊന്ന്. എല്ലാ ദിശകളിലും ഗതാഗതം സുഗമമാക്കാൻ ഈ രണ്ടു പാലങ്ങൾക്കു കഴിയും. കാൽനടക്കാർക്കും, സൈക്കിൾ സഞ്ചാരികൾക്കുമായി  മൂന്നു പാലം ഉൾപ്പെടെ 23 കി.മീ. നീളത്തിൽ പ്രത്യേക വരിയുമുണ്ട്.

6 റോഡുകളെ ബന്ധിപ്പിക്കും മിസൈമിർ

6 പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്നതിനാൽ ഹെക്സഗണൽ ഇന്റർചേഞ്ച് എന്നും മിസൈമിർ ഇന്റർചേഞ്ചിനു പേരുണ്ട്. ഇ-റിങ് ദോഹ അതിവേഗ പാത, ദോഹ എക്സ്പ്രസ് ഹൈവേയുടെ തെക്കുഭാഗം, സബാഹ് അൽ അഹമ്മദ് ഇടനാഴി, ഇൻഡസ്ട്രിയൽ ഏരിയ റോഡ്, റൗദത്ത് അൽഖെയ്ൽ സ്ട്രീറ്റ് എന്നിവയാണ് ഈ 6 പാതകൾ. ഖത്തറിന്റെ തെക്ക്, മധ്യ, വടക്കൻ മേഖലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന ലിങ്ക് കൂടിയാണ് മിസൈമിർ ഇന്റർചേഞ്ച്. അൽ തുമാമയിലെ ഫിഫ ലോകകപ്പ് സ്റ്റേഡിയത്തിലേക്കു  മൂന്നു കാൽനടപ്പാലങ്ങളിലൂടെ കാണികൾക്കു സുഗമമായെത്താം. മെഡിക്കൽ കമ്മിഷൻ, കാലാവസ്ഥ വകുപ്പ്, വിവിധ സ്‌കൂളുകൾ, ഹെൽത്ത് സെന്ററുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലേക്കെത്താനും എളുപ്പമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com