ADVERTISEMENT

ദോഹ ∙ പ്രവാസികൾക്കുള്ള ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ പതിനായിരത്തോളം പേർ ചേർന്നതായി അധികൃതർ. പ്രവാസി കുടുംബങ്ങൾ, സംഘടനകൾ, കമ്പനി ജീവനക്കാർ  എന്നിവരെല്ലാം പോളിസി എടുത്തവരിൽ ഉൾപ്പെടുന്നു. 18 വയസ്സ് പൂർത്തിയായ, ഖത്തർ ഐഡിയുള്ള മുഴുവൻ ഇന്ത്യക്കാർക്കുമായി ദമാൻ ഇസ്‌ലാമിക് ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് ജനുവരി ആദ്യവാരമാണ് ഐസിബിഎഫ് പദ്ധതി ആരംഭിച്ചത്. 

ഇന്ത്യൻ സംഘടനകൾ, കമ്പനികൾ എന്നിവരിൽ നിന്നെല്ലാം മികച്ച പ്രതികരണമാണ് പോളിസിക്ക് ലഭിക്കുന്നതെന്ന് ഐസിബിഎഫ് ഡവലപ്‌മെന്റ് മേധാവി ജൂട്ടാസ് പോൾ പറഞ്ഞു. പോളിസിയുടെ പ്രാധാന്യത്തെക്കുറിച്ച്  പ്രവാസി സംഘടനകൾക്കും കമ്പനികൾക്കും ബോധവൽക്കരണ സെമിനാർ നടത്തുന്നുണ്ട്. ഒട്ടേറെ പ്രവാസി സംഘടനകളും കമ്പനികളും അംഗങ്ങളെ പോളിസിയിൽ ചേർക്കാൻ പ്രവർത്തിക്കുന്നുണ്ട്. കമ്പനികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ ആവശ്യപ്രകാരം കമ്പനികളിൽ നേരിട്ട് ചെന്ന് പോളിസിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ടെന്ന് പദ്ധതി സബ്കമ്മിറ്റി മേധാവി കൂടിയായ ജൂട്ടാസ് പോൾ പറഞ്ഞു.
   
125 റിയാൽ അടച്ച് പോളിസി എടുക്കാം

ഒറ്റത്തവണ 125 റിയാൽ അടച്ചാൽ 2 വർഷത്തെ കാലാവധിയുള്ള വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പോളിസി ലഭിക്കും. 95 വയസ്സാണ് പരിധി. പദ്ധതിയിൽ അംഗമാകുന്ന തീയതി മുതൽ പോളിസി പ്രാബല്യത്തിലാകും. 100,000 റിയാൽ ആണ് പോളിസി തുക. സ്വാഭാവിക മരണം, രോഗം, അപകടങ്ങൾ ഉൾപ്പെടെ ഏത് കാരണങ്ങൾ കൊണ്ടുള്ള മരണം,  സ്ഥിരവും പൂർണ തോതിലുമുള്ള അംഗവൈകല്യം, സ്ഥിരവും ഭാഗികവുമായ അംഗവൈകല്യം എന്നിവയാണ് പോളിസിയുടെ പരിധിയിൽ ഉൾപ്പെടുക. പദ്ധതിയിൽ അംഗമായ ഒരാൾക്ക് ഖത്തറിനുള്ളിൽ മാത്രമല്ല ലോകത്ത് എവിടെവച്ചും  അപകടമോ മരണമോ സംഭവിച്ചാലും നോമിനിക്ക് ഇൻഷുറൻസ് തുക ലഭിക്കും. ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ വച്ചാണ് അംഗം മരിക്കുന്നങ്കിൽ  അവിടുത്തെ പ്രാദേശിക അതോറിറ്റിയുടെ മരണ സർട്ടിഫിക്കറ്റ് വാങ്ങി ഖത്തറിലെ ഇന്ത്യൻ എംബസിയിൽ  അറ്റസ്റ്റ് ചെയ്ത് ഹാജരാക്കിയാൽ മതി.

അപേക്ഷ ഓൺലൈനിലും

അപേക്ഷാ ഫോറം ഐസിബിഎഫ് ഫെയ്സ്ബുക്ക് പേജിലും http://icbfqatar.org വെബ്‌സൈറ്റിലുമുണ്ട്. പാസ്‌പോർട്ടിന്റെയും ഖത്തർ ഐഡിയുടേയും പകർപ്പ് സഹിതം അപേക്ഷിക്കണം.  ഇന്ത്യൻ എംബസിയിലെ ഐസിബിഎഫ് ഓഫിസിൽ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഐസിബിഎഫിന്റെ തുമാമയിലെ ഓഫിസിൽ  ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ട് വരെയും ഞായറാഴ്ചകളിൽ വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയും അപേക്ഷകൾ സ്വീകരിക്കും.
 കൂടുതൽ വിവരങ്ങൾക്ക് 55745265 (ജൂട്ടാസ് പോൾ), 44 67 0060, 77981614.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com