ADVERTISEMENT

അബുദാബി ∙ തൊഴിലാളി ക്യാംപിനോടു ചേർന്നുള്ള സ്ഥലം വിലയ്ക്കു വാങ്ങി പച്ചക്കറികൾ ഉൽപാദിപ്പിച്ചു തൊഴിലാളികൾക്കു സൗജന്യമായി നൽകുന്ന വ്യക്തിയെ പരിചയപ്പെടാം. ബിസിനസ് തിരക്കിനിടയിലും കൃഷിയെ നെഞ്ചോട് ചേർക്കുന്ന  വ്യവസായ പ്രമുഖൻ ഇസ്മായിൽ റാവുത്തറാണ് അജ്മാനിൽ ഹരിത വിപ്ലവത്തിന്റെ പുതിയ മാതൃകയാകുന്നത്. മൂവാറ്റുപുഴ ആയവനയിലെ കർഷക കുടുംബത്തിൽ കക്കുറുഞ്ഞിയിൽ അബ്ദുൽ ഖാദറിന്റെ  മകനായ ഇസ്മായിൽ റാവുത്തർ രക്തത്തിൽ അലിഞ്ഞു ചേർന്ന കൃഷിയെ കടൽ കടന്നപ്പോഴും കൂടെ കൂട്ടുകയായിരുന്നു.

ബിസിനസ്  തിരക്കിനിടയിലും ഒഴിവുവേളകൾ കൃഷിക്കും വായനയ്ക്കുമായാണു നീക്കി വയ്ക്കുന്നത്. താമസ സ്ഥലത്ത് തക്കാളി മുതൽ ഈന്തപ്പഴം വരെ ഉൽപാദിപ്പിക്കുന്നതിനു പുറമേയാണ് കൃഷിക്കായി മാത്രം പ്രത്യേക സ്ഥലം വാങ്ങി പച്ചക്കറികളുണ്ടാക്കി അർഹതപ്പെട്ടവർക്കു ദാനം ചെയ്യുന്നത്. പരിസരത്തുള്ള തൊഴിലാളികൾക്ക് കറിവയ്ക്കാനാവശ്യമായ പച്ചക്കറികൾ ഇവിടെ നിന്നു പറിച്ചെടുക്കാം. നാലിനം തക്കാളി, 3 ഇനം വഴുതനങ്ങ, കാന്താരി, അഞ്ഞാടി മുളക്, ബജി മുളക്, ഉണ്ട മുളക് തുടങ്ങി 5 ഇനം പച്ചമുളക്, വെണ്ട, ചീര, കാബേജ്, കോളിഫ്ലവർ, മല്ലിച്ചപ്പ്, പുതിന, സവോള, കറിവേപ്പില, 4 ഇനം ഈന്തപ്പഴം, മുരിങ്ങ എന്നിവയ്ക്കു പുറമേ പനിക്കൂർക്ക, തുളസി  എന്നീ ഔഷധ ചെടികളുമാണു നിലവിലുള്ളത്. അജ്മാനിൽ വീട് നിൽക്കുന്ന സ്ഥലത്ത് 3 മീറ്റർ വീതമുള്ള വശങ്ങളിലും പിറകിലും ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ പച്ചക്കറികളും ചെടികളും പൂക്കളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

സീസൺ മാറുന്നതിന് അനുസരിച്ച് പച്ചക്കറികളും പൂക്കളും മാറി വരും ഇവിടെ. എന്നാൽ കൃഷിക്കായി വാങ്ങിയ ഭൂമിയിൽ കൃഷി മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഇസ്മായിൽ റാവുത്തർ പറഞ്ഞു. അന്യംനിന്നു പോകുന്ന ഔഷധച്ചെടികളെ സംരക്ഷിക്കാനും അവയെകുറിച്ചുള്ള അറിവുകൾ വരുംതലമുറയ്ക്കു പകർന്നു കൊടുക്കാനുമായി  എറണാകുളം ജില്ലയിലെ വാരപ്പെട്ടിയിൽ 200 ഔഷധച്ചെടികൾ നട്ടുപിടിപ്പിച്ച് സജ്ജമാക്കിയും നാടിന്റെ പൈതൃകം ഇദ്ദേഹം കാത്തു സൂക്ഷിക്കുന്ന‌ു. അജ്മാൻ ആസ്ഥാനമായുള്ള ഫൈൻ ഫെയർ ഗ്രൂപ്പിന്റെ  ചെയർമാനും ലോക കേരള സഭാംഗവും നോർക്കയുടെ മുൻ ഡയറക്ടറും കൂടിയായ ഇസ്മായിൽ റാവുത്തർക്ക് എൻജിനീയറിങിൽ ബിരുദവും എംബിഎയും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നും റീട്ടെയിൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവുമുണ്ട്.

ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റ്, പൈനാപ്പിൾ മിഷൻ, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ കേരള കൺസൾട്ടേറ്റിവ് കമ്മിറ്റി എന്നിവയുടെ അംഗവും  കർഷക സംരക്ഷണ സമിതി ഉൾപ്പെടെ നാട്ടിലും ഗൾഫിലുമായി വിവിധ സംഘടനകളുടെ രക്ഷാധികാരിയും കൂടിയാണ്. 2011ൽ സംസ്ഥാന സർക്കാരിന്റെ  പൈനാപ്പിൾ ശ്രീ അവാർഡ്, ബിസിനസ് എക്സലൻസ് അവാർഡ്, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, 2019ൽ വാരപ്പെട്ടി പഞ്ചായത്തിന്റെ ഹരിത കർഷകനുള്ള അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി.

പുതിയ പദ്ധതി

ആയവനയിലെ 2 ഏക്കറിൽ ലോകത്തെ ഒട്ടുമിക്ക പഴങ്ങളും ഉൽപാദിപ്പിക്കുകയാണ് അടുത്ത പദ്ധതി. വിവിധ കാലാവസ്ഥയിൽ വളരുന്ന പഴങ്ങൾക്ക് അതത് പരിസ്ഥിതിയും ജൈവവൈവിധ്യവും സൃഷ്ടിച്ചുള്ള ശ്രമകരമായ ദൗത്യമാണിതെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com