ADVERTISEMENT

ദുബായ്∙ വലിച്ചുവാരിതിന്ന് എങ്ങനെയും വയറു നിറയ്ക്കുക എന്ന രീതിയിൽ നിന്ന് ആരോഗ്യദായകമായ ആഹാരം കഴിച്ച് രോഗമില്ലാതാക്കുകഎന്ന ചിന്തയിലേക്കു പുതിയ തലമുറ മാറുന്നതിന്റെ പ്രതിഫലനം ഗൾഫുഡിലും. ഹെൽത്തി ഫുഡ് എന്ന ചിന്തയിലേക്കു ലോകം മാറുകയാണെന്ന് ഗൾഫുഡിൽ വിവിധ ചർച്ചകളിലും മറ്റും പങ്കെടുക്കുന്ന പ്രമുഖരും വിലയിരുത്തുന്നു. സസ്യങ്ങളിൽ നിന്ന് വികസിപ്പിച്ചെടുക്കുന്ന ബർഗറും നഗ്ഗെറ്റ്സുമെല്ലാം ഗൾഫുഡിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കമ്പനികളും ഇങ്ങനെയുള്ള ആഹാരത്തെക്കുറിച്ച് അറിയാൻ കൂടുതൽ താൽപര്യം കാണിക്കുന്നുണ്ടെന്ന് വിവിധ സ്റ്റാളുകളിലെ വ്യക്തികളും വെളിപ്പെടുത്തുന്നു. യുഎഇയിലെ തങ്ങളുടെ ഉപഭോക്താക്കളിൽ 40% പേർ സസ്യാഹാരം ശീലമാക്കാൻ തയാറായതായി ഹെൽത്തി ഫാംസ് എന്ന കമ്പനി പറയുന്നു. വീഗൻ ഫുഡിന് പ്രിയമേറുന്നതായാണ് അവരുടെ വിലയിരുത്തൽ. കേരളത്തിലും ഇറച്ചിയെ അപേക്ഷിച്ച് മത്സ്യം കഴിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നു ഫ്രെഷ് ടു ഹോം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മാത്യു ജോസഫും ചൂണ്ടിക്കാട്ടി.

സസ്യ ബർഗർ

ചിക്കനും മട്ടനും കീഴടക്കിയിരുന്ന ബർഗർ, നഗ്ഗറ്റ്സ് മേഖലയിലേക്ക് സസ്യ ചേരുവയുള്ള ബർഗറും നഗ്ഗറ്റ്സും കബാബും കൊണ്ടാണു ഹെൽത്തി ഫാംസ് ഗൾഫുഡിൽ എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ജിസിസിയിൽ ഇതുപോലൊരു ഉൽപന്നമെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിൽ നിന്ന് കുറെ അന്വേഷണങ്ങൾ വന്നിട്ടുണ്ടെന്നും താമസിയാതെ അവിടെയും ഉൽപന്നങ്ങൾ എത്തിക്കുമെന്നും സിഇഒ ജസീക്ക പ്ലീവ പറഞ്ഞു. ഇവയിൽ ഇറച്ചി കൊണ്ടുണ്ടാക്കുന്ന ഉൽപന്നങ്ങളേക്കാൾ 30% പ്രോട്ടീനും 90% നാരും കൂടുതലാണെന്ന് അധികൃതർ ഉറപ്പ് പറയുന്നു. യുഎഇയിൽ പ്രതിവർഷം ശരാശരി ഒരാൾ 79 കിലോ ഇറച്ചി ഭക്ഷിക്കുന്നു. കൊഴുപ്പും കൊളസ്ട്രോളും കൂടുതലായതിനാൽ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. ഇതിന് ബദൽ മാർഗം എന്ന നിലയിലാണു സസ്യഘടകങ്ങൾ ഏറെ ചേർത്ത ബർഗറും നഗ്ഗറ്റ്സും കബാബുകളും കമ്പനി ഉൽപാദിപ്പിക്കുന്നതെന്ന് ഹെൽത്തി ഫാംസ് അധികൃതർ പറഞ്ഞു.
 
അമേരിക്കൻ മധുരക്കിഴങ്ങ്

നല്ല സ്വയമ്പൻ മധുരക്കിഴങ്ങുമായാണ് അമേരിക്കയിലെ നോർത്ത് കരോലീനയിൽ നിന്നുള്ള ഫാം ഫ്രഷ് എത്തിയിരിക്കുന്നത് . മറ്റ് കമ്പനികൾ മൂല്യവർധിത ഉൽപന്നങ്ങളുമായി എത്തിയപ്പോൾ കൃഷിയിടത്തിൽ നിന്നു വിളവെടുത്ത് മധുരക്കിഴക്ക് അതേ രീതിയിൽ കൊണ്ടു വന്നിരിക്കുകയാണ്. ഇരുപതിനായിരം കിലോ കിഴങ്ങാണ് ഒരു മാസം തങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതെന്നു യൂറോപ്യൻ-മിഡിൽ ഈസ്റ്റ് സെയിൽസ് മാനേജരായ കാർല ബെലാൻഡ്രിയ പറഞ്ഞു. കോവിങ്ടൺ എന്ന ഇനമാണിത്. തന്നെ ഏറെ ആകർഷിച്ചതും ഈ സ്റ്റാളാണെന്നും നമ്മുടെ നാട്ടിലെ കാച്ചിലും മറ്റും ഇതുപോലെ മാർക്കറ്റ് ചെയ്യാൻ നമുക്ക് കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു പോയെന്നും ഫ്രഷ് ടു ഹോം സിഒഒ മാത്യു ജോസഫ് പറഞ്ഞു. ഗൾഫുഡിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹം. നമ്മുടെ കാച്ചിലും ചേമ്പും കഴിച്ചാൽ കിട്ടുന്ന രുചി ഈ കിഴങ്ങിനില്ല. പക്ഷേ അമേരിക്കകാർ അവരുടെ ഉൽപന്നം ഭംഗിയായി മാർക്കറ്റ് ചെയ്യുന്നു. മൂല്യവർധനയൊന്നും വരുത്താതെ നേരെ കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ലക്ഷങ്ങൾ മുടക്കി ആളുകളെ കേരളത്തിലേക്ക് കൊണ്ടു വന്ന് ഒരോന്നു ചെയ്യുന്നതിനേക്കാൾ നമ്മുടെ ഉൽപന്നങ്ങൾ ഇതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മാർക്കറ്റ് ചെയ്യാൻ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ മൽസ്യം ഇതുപോലെ മാർക്കറ്റ് ചെയ്തപ്പോൾ ലഭിച്ച നല്ല പ്രതികരണം മനസ്സിലാക്കിയതു കൊണ്ടാണ് ഇതു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ ലോകത്തിന്റെ സാധ്യത ഇങ്ങനെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ചക്കയും സ്റ്റാർ

കേരളത്തിന്റെ ചക്ക മഹാത്മ്യം ഗൾഫുഡിലും എത്തിക്കുകയാണ് ഈസ്റ്റേൺ ജാക്ക് ഫ്രൂട് 365. പ്രമേഹം, കൊളസ്ട്രോൾ, കാൻസർ ചികിത്സയുടെ ഭാഗമായുള്ള കീമോ തെറാപ്പിയുടെ ദൂഷ്യഫലങ്ങൾ ഇവയെല്ലാം അകറ്റാൻ പച്ചച്ചക്കയുടെ പൊടിയായ ജാക്ക് ഫ്രൂട് 365ന് കഴിയുമെന്ന് പരീക്ഷണത്തിലൂടെ തെളിഞ്ഞതാണെന്നും ഇതിന് വൻ പ്രതികരണമാണ് ലഭിക്കുന്നതെന്നും ജാക്ക് ഫ്രൂട് 365 സ്ഥാപകനായ ജെയിംസ് ജോസഫ് ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com