ADVERTISEMENT
ദോഹ ∙ ഖത്തറിന്റെ ആധുനിക നഗരമെന്ന് വിശേഷിപ്പിക്കുന്ന ലുസെയ്ൽ സിറ്റിയുടെ നിർമാണം അന്തിമഘട്ടത്തിൽ. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം 95 % പൂർത്തിയായി. 38 ചതുരശ്ര കിലോമീറ്ററിലാണ് ലുസെയ്ൽ നഗരം നിർമിക്കുന്നത്. നഗരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും പൂർത്തിയായ മുറയ്ക്ക് പ്രവർത്തനം തുടങ്ങിയിരുന്നു. ജബൽ തുലെയ്ബ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ജനസാന്നിധ്യമേറിയെന്ന് പദ്ധതി നിർമാതാക്കളായ ഖത്തരി ദയാർ റിയൽ എസ്റ്റേറ്റ് കമ്പനി അധികൃതർ വ്യക്തമാക്കി. കഹ്‌റാമയുടെ തർഷീദ് കാർണിവലിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കമ്പനി സിഇഒ എൻജിനീയർ അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയ്യ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടേതാണ് ദയാർ.

പരിസ്ഥിതി സൗഹൃദം

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട് നഗരങ്ങളിലൊന്നാണ് ലുസെയ്ൽ നഗരം. പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ പരിസ്ഥിതി സുസ്ഥിരതയും ഊർജ കാര്യക്ഷമതയും ഉറപ്പാക്കിയുള്ള നിർമാണങ്ങളും സംവിധാനങ്ങളുമാണ് നഗരത്തിലുള്ളത്. വൻകിട ബ്രാൻഡുകളുടെ ആഡംബര വില്ലകളും റിസോർട്ടുകളും ഹോട്ടലുകളും വിനോദ, കായിക സൗകര്യങ്ങളുമെല്ലാമുണ്ട്. 2022 ലോകകപ്പ് ഉദ്ഘാടന, ഫൈനൽ മത്സരങ്ങളുടെ വേദിയായ ലുസെയ്ൽ സ്റ്റേഡിയമാണ് നഗരത്തിന്റെ പ്രധാന ആകർഷണം. വാണിജ്യ സ്ട്രീറ്റുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റോഡുകൾ തുടങ്ങിയവയെല്ലാം വരും നാളുകളിൽ ഉദ്ഘാടനം ചെയ്യും.

സവിശേഷതകൾ

ദോഹ നഗരത്തിന്റെ വടക്ക് അൽ ദായീൻ നഗരസഭയിലാണ് നഗരം. 4,50,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള നഗരത്തിൽ 2,00,000 പേർക്കുള്ള താമസ സൗകര്യമുണ്ട്. 4,500 കോടി യുഎസ് ഡോളർ ചെലവിട്ട് നിർമിക്കുന്ന ലുസെയ്ൽ നഗരത്തിൽ  കത്താറ ടവറുകൾ, ലുസെയ്ൽ പ്ലാസ, അൽ ഖരായജ് ടവർ തുടങ്ങി ഡിസൈൻ സവിശേഷതയിൽ ആകർഷണങ്ങളായ ഒട്ടേറെ ടവറുകളുമുണ്ട്. ലുസെയ്ൽ നഗരവാസികൾക്കായി പൊതുമേഖലാ സ്ഥാപനമായ അൽമീര കൺസ്യൂമർ ഗുഡ്‌സ് കമ്പനിയുടെ 2 ശാഖകൾ അടുത്ത വർഷം തുറക്കും. 2 ഇന്ധന സ്‌റ്റേഷനുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മരീന ലുസെയ്‌ലിൽ പുതിയ പള്ളിയും തുറക്കും. നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

എ-വൺ റോഡ് തുറന്നു

ദോഹ∙ ലുസെയ്ൽ നഗരത്തിലെ എ-വൺ റോഡ് ഗതാഗതത്തിനായി തുറന്നു. ലുസെയ്ൽ എക്സ്പ്രസ് വേ മുതൽ അൽഖോർ റോഡ് വരെയുള്ള തെക്ക് -വടക്ക് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 10.3 കിലോമീറ്റർ റോഡ് ആണ് തുറന്നത്. 1.2 കിലോമീറ്റർ തുരങ്ക പാത, 9.6 കിലോമീറ്റർ കാൽനട, ബൈക്ക് പാതയും ഉണ്ട്. 5, 800 ഓളം പന ഉൾപ്പെടെയുള്ള മരങ്ങളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. റോഡിന്റെ സൗന്ദര്യവൽക്കരണ നടപടികൾ വർഷാവസാനത്തോടെ പൂർത്തിയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com