ADVERTISEMENT

ദുബായ് ∙ ഫുജൈറ തീരത്ത് ലോകത്തെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റ് മേഖലയൊരുക്കാനുള്ള പദ്ധതിക്കു തുടക്കം. കിഴക്കൻ തീരത്ത് 3 ലക്ഷം ചതുരശ്രമീറ്ററിലാണു പവിഴപ്പുറ്റ് മേഖലയൊരുങ്ങുക. കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച പദ്ധതിയുടെ തുടർനടപടിക്രമങ്ങൾ ആരംഭിച്ചു. അതീവ ശ്രമകരമായ പദ്ധതി 10 കൊല്ലം കൊണ്ടു പൂർത്തിയാക്കുകയാണു ലക്ഷ്യം.

ലോകമെങ്ങും പവിഴപ്പുറ്റു മേഖലകൾ വൻതോതിൽ നശിക്കുകയും മത്സ്യങ്ങളടക്കമുള്ള കടൽജീവികളുടെ ആവാസവ്യവസ്ഥയ്ക്കു വെല്ലുവിളി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒമാനും ഇത്തരം പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്. ഫ്ലോറിഡ കീസ് നാഷനൽ സാൻക്ച്വറിയുമായി സഹകരിച്ച് യുഎഇ പരിസ്ഥിതി-കാലാവസ്ഥാ മാറ്റ മന്ത്രാലയമാണു പദ്ധതി നടപ്പാക്കുന്നത്. അവിടെനിന്നുള്ള ശാസ്ത്രസംഘം ഫുജൈറയിലെത്തി പ്രാരംഭ നടപടികൾക്കു തുടക്കം കുറിച്ചു. ഫുജൈറ തീരത്തെ പവിഴപ്പുറ്റു മേഖലയിൽ മുങ്ങൽവിദഗ്ധർ പരിശോധന നടത്തി.

പദ്ധതിക്കു വൻസാധ്യതയാണുള്ളതെന്നു ശാസ്ത്രസംഘം വിലയിരുത്തി. പവിഴപ്പുറ്റുകൾ പാകുകയും വേഗം വളരാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുകയും ചെയ്യുമെന്നു ഫ്ലോറിഡ സംഘത്തിലെ ശാസ്ത്രജ്ഞ ആൻഡി ബ്രക്നർ പറഞ്ഞു. വളരെ പതുക്കെയാണു ഇവയുെട വളർച്ച. ഒട്ടേറെ വർഷങ്ങൾ വേണ്ടിവരുന്ന പ്രക്രിയ ചുരുങ്ങിയ കാലത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്നും വ്യക്തമാക്കി.

പവിഴപ്പുറ്റുകളില്ലെങ്കിൽ

മത്സ്യങ്ങളടക്കമുള്ള ജലജീവികളുടെ സുരക്ഷിത ആവാസമേഖലയാണ് പവിഴപ്പുറ്റുകൾ. മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള ഏറ്റവും ശാസ്ത്രീയമായ പദ്ധതികളിലൊന്നാണിത്. പവിഴപ്പുറ്റുകള്‍ക്ക് ഇടയിലേക്കു വലിയ മത്സ്യങ്ങൾക്കും ശത്രു ജീവികള്‍ക്കും കടന്നുവരാനാവില്ല. മുട്ടയിടാനും കുഞ്ഞുങ്ങളെ വളര്‍ത്താനും സുരക്ഷിതകേന്ദ്രമായതിനാല്‍ പല അപൂർവയിനം മത്സ്യങ്ങളും ഇവിടെ താവളമാക്കുന്നു. മീനുകള്‍ക്കു പുറമേ ചിപ്പിവര്‍ഗത്തില്‍പ്പെട്ട ജീവികള്‍, ഞണ്ടുകള്‍, ചെമ്മീന്‍, അപൂര്‍വ സസ്യങ്ങള്‍ തുടങ്ങിയവ പവിഴപ്പുറ്റുമേഖലയിലുണ്ടാകും. തീരസംരക്ഷണത്തിനും പവിഴപ്പുറ്റുകള്‍ സഹായകമാണ്. കടലിലെ മഴക്കാട് എന്നാണ് പവിഴപ്പുറ്റു മേഖലകള്‍ അറിയപ്പെടുന്നത്. കൂറ്റന്‍ കടല്‍ത്തിരകളെ കോട്ടപോലെ ചെറുക്കാന്‍ കഴിയുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. വിശാല കടല്‍ത്തീരമുള്ള രാജ്യങ്ങള്‍ക്ക് പവിഴപ്പുറ്റ് സംരക്ഷണ ഭിത്തിയാണ്. തീരദേശമേഖലയുെട സൗന്ദര്യം കൂട്ടുകയും ചെയ്യുന്നു. വിനോദസഞ്ചാരമേഖലയുെട വളർച്ചയ്ക്കും ഇവ വലിയ പങ്കുവഹിക്കുന്നു. കൃത്രിമ പവിഴപ്പുറ്റ് മേഖല ഒരുങ്ങുന്നതോടെ വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങൾ ഉൾപ്പെടെ തീരത്തു മടങ്ങിയെത്തും. കൃത്രിമമായി മത്സ്യങ്ങളെ വളർത്താനുമാകും. മത്സ്യോത്പാദനം കൂടുന്നത് സമ്പദ് വ്യവസ്ഥയ്ക്കു നേട്ടമാകും.

നശിക്കുന്നതെങ്ങനെ

ലോകരാജ്യങ്ങളുടെ ആശങ്ക വളർത്തി പവിഴപ്പുറ്റ് മേഖലകൾ വ്യാപകമായി നശിക്കുകയാണ്. മനുഷ്യരുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, ആഗോളതാപനം എന്നിവയാണു പ്രധാന കാരണങ്ങൾ. കടല്‍വെള്ളത്തിന്റെ ചൂടുകൂടുന്നത് പവിഴപ്പുറ്റുകളെ കൊല്ലുന്നു. കടലിനടിയിൽ പലനിറങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പവിഴപ്പുറ്റുകളുടെ നിലനിൽപ്പിന് 'സൂസെൻതെലായ്' എന്ന പ്രത്യേകതരം ആൽഗകൾ ആശ്യമാണ്. പവിഴപ്പുറ്റുകൾക്കുള്ളിൽ ഇവ പറ്റിപ്പിടിച്ചു ജീവിക്കുന്നു. പവിഴപ്പുറ്റുകൾക്ക് വർണങ്ങൾ നൽകുന്നതും ഇവയാണ്. പകരം ആൽഗയ്ക്ക് സംരക്ഷണവും പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ ഘടകങ്ങളും പവിഴപ്പുറ്റുകൾ നൽകുന്നു. പ്രകാശസംശ്ലേഷണത്തിൽ ഓക്സിജനും ഗ്ലൂക്കോസും അമിനോ ആസിഡുമെല്ലാം ഉൽപാദിപ്പിക്കപ്പെടുന്നു. ഇവ പവിഴപ്പുറ്റുകളുടെ വളർച്ചയ്ക്ക് അനിവാര്യമാണ്. പുറ്റുകളിലെ മാലിന്യങ്ങൾ നീക്കുന്നതും ആൽഗയാണ്. സമുദ്രജലത്തിന്റെ ചൂട് ക്രമാതീതമായി കൂടുമ്പോൾ ആൽഗകൾ പുറ്റുകൾ ഉപേക്ഷിക്കും. ഈ അവസ്ഥയെ ബ്ലീച്ചിങ് എന്നു പറയുന്നു. ആൽഗകൾ ഇല്ലാതെ പവിഴപ്പുറ്റുകളുടെ നിറംകെട്ട് നശിച്ചുപോകുന്നു. അതോടെ പതിനായിരക്കണക്കിനു ജീവജാലങ്ങൾക്ക് വാസസ്ഥലം നഷ്ടമാകുന്നു. മലിനീകരണം കാരണം കടലിന്റെ അംമ്ല-ക്ഷാര സന്തുലനം നഷ്ടമാകുന്നതും പവിഴപ്പുറ്റുകൾക്കു ഭീഷണിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com