ADVERTISEMENT

കുവൈത്ത് സിറ്റി ∙ സംഗീത സംവിധായകൻ എം‌.എസ്. ബാബുരാജിനു വേറിട്ട ആദരവുമായി കോഴിക്കോട് ജില്ലാ എൻ‌ആ‍ർ‌ഐ അസോസിയേഷന്റെ (കെഡി‌എൻ‌എ) മലബാർ മഹോത്സവം. ബാബുരാജ് സംഗീതം നൽകിയ ഗാനങ്ങൾക്കു മുപ്പതിലേറെ കലാകാരന്മാർ ദൃശ്യാവിഷ്കാരം നൽകിയപ്പോൾ നൃത്തവും ഒപ്പനയും തിരുവാതിരയുമൊക്കെയായി അവ അരങ്ങിലെത്തി. മഹോത്സവ നഗരിയിലെ വേദിയിൽ പ്രകാശനം ചെയ്ത വാർഷിക സുവനീറും ബാബുരാജിനുള്ള സമർപ്പണമായി.

പതിവ് സുവനീർ ചേരുവകളിൽനിന്ന് ഭിന്നമായി ജി.ദേവരാജൻ, കൽ‌പറ്റ നാരായണൻ, വി.ആർ.സുധീഷ്,വി.ടി.മുരളി,റോസ് മേരി തുടങ്ങി മുപ്പതോളം പ്രശസ്തർ ബാബുരാജിനെക്കുറിച്ചെഴുതിയ ലേഖനങ്ങളുള്ളതാണു സുവനീർ - `ഹൃദയ ഹാർമോണിയം`. മലബാർ മഹോത്സവം ഉദ്ഘാടനവും സുവനീർ പ്രകാശനവും സംവിധായകൻ രഞ്ജിത് നിർവഹിച്ചു.

കെ‌ഡി‌എൻ‌എ പ്രസിഡന്റ് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഫർവാനിയ ഗവർണറേറ്റ് പൊലീസ് കമാൻഡർ സലാഹ് അൽ ദ‌ആസ്, സത്യൻ വരൂണ്ട, കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, ജോൺ സൈമൺ, സുബൈർ മുസല്യാരകത്ത്, എം.എം.സുബൈർ, ലീന റഹ്‌മാൻ, സന്തോഷ് പുനത്തിൽ എന്നിവർ പ്രസംഗിച്ചു. സാലഡ് നിർമാണത്തിൽ വിജയികളായ ജാസ്മിന് അഫ്സൽ ഖാനും സാജിദ ഖാലിദിന് അമലും ആസിയക്ക് കളത്തിൽ അബ്ദുറഹ്‌മാനും സമ്മാനം നൽകി. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. ഗാനമേളയും ഹാസ്യപരിപാടികളും അരങ്ങേറി.

നല്ലതൊന്നും നാട്ടിൽ ബാക്കിയില്ല: രഞ്ജിത്

കുവൈത്ത് സിറ്റി ∙ പ്രവാസികൾക്ക് തിരിച്ചെത്തണമെന്ന് ആശിക്കാൻ മാത്രം നല്ലതൊന്നും നാട്ടിൽ ബാക്കിയില്ലെന്ന് സംവിധായകൻ രഞ്ജിത്. പ്രവാസ ലോകത്താണെങ്കിൽ മനസ്സമാധാനത്തോടെ കഴിയാമെന്ന വസ്തുതയെങ്കിലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചേക്കേറാൻ മറ്റൊരു നാട് കണ്ടുപിടിക്കാത്തത് കൊണ്ടുമാത്രമാണ് നാട്ടിലുള്ളവർ അവിടെ കഴിഞ്ഞുപോകുന്നത്. പ്രവാസം എന്ന വിശേഷണം പണ്ടുകാലത്ത് നൽകപ്പെട്ടതാണ്. ഇന്നിപ്പോൾ കാലവും സമയവും മാറി.അതിനാൽ പ്രവാസം എന്നതിന്റെ ആകുലതയ്ക്കൊന്നും പ്രസക്തി ഇല്ലാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com