ADVERTISEMENT

ദുബായ് ∙ എക്സ്പോ 2020 വേദിയിൽ യുഎഇയുടെ ദേശീയ വൃക്ഷത്തിന്റെ മാതൃകയിൽ ഇനോക് സർവീസ് സ്റ്റേഷൻ. പെട്രോളിനും ഡീസലിനും പുറമെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനവും ഇവിടെയുണ്ടാകും. ജൂണിൽ പ്രവർത്തനമാരംഭിക്കും.

കഴിഞ്ഞവർഷം ഓഗസ്റ്റിലാണു നിർമാണം തുടങ്ങിയത്. 40% പൂർത്തിയായി. രാജ്യാന്തര ഹരിതമാനദണ്ഡങ്ങൾ പാലിക്കുന്ന ലീഡ് ഗോൾഡ് സർട്ടിഫിക്കറ്റോടു കൂടിയ മേഖലയിലെ ആദ്യത്തെ സ്റ്റേഷനാണ് ഒരുങ്ങുന്നതെന്നു ഇനോക് ഗ്രൂപ് സിഇഒ: സെയ്ഫ് ഹുമൈദ് അൽ ഫലാസി പറഞ്ഞു.  പ്രതിദിനം 2,000 വാഹനങ്ങൾക്ക് 6 പമ്പുകൾ വഴി 80,000 ലീറ്റർ ഇന്ധനം നിറയ്ക്കാനാകും. 

ആദ്യഘട്ടത്തിൽ എക്സ്പോയുടെ ഔദ്യോഗിക വാഹനങ്ങൾക്കാകും സേവനം. എക്സ്പോയ്ക്കു ശേഷം എല്ലാ വാഹനങ്ങൾക്കും അനുവദിക്കും.  ഒക്ടോബർ 20 മുതൽ അടുത്തവർഷം ഏപ്രിൽ 10 വരെ നടക്കുന്ന എക്സ്പോയിൽ ഇന്ത്യയുൾപ്പെടെ 192 രാജ്യങ്ങളാണു പങ്കെടുക്കുന്നത്. 

ഊർജമേകാൻ സൂര്യൻ, കാറ്റ്

സൂര്യപ്രകാശത്തിൽ നിന്നും കാറ്റിൽ നിന്നും ഊർജം ഉൽപാദിപ്പിക്കുന്ന സാങ്കേതിക വിദ്യകൾ ഇവിടെയുണ്ടാകും. പൊടിക്കാറ്റിനെയും അമിത ചൂടിനെയും പ്രതിരോധിക്കുന്ന സോളർ പാനലുകളും കൂറ്റൻ വിൻഡ് ടർബൈനുകളും സ്ഥാപിക്കും. ഇതുവഴി ഊർജോപയോഗം 48% കുറയ്ക്കാനാകും. 

പൂർണമായും എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. വാഹനങ്ങൾ വന്നുപോകുന്നതിനനുസരിച്ച് ആവശ്യത്തിനുമാത്രം ലൈറ്റുകൾ ഉപയോഗിക്കുന്ന സംവിധാനമാണുള്ളത്. ഇതിനായി പ്രത്യേക സെൻസറുകൾ ഉണ്ടാകും. ജലോപയോഗവും നിയന്ത്രിക്കും. 

ചില്ലകളിൽ 'കുളിർ പന്തൽ'

മരച്ചില്ലകളിലെ പന്തൽ മാതൃകയിലാണു മേൽക്കൂര. കാർബൺ ഫൈബർ കൊണ്ടാണിതു നിർമിക്കുന്നത്. സ്റ്റീലിനെക്കാൾ 3 മടങ്ങ് കരുത്തും 5 മടങ്ങ് ഭാരക്കുറവുമുണ്ടാകും. 

അൾട്രാവയലറ്റ് സംരക്ഷണമുള്ള മേൽക്കൂരയിലൂടെ സൂര്യപ്രകാശം കടന്നുവരും. ചൂടുമുണ്ടാകില്ല. ഇന്ധനബാഷ്പീകരണം പരമാവധി കുറയ്ക്കുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com