ADVERTISEMENT

ദുബായ് ∙ എമിറേറ്റിൽ കെട്ടിട കരാറുകൾ പുതുക്കുമ്പോൾ അധിക നിരക്ക് ഈടാക്കുന്നതു അധികൃതർ വിലക്കി. റിയൽ എസ്റ്റേറ്റും കെട്ടിട മേഖലകളിലെ പ്രതിനിധികളും നിയമം പാലിക്കണമെന്ന് ദുബായ് കെട്ടിട വാടക തർക്കപരിഹാര സമിതി വ്യക്തമാക്കി. ഏതെങ്കിലും വിധത്തിലുള്ള സേവനങ്ങളുടെ പേരിലോ മറ്റോ വാടകയോടൊപ്പം അധിക നിരക്ക് ഈടാക്കുന്നത് നിയമ ലംഘനമാണ്. ഇതിനായി കെട്ടിട വാടക കരാറിൽ അനുബന്ധ കാര്യങ്ങൾ എഴുതി ചേർക്കാനും പാടില്ലെന്ന് അധികൃതർ അറിയിച്ചു.

വാടക കരാർ പുതുക്കുമ്പോൾ റിയൽ എസ്‌റ്റേറ്റ് കമ്പനികളും പാർപ്പിട കെട്ടിട പ്രതിനിധികളും അധിക നിരക്ക് ഈടാക്കുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിട വാടക കരാർ പുതുക്കൽ പ്രക്രിയകൾക്ക് മാത്രം 500 ദിർഹമാണ് ഒരു താമസക്കാരനോട് റിയൽ എസ്‌റ്റേറ്റ് കമ്പനി ആവശ്യപ്പെട്ടത്. ഇതിനെതിരെ താമസക്കാർ അധികൃതരെ സമീപിച്ചിരുന്നു. ചില റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ ആയിരം ദിർഹമാണ് അധികമായി ആവശ്യപ്പെട്ടത്. കെട്ടിടം മാറാൻ താമസക്കാർ താൽപര്യപ്പെടുന്നില്ലെന്ന സാഹചര്യം മുതലാക്കുകയാണ് റിയൽ എസ്റ്റേറ്റ് കമ്പനികളെന്നു താമസക്കാർ പരാതികളിൽ സൂചിപ്പിച്ചു. 

കെട്ടിട കരാറുകൾ പുതുക്കുമ്പോൾ അധിക നിരക്ക് ഈടാക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയിലെ കമ്പനികളുടെയും ചില വ്യക്തികളുടെയും പതിവായിട്ടുണ്ടെന്ന് ദുബായ് കെട്ടിട വാടക തർക്കപരിഹാര സെന്റർ തലവൻ ജഡ്ജി അബ്ദുൽ ഖാദിർ മൂസ പറഞ്ഞു. ‌കമ്മീഷനായോ അധിക നിരക്കായോ ഈടാക്കുന്നവർ കെട്ടിട കരാറിൽ അതു വ്യക്തമാക്കണം. എന്നാൽ, കരാർ രൂപപ്പെടുത്തുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ഈ തുക ഈടാക്കേണ്ടത്. ഓരോ തവണയും കരാർ പുതുക്കുമ്പോൾ കൂടുതൽ പണം പറ്റുന്നത് നിയമ ലംഘനമാണ്. നിരക്ക് നൽകാത്തതു കാരണം താമസ യിടം ഒഴിപ്പിക്കാനും പാടില്ല.

പുതിയ കെട്ടിട വാടക നിയമം ഉടൻ

എമിറേറ്റിലെ പുതിയ കെട്ടിട വാടക നിയമം ഉടൻ പ്രഖ്യാപിക്കുമെന്ന് ജഡ്ജ് മൂസ അബ്ദുൽ ഖാദിർ അറിയിച്ചു. കെട്ടിടയുടമകൾ അധിക നിരക്ക് നിർബന്ധമാക്കുന്നത് വിലക്കികൊണ്ടുള്ള കർശന നിർദേശങ്ങൾ പുതിയ കെട്ടിട നിയമത്തിലുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സ്വദേശികൾക്ക് ഫീസില്ല

അജ്മാനിൽ കെട്ടിട വാടക കരാറുകൾ പുതുക്കുന്നതിനു സ്വദേശികൾക്ക് നിരക്കില്ല. അജ്മാൻ കിരീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ തലവനുമായ ഷെയ്ഖ് അമ്മാർ ബ്ൻ റാഷിദ് അൽ നുഐമിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സ്വദേശികൾക്ക് വാടകയിനത്തിലുള്ള അധിക ചെലവ് കുറയ്ക്കാനാണ് വാടക കരാർ സാക്ഷ്യപ്പെടുത്താനുള്ള നഗരസഭാ നിരക്കിൽ ഇളവ് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com