ADVERTISEMENT

അബുദാബി∙ സന്ദർശകരെ പാട്ടുപാടി വരവേൽക്കുകയാണ് ലൂവ്റ് അബുദാബി മ്യൂസിയത്തിലെ ഈന്തപ്പനകൾ. ലൂവ്റ് അബുദാബി. പ്രകൃതി സംരക്ഷണ ബോധവൽകരണത്തിലേക്ക് ജനശ്രദ്ധ ആകർഷിക്കുകയാണ് ഈന്തപ്പനകളുടെ ദൗത്യം. 

സമീപപ്രദേശങ്ങളിലൂടെ ആരെങ്കിലും പോകുന്നത് ശ്രദ്ധയിൽപെട്ടാൽ ഈന്തപ്പനകൾ പാട്ടുപാടിത്തുടങ്ങും. യുഎഇയുടെ പൈതൃക ഗാനമായ അയ്യാല, പതിനാറാം നൂറ്റാണ്ടിലെ ഇംഗ്ലിഷ് നാടോടി ഗാനമായ ഗേരീൻസ്ലീവ്സ്, ഫ്രഞ്ച് ഗാനമായ ലാ മൂർ ഡെ മോയ് എന്നീ ഗാനങ്ങൾ സമന്വയിപ്പിച്ചാണ് ഈന്തപ്പനകൾ പാട്ടുപാടുന്നത്. 

ഇന്നലെ മുതൽ മാർച്ച് 7 വരെയാണ് ഈന്തപ്പന ഗായക സംഘങ്ങൾ പാട്ടുപാടി സ്വീകരിക്കുക. മ്യൂസിയത്തിനു പുറത്തായതിനാൽ സൗജന്യമായി തന്നെ ഇതനുഭവിച്ചറിയാം.

വാരിപ്പുണർന്നാൽ...

പാട്ടുകേട്ട് ആരാധകർ അടുത്തു വരുന്നതനുസരിച്ച് ഈണത്തിലുള്ള ശബ്ദതരംഗങ്ങൾ ഉയരും. ഈന്തപ്പനയെ ഒന്നു കെട്ടിപ്പിടിച്ചുനോക്കൂ... ഉച്ചത്തിൽ സംഗീതം പൊഴിച്ച് ആരാധകരോടുള്ള ഇഷ്ടം പ്രകടിപ്പിക്കും.  സമീപത്തുള്ള മുപ്പതോളം ഈന്തപ്പനകളാണ് ലൂവ്റിലെ ‘ഗായക’സംഘത്തിലുള്ളത്. 

പാട്ടിനു പിന്നിൽ

ദോഷകരമല്ലാത്ത ഇലക്ട്രോണിക് ബെൽറ്റ് ധരിപ്പിക്കുന്നതോടെയാണ് ഈന്തപ്പനകൾ സംഗീതസാന്ദ്രമാകുന്നത്. സെൻസറിന്റെ സഹായത്തോടെ മനുഷ്യരുടെ സാമീപ്യമറിഞ്ഞ്, മുൻകൂട്ടി പ്രോഗ്രാം ചെയ്തുവച്ച പാട്ടുകൾ പാടാൻ തുടങ്ങും. 

പാരിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് കോ ഓർഡിനേഷൻ അകോസ്റ്റിക്, മ്യൂസികിലെ സ്വതന്ത്ര നിർമാതാവ് കാതറിൻ ജ്യൂക്സിന്റെ സഹകരണത്തോടെ യുകെ ഡിജിറ്റൽ ആർട്ടിസ്റ്റ് സംഘമായ അംബ്രല്ലിയമാണ് നൂതന ആശയം അബുദാബിക്ക് പരിചയപ്പെടുത്തിയത്. 

ആദ്യം യുഎഇയിൽ

ആദ്യമായി അബുദാബിയിലാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 10 മുതൽ 20 വരെ പാരിസ് ഗാർഡനിലും പിന്നീട് ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലും ഇത് അവതരിപ്പിക്കും. 2024ലെ പാരിസ് ഒളിംപികിസിനെത്തുന്നവരെ സ്വീകരിക്കാനും പാട്ടുപാടുന്ന മരങ്ങളുണ്ടാകും.

ലോകത്തെ ഏറ്റവും നവീന പദ്ധതികൾ രാജ്യത്തു പരിചയപ്പെടുത്തുന്ന യുഎഇ ഇന്നൊവേഷൻ മാസത്തിൽ  സംഗീതം പൊഴിക്കുന്ന മരത്തെ പരിചയപ്പെടുത്താൻ സാധിച്ചതിൽ അഭിമാനമുണ്ട്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു മനുഷ്യരെ പ്രകൃതിയുമായി അടുപ്പിക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ട്.   മ്യൂസിയം ഡയറക്ടർ മാനുവൽ റബതെ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com