sections
MORE

അനധികൃതമായി പരസ്യം പതിച്ചാൽ നാടുകടത്താൻ ഷാർജ; ദുബായിൽ 30,000 ദിർഹം വരെ പിഴ

advertisement
SHARE

ദുബായ് ∙ ദുബായിൽ പരസ്യങ്ങൾ പതിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും പുതിയ നിയമപരിധിയിൽ. നഗരസൗന്ദര്യത്തിനു മങ്ങലേൽപ്പിക്കുകയോ പൊതുസമൂഹത്തെ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്ന പരസ്യങ്ങൾ അനുവദിക്കില്ല. ഇതു സംബന്ധിച്ച ചട്ടങ്ങൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 

പരമ്പരാഗത, ഇലക്ട്രോണിക് മേഖലയിലെ എല്ലാ പരസ്യങ്ങളും നിയമ പരിധിയിൽ വരും. ഫലകങ്ങൾ, ബലൂണുകൾ എന്നിവയിലെയും കര, നാവിക, വ്യോമ മേഖലകളിലെ വാഹനങ്ങളിെലയും പരസ്യങ്ങൾ നിയമപരിധിയിലാണ്. 

എന്നാൽ പത്രങ്ങൾ, മാഗസിനുകൾ, പട്രോളിങ് വാഹനങ്ങൾ, വെബ്സൈറ്റുകൾ, ടിവി, റേഡിയോ എന്നിവയിലെയും സിനിമാശാലകളിലെയും പരസ്യങ്ങളെ ഇതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. 

വ്യാപാര സ്ഥാപനങ്ങൾ, കെട്ടിട ചുവരുകൾ, പാതയോരങ്ങൾ, മൈതാനം, പാർക്ക്, കടൽത്തീരങ്ങൾ എന്നിവിടങ്ങളിലെയെല്ലാം പരസ്യങ്ങൾ നിരീക്ഷിക്കും. 

പൊതു, സ്വകാര്യ മേഖലകളുമായി സഹകരിച്ചാണു നിയമം നടപ്പാക്കുക. ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ച 1986 ലെ 30ാം നമ്പർ നിയമം റദ്ദാക്കിയാണ് പുതിയ ചട്ടം നിലവിൽ വന്നത്. 

പൊതു, ഗതാഗത സുരക്ഷ കൂടി ലക്ഷ്യമിട്ടാണ് പരസ്യങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. പരസ്യ വാചകങ്ങളും ആശയങ്ങളും അവതരണരീതിയും നിരീക്ഷിക്കും. ധാർമിക, സദാചാര മൂല്യങ്ങൾ ലംഘിക്കുന്ന പരസ്യങ്ങൾ അനുവദിക്കില്ല.

ദുബായിൽ പരസ്യം പതിക്കുംമുൻപ് ഓർക്കുക

അനുമതി  നിർബന്ധം

മുൻകൂട്ടി അനുമതി വാങ്ങാതെ ഒരു തരത്തിലുള്ള പരസ്യവും പാടില്ല. സാമ്പത്തിക മന്ത്രാലയം, നഗരസഭ, ആർടിഎ, ഫ്രീ സോൺ, സിവിൽ ഏവിയേഷൻ തുടങ്ങിയവയാണ് പരസ്യങ്ങൾക്ക് അനുമതി നൽകേണ്ട കേന്ദ്രങ്ങൾ. അനുമതി ലഭിച്ച നിശ്ചിതയിടങ്ങളിൽ മാത്രമാണ് പരസ്യം അനുവദിക്കുക. 

ഇവിടെ പരസ്യവിലക്ക്

ചരിത്ര, പൈതൃക മേഖലകൾ, ആരാധനാലയ പരിസരം, ട്രാഫിക് ഫലകങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, മരങ്ങൾ, നിരോധിത മേഖലകൾ, സൈനിക താവളങ്ങൾ, പാർപ്പിട കെട്ടിടങ്ങൾ, കെട്ടിട ബാൽക്കണികൾ എന്നിവിടങ്ങളിൽ പരസ്യം പതിക്കുന്നതു കർശനമായി വിലക്കി. 

30,000 ദിർഹം വരെ പിഴ

നിയമം ലംഘിച്ചാൽ 1,000 മുതൽ 15,000 ദിർഹമാണ് ആദ്യഘട്ട പിഴ. ആവർത്തിച്ചാൽ 30,000 ദിർഹം വരെ പിഴയിനത്തിൽ ഈടാക്കുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യും. പരസ്യങ്ങൾ നീക്കാനുള്ള ചെലവും നിയമലംഘകരിൽ നിന്ന് ഈടാക്കും. 

അനധികൃതമായി പരസ്യം പതിച്ചാൽ നാടുകടത്തുമെന്ന് ഷാർജ

ഷാർജ ∙ കെട്ടിട ഭിത്തികളിലും മറ്റും നിയമവിരുദ്ധമായി പരസ്യങ്ങളും നോട്ടിസുകളും പതിച്ചാൽ നാടുകടത്തുമെന്നു ഷാർജ പൊലീസ്. നിയമലംഘകരെ പിടികൂടാൻ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പരിശോധനകൾ ഊർജിതമാക്കി. നിയമലംഘനങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഫോൺ: 901 (പൊലീസ്), 993 (മുനിസിപ്പാലിറ്റി). 

ഫ്ലാറ്റുകളിലെ ബെഡ് സ്പേസിൽ ആളുകളെ ആവശ്യമുണ്ടെന്നും മറ്റുമുള്ള പരസ്യങ്ങൾ കെട്ടിട ഭിത്തികൾ, വിളക്കുകാലുകൾ, ടെലിഫോൺ ബൂത്തുകൾ എന്നിവിടങ്ങളിൽ പതിക്കുന്നത് നഗരസൗന്ദര്യം നശിപ്പിക്കുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. നഗരസൗന്ദര്യം നശിപ്പിക്കുന്നവർക്ക് 4,000 ദിർഹം പിഴചുമത്തും. 

പരസ്യങ്ങളിലെ ഫോൺ നമ്പരുകളിൽ വിളിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സേരി അൽ ഷംസി പറഞ്ഞു. നിയമലംഘകരെ പിടികൂടാൻ 50 ഇൻസ്പെക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. 

ഇതിനകം 45 പേർക്കു പിഴ ചുമത്തി. മുനിസിപ്പാലിറ്റിയിൽ നിന്ന് അനുമതി വാങ്ങാതെ വ്യക്തിക്കോ സ്ഥാപനത്തിനോ പരസ്യങ്ങൾ സ്ഥാപിക്കാൻ അനുവാദമില്ലെന്നും വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA