ADVERTISEMENT

ദുബായ്∙ രാജ്യാന്തര ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ 11 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ സന്നദ്ധ സംഘടനയായ സയൻസ് ഇന്ത്യ ഫോറമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേന്ദ്ര സഹമന്ത്രിമാരായ ശ്രീപദ് നായിക്, വി.മുരളീധരൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിപുൽ അറിയിച്ചു.

ആയൂർവേദം,യോഗ, യുനാനി, നാച്യുറോപ്പതി, സിദ്ധ എന്നിവയുടെ സംയുക്ത രൂപമായ ആയുഷിന്റെ സമ്മേളനത്തിൽ ഈ മേഖലകളിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 

ഈ രംഗത്ത് നടക്കുന്ന നൂതന കണ്ടുപിടിത്തങ്ങൾ, ചികിത്സാ രീതികൾ, ഗവേഷണങ്ങൾ, ഔഷധങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറുകയും ആയുഷ് ഉൽപന്നങ്ങളുടെ വിപണനത്തിലും മറ്റും ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. സാധാരണക്കാർക്കും ഏറെ അറിവ് പകരുന്ന പ്രഭാഷണങ്ങളുണ്ടാകും.

ഡോ. ഹെഗ്ഡേ, കമലേഷ് പട്ടേൽ ഡോ.ബി.എം ഹെഗ്ഡേ, ദാജി കമലേഷ് പട്ടേൽ എന്നിവരെപ്പോലുള്ള പ്രഗദ്ഭരുടെ നീണ്ട നിരതന്നെ പ്രഭാഷണങ്ങൾക്കുണ്ടാകുമെന്നും പ്രബന്ധങ്ങളുടെ ശാസ്ത്രീയത ഉറപ്പുവരുത്തിയ ശേഷമേ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടൂ എന്നും ഓർഗനൈസിങ് ജന. സെക്രട്ടറി ഡോ.വി.എൽ ശ്യാം വ്യക്തമാക്കി. സഹിഷ്ണുത യുഎഇ ആഘോഷിച്ചതുപോലെ ഇന്ത്യയ്ക്ക് ആയൂഷ് ആഘോഷിക്കാൻ കഴിയണമെന്ന് സയൻസ് ഇന്ത്യാ ഫോറം രക്ഷാധികാരി സിദ്ധാർത്ഥ് ബാലചന്ദ്രൻ പറഞ്ഞു. 

വിജ്ഞാന ഭാരതി ഓർഗനൈസിങ് സെക്രട്ടറി ജയന്ത് സഹസ്രബുദ്ധേ, യുഎഇ സയൻസ് ഇന്ത്യ ഫോറം പ്രസിഡന്റ് ഡോ.സതീഷ് കൃഷ്ണൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

25 രാജ്യങ്ങൾ, 1200 പ്രതിനിധികൾ

25 രാജ്യങ്ങളിൽ നിന്ന് ആയിരത്തി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് വിപുൽ പറഞ്ഞു. 30 പ്രഭാഷണങ്ങളും നൂറിലധികം പ്രബന്ധാവതരണങ്ങളും ഉണ്ടാകും. കഴിഞ്ഞതവണ ആദ്യമായി സമ്മേളനം നടന്ന ശേഷം ഈ മേഖലകളിലെ ചികിത്സാ രീതികളെക്കുറിച്ച് പരക്കെ അവബോധം വളർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ഇന്ത്യ-യുഎഇ സർക്കാരുകൾ തമ്മിൽ സെക്രട്ടറിതല ചർച്ചകൾ ഉൾപ്പെടെ നടന്നെന്നും വിപുൽ വ്യക്തമാക്കി.യോഗയെക്കുറിച്ചും യുഎഇയിൽ പരക്കെ പ്രചാരണം നടന്നു. രാജ്യാന്തര യോഗാദിനാചരണത്തിൽ ഇതു മൂലം വർധിച്ച തദ്ദേശീയ പങ്കാളിത്തമുണ്ടായി. യോഗ അധ്യാപകരുടെ രാജ്യാന്തര സമ്മേളനവും ഹോമിയോപ്പതി സമ്മേളനവും നടന്നു. കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, വേൾഡ് ആയൂർവേദ ഫൗണ്ടേഷൻ, നാഷനൽ ആയൂർവേദ സ്റ്റുഡന്റ്സ് ആൻഡ് യൂത്ത് ഫൗണ്ടേഷൻ, ഗ്ലോബൽ ഹോമിയോപ്പതിക് ഫൗണ്ടേഷൻ, അമേരിക്ക, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ ആയുഷ് സംഘടനകൾ എന്നിവയുടെയെല്ലാം രക്ഷാകർതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com