ADVERTISEMENT

അബുദാബി∙ യുഎഇയിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ തൃപ്തികരമായി പൂർത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പറഞ്ഞു. 

യുഎഇയിലെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളും സന്ദർശിച്ചു തയാറെടുപ്പുകൾ വിലയിരുത്തിയ അദ്ദേഹം മനോരമയോടു സംസാരിക്കുകയായിരുന്നു. സ്കൂൾ അധികൃതർക്ക് ആവശ്യമായ മാർഗനിർദേശം നൽകിയതായും വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥികളുമായി ആശയവിനിമയം നടത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തതായും സൂചിപ്പിച്ചു.  പരീക്ഷാ ഭവൻ സെക്രട്ടറി കെ.ഐ ലാലും ഇദ്ദേഹത്തെ അനുഗമിക്കുന്നു.

മാർച്ച് 10ന് ആരംഭിക്കുന്ന എസ്എസ്എൽസിക്ക് 9 കേന്ദ്രങ്ങളിലായി 600 പേരും 8 കേന്ദ്രങ്ങളിലായി പ്ലസ് വണ്ണിനു 491 പേരും പ്ലസ് ടുവിനു 493 വിദ്യാർഥികളുമാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുൻവർഷത്തെക്കാൾ കൂടുതൽ പേർ എസ്എസ്എൽസി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ രാജ്യക്കാരും കേരള ബോർഡ് പരീക്ഷ എഴുതുന്നു എന്നതാണു യുഎഇയുടെ പ്രത്യേകത.

പതിവിനു വിപരീതമായി ഇത്തവണ എസ്എസ്എൽസി പരീക്ഷ രാവിലെ ആക്കിയതിനാൽ 3 പരീക്ഷകൾക്കും കുട്ടികളെ ഇടകലർത്തിയാണു ഇരുത്തുക. പരീക്ഷാ ചുമതലയ്ക്കു 18 ഡപ്യൂട്ടി ചീഫുമാർ കേരളത്തിൽ നിന്നു മാർച്ച് എട്ടിനു യുഎഇയിലെത്തും. 

ഒൻപതിന് ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഡപ്യൂട്ടി ചീഫുമാർക്ക് പരീക്ഷാ മേൽനോട്ടത്തിനുള്ള നിർദേശം നൽകും. ഐടി പരീക്ഷയ്ക്കുള്ള 3 ഡപ്യൂട്ടി ചീഫുമാർ മാർച്ച് 3നു തന്നെ എത്തും. ഇതര പരീക്ഷകൾക്കിടയിലെ ഒഴിവു ദിവസങ്ങളിൽ പ്രത്യേക ബാച്ചുകളായാണു ഐടി പരീക്ഷ .

ഇരിപ്പിലും മാറ്റം

ഇത്തവണ എസ്എസ്എൽസി പരീക്ഷ രാവിലെ ആക്കിയതിനാൽ 3 പരീക്ഷകൾക്കും കുട്ടികളെ ഇടകലർത്തിയാണു ഇരുത്തുക. സൗകര്യം കുറവുള്ള ക്ലാസ് മുറികളിൽ ഒരു നിരയിൽ 2 വിദ്യാർഥികളെയും അല്ലാത്ത ഇടങ്ങളിൽ 3 വിദ്യാർഥികളെയും ഇരുത്താനാണു നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com