ADVERTISEMENT

അബുദാബി∙ കോവിഡ് പ്രതിസന്ധിയിലകപ്പെട്ട കമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും കൈപ്പിടിച്ചുയർത്താനായി യുഎഇ സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 10,000 കോടി ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിക്ക് രാജ്യത്തിന്റെ സല്യൂട്ട്. യുക്തമായ സമയത്തെ തക്ക ഇടപെടൽ വിപണിക്ക് കരുത്തുപകർന്നതായാണ് വിലയിരുത്തുന്നത്. വ്യാപാര സമൂഹവും ഈ നടപടിയെ പ്രശംസിച്ചു. കോവിഡ് മൂലമുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നാണ് വ്യവസായ ലോകത്തിന്റെ പ്രതീക്ഷ.

പദ്ധതിയുടെ നേട്ടങ്ങൾ

∙ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളുടെ ഫീസ് കുറച്ചു

∙ ബാങ്ക് ഇടപാടുകൾക്ക് ഈടാക്കിയിരുന്ന ഫീസ് 6 മാസത്തേക്കു ഒഴിവാക്കി.

∙ കോവിഡ് സാമ്പത്തിക പ്രതിസന്ധിയുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് 6 മാസത്തേക്ക് വായ്പാ തുകയും പലിശയും തിരിച്ചടക്കേണ്ട.

∙ ചെറുകിട കമ്പനികളുടെ കുറഞ്ഞ അക്കൗണ്ട് പരിധി (മിനിമം ബാലൻസ്) 10,000 ദിർഹമാക്കി നിജപ്പെടുത്തി.

∙ ചെറുകിട ഇടത്തരം കമ്പനികൾക്കു കൊടുക്കാവുന്ന വായ്പാ പരിധി കൂട്ടി.

∙ 2 ദിവസത്തിനകം ചെറുകിട കമ്പനികൾക്ക് പുതിയ ബാങ്ക് അക്കൗണ്ട് തുറന്നുകൊടുക്കണം

∙ അടിസ്ഥാന മൂലധന ശേഷി വർധിപ്പിച്ച്  വായ്പ കൊടുക്കുന്നതിന് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ശക്തമാക്കി.

∙ ഉത്തേജക പദ്ധതിയിലെ 5,000 കോടി ദിർഹമും ബാങ്കുകൾക്കു പലിശരഹിത വായ്പയായി നൽകുന്നതോടെ കോവിഡ് മൂലമുണ്ടായ നഷ്ടം നികത്താം

∙ ആസ്തിയുടെ മൂല്യത്തിന്മേലുള്ള വായ്പാ പരിധി 5 ശതമാനം വർധിപ്പിച്ചു.

∙ നൽകാവുന്ന ഭവന വായ്പാ പരിധി 20ൽനിന്ന് 30 ശതമാനമാക്കി വർധിപ്പിച്ചതോടെ ബാങ്കുകൾക്കു കൂടുതൽ വായ്പ അനുവദിക്കാം.


5000 കോടി റിയാലിന്റെ പദ്ധതി പ്രഖ്യാപിച്ച് സൗദി

റിയാദ്∙ കോവിഡ് 19 വ്യാപനം മൂലം സ്വകാര്യമേഖലയ്ക്കുണ്ടായ ആഘാതം കുറയ്ക്കാൻ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) 5000 കോടി റിയാലിന്റെ സാമ്പത്തിക ഉത്തേജക പദ്ധതി പ്രഖ്യാപിച്ചു. വായ്പാ തിരിച്ചടവിന് 6 മാസത്തെ സാവകാശം, പലിശ രഹിത വായ്പ, നടപടിക്രമങ്ങൾക്കുള്ള ഫീസ് ഒഴിവാക്കി നൽകുക തുടങ്ങിയ സഹായങ്ങളിലൂടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ‌ ലക്ഷ്യമാക്കുന്നതെന്ന് സാമ വ്യക്തമാക്കി. വായ്പ തിരിച്ചടവ് നീട്ടിയ കാലയളവിൽ ബാങ്കിനും ധനകാര്യ സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടം നികത്താനാണ് 3000 കോടി റിയാൽ നീക്കിവച്ചത്. സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സം കൂടാതെ നടക്കാനും ജീവക്കാരെ നിലനിർത്താനും മറ്റുമായി 1320 കോടി റിയാൽ വായ്പയും അനുവദിക്കും. ചെറുകിട, ഇടത്തരം സംരംഭകരുടെ വായ്പാ നടപടിക്രമങ്ങൾക്കുള്ള തുക ഒഴിവാക്കാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമാണ് 600 കോടി റിയാൽ അനുവദിച്ചത്.  സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ സംഭരണ കേന്ദ്രത്തിന്റെ 3 മാസത്തെ ഫീസ് സാമ നൽകും. ഇതിനായി 80 കോടി റിയാൽ നീക്കിവച്ചു. വായ്പാ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ബാങ്കുകളുമായും ഇതര ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചുപ്രവർത്തിക്കുമെന്നും പറഞ്ഞു. മക്കയിലും മദീനയിലും ഇത്തരം ഇടപെടലുകൾ നടത്തിയിരുന്നതായും വെല്ലുവിളികൾ അതിജീവിക്കാൻ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും സാധിക്കുമെന്നും സാമ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഉണർവേകും: യൂസഫലി

ma-yousuf-ali

സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച 10,000 കോടി ദിർഹത്തിന്റെ സാമ്പത്തിക പാക്കേജ് വിവിധ മേഖലകൾക്കും സമ്പദ് വ്യവസ്ഥയ്ക്കും ഉണർവേകും ലോകമെങ്ങും കോവിഡ് രോഗത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയരുമ്പോൾ യുഎഇ എടുക്കുന്ന ശക്തമായ നടപടികൾ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. നിക്ഷേപ സൗഹൃദ രാജ്യമെന്ന യുഎഇയുടെ പ്രതിച്ഛായ വർധിപ്പിക്കുന്നതാണിത്-ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി.

മാറ്റമുണ്ടാക്കും: ഡോ.ആസാദ് മൂപ്പൻ

Azad_Moopen

കോവിഡ് വെല്ലുവിളികൾക്കിടെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച 150 കോടി ദിർഹത്തിന്റെ പാക്കേജ് വാണിജ്യ-വ്യവസായ മേഖലകളിലടക്കം വലിയ മാറ്റമുണ്ടാക്കും. ടൂറിസം, വ്യാപാര മേഖലകളിൽ കൂടുതൽ പേരെ ആകർഷിക്കാനാകും. അവശ്യസാധനങ്ങളുടെ വില കുറയുന്നത് സാധാരണക്കാർക്കും ആശ്വാസമാകും. സമ്പദ് വ്യവസ്ഥയെ മാന്ദ്യം ബാധിക്കാതിരിക്കാൻ ലക്ഷ്യമിട്ടുള്ള പാക്കേജ് ഇറക്കുമതി, പുനര്‍ കയറ്റുമതി മേഖലയ്ക്കും നേട്ടമാകും-ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com