ADVERTISEMENT

അബുദാബി∙ അറബ് നാട്ടിൽ ഉച്ചഭാഷിണിയിലൂടെ മലയാളത്തിലും കോവിഡ്–19 ജാഗ്രതാ നിർദേശം. കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണത്തിന്റെ ഭാഗമായി അബുദാബി പൊലീസ് അഞ്ച് ഭാഷകളിൽ ജനങ്ങൾക്കു നൽകുന്ന നിർദേശത്തിലാണ് മലയാള ഭാഷയും ഇടംപിടിച്ചത്. അറബിക്, ഇംഗ്ലീഷ്, ഉർദു, ബംഗാളി ഭാഷകളിലാണ് മറ്റു നിർദേശങ്ങൾ.

‘പ്രിയപ്പെട്ട പൗരന്മാരെ, താമസക്കാരെ, സന്ദർശകരെ... നിലവിലെ സാഹചര്യത്തിൽ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ കണക്കിലെടുത്ത് വീട്ടിൽ തന്നെ തുടരൂ. സാമൂഹിക അകലം പാലിക്കൂ, തിരക്ക് ഒഴിവാക്കൂ... നിങ്ങളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ നിങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്’– എന്നാണ് മലയാളികളോട് അഭ്യർഥിക്കുന്നത്. മലയാള മനോരമ അബുദാബി റിപ്പോർട്ടർ എൻ.എം.അബൂബക്കറാണ് മലയാളത്തിൽ ശബ്ദം നൽകിയത്.

നഗരത്തിൽ റോന്തു ചുറ്റുന്ന പൊലീസ് വാഹനങ്ങളിൽ ഉച്ചഭാഷിണിയിലൂടെയാണ് നിർദേശം നൽകുന്നത്. ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലെല്ലാം പൊലീസ് പട്രോളിങ് വാഹനത്തിലെത്തുന്ന പൊലീസ് സന്ദേശം കൈമാറുന്നു. നടന്നുപോകുന്നവരെ കണ്ടാൽ പുറത്തിറങ്ങി നടക്കരുതെന്നും സാമൂഹിക അകലം പാലിച്ച് വീടുകളിൽ തന്നെ ഇരുന്ന് കോവിഡ് പകരുന്നത് തടയണമെന്ന് വ്യക്തിപരമായും നിർദേശിക്കുന്നുണ്ട്.

ഡ്രോണിലും ഉച്ചഭാഷിണി

ദുബായ്, ഷാർജ പൊലീസും ഡ്രോണിൽ ഉച്ചഭാഷിണി സ്ഥാപിച്ചാണ് ജനങ്ങളോടെ വീട്ടിൽ തന്നെ ഇരിക്കാൻ വിവിധ ഭാഷകളിൽ നിർദേശം നൽകിവരുന്നത്. വിവിധ രാജ്യക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലും ഷോപ്പിങ് മാളുകൾക്കു പരിസരത്തും ബഹുനില കെട്ടിടങ്ങൾക്കും സമീപവും ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രദേശങ്ങളിലുമെല്ലാം പൊലീസ് വാഹനം റോന്തുചുറ്റി വരുന്നു.

abu-dhabi-police-announcement2

കൂട്ടം കൂടി നിൽക്കുന്ന ജനങ്ങളുടെ അടുത്തേക്ക് ഡ്രോൺ അയച്ചും വീട്ടിലേക്കു പോകാൻ ആഹ്വാനം ചെയ്യുന്നു. ജനങ്ങൾ സ്ഥലം വിടുംവരെ ഡ്രോൺ സന്ദേശം ആവർത്തിച്ചുകൊണ്ടിരിക്കും. സാംസ്കാരിക നഗരിയായ ഷാർജയിൽ ജനത്തിരക്കേറിയ റോളയിലാണ് സ്പീക്കർ ഘടിപ്പിച്ച ഡ്രോൺ ആദ്യം ഉപയോഗിച്ചത്. പിന്നീട് വിവിധ സ്ഥലങ്ങളിലെത്തുന്ന ഡ്രോൺ  കൂട്ടം കൂടരുതെന്നും സുരക്ഷ കണക്കിലെടുത്ത് എത്രയുംവേഗം വീടുകളിലേക്കു പോകാനും ആഹ്വാനം ചെയ്തുവരുന്നു. കൂട്ടം കൂടി നിൽക്കുന്നതും സമ്പർക്കത്തിലാവുന്നതും നിങ്ങളെയും കുടുംബത്തെയും അപകടത്തിലാക്കുമെന്നും ഓർമിപ്പിച്ചു.  ഡ്രോണിൽ മാത്രമല്ല പട്രോളിങ് സംഘത്തിന്റെ എല്ലാ വാഹനങ്ങളിലും ഉച്ചഭാഷിണിയിലൂെട സന്ദേശം നൽകിവരുന്നു. റോഡിൽ അലഞ്ഞുതിരിഞ്ഞും സംഘം ചേർന്നും നടക്കുന്നവരെയും പ്രത്യേകം വിളിച്ചു വീട്ടിലേക്കു പോകാൻ ആവശ്യപ്പെടുന്നുണ്ട്.

അടിയന്തര ആവശ്യത്തിനല്ലാതെ പുറത്തുപോകരുതെന്നും ജനങ്ങൾ വീട്ടിൽ തന്നെ കഴിയണമെന്നും യുഎഇയിലെ പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും ആഭ്യന്തര മന്ത്രാലയവും ദേശീയ അത്യാഹിത, ദുരന്തനിവാരണ അതോറിറ്റിയും തിങ്കളാഴ്ചയാണ് ആവശ്യപ്പെട്ടത്. സ്വകാര്യ വാഹനങ്ങളിൽ മൂന്നു പേരിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ പാടില്ലെന്നും നിർദേശമുണ്ട്. കുടുംബ കൂട്ടായ്മയിലാണെങ്കിൽപോലും സാമൂഹിക അകലം പാലിക്കണം. അത്യാഹിത ഘട്ടങ്ങളിലല്ലാതെ ആശുപത്രി സന്ദർശിക്കരുത്. അസുഖമുണ്ടെങ്കിൽ മാത്രം മാസ്ക് ധരിക്കുക എന്നിവയാണ് മന്ത്രാലയം നൽകി മറ്റു നിർദേശങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com