ADVERTISEMENT

താൻ പറയുന്നത് ഹോട്ടൽ വെയ്‌റ്റർക്കു മനസ്സിലാകുന്നില്ലെന്ന തിരിച്ചറിവിൽ എസ്.കെ. പൊറ്റെക്കാട്ട് മട്ടൻ കറി ആവശ്യപ്പെടാൻ ഇരു ചെവികളിലും തിരുകിയ കൈകൾ മേൽ‌പോട്ട് ഉയർത്തി ആടുകരയുംവിധം `……..അംബേ……. അംബേ..` എന്ന് ശബ്ദമുണ്ടാക്കിക്കാണിച്ചതായി കേട്ടിട്ടുണ്ട്. അക്കഥ ഓർമയിലെത്തിച്ചു കോവിഡ് 19 കാലത്തെ ആശുപത്രി വാസം. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ മൂന്നു മണിക്കൂർ നിരീക്ഷണത്തിനായി കിടത്തിയതായിരുന്നു. അൽ‌പം കഴിഞ്ഞപ്പോൾ തൊട്ടടുത്ത കിടക്കയിൽ ഒരു ബംഗ്ലദേശുകാരനുമെത്തി. ശ്വാസോച്ഛ്വാസത്തിന് പ്രയാസപ്പെടുന്ന ആ ചെറുപ്പക്കാരനെ താമസിയാതെ ഓക്സിജൻ മാസ്കും ധരിപ്പിച്ചു.

ശ്വാ‍സോച്ഛ്വാസത്തിലെ പ്രയാസവും ഇടയ്ക്കിടെയുള്ള ചുമയുമൊക്കെയായി കിടക്കുന്ന ചെറുപ്പക്കാരന്റെ വിശദാംശം അറിയാനുള്ള ശ്രമത്തിലാണ് മലയാളിയായ പുരുഷ നഴ്സ്. അടുത്തകാലത്തെങ്ങാനും നാട്ടിൽനിന്ന് എത്തിയതാണെങ്കിൽ കൊറോണയുമായി ബന്ധപ്പെട്ട ക്വാറന്റീനിലേക്ക് അയയ്ക്കണം. ബംഗ്ലദേശുകാരൻ മൂന്നു വർഷമായി നാട്ടിൽ പോയിട്ടില്ലാത്തതിനാൽ അതിനു പ്രസക്തിയില്ല. പിന്നെ, ഇവിടെ ആരൊക്കെയായി സഹവസിച്ചു എന്നതിനും അപകടകരമായ മറുപടിയൊന്നുമില്ല. ചോദ്യം ഹിന്ദിയും ഇംഗ്ലിഷുമൊക്കെ ചേർന്നാണ്. മറുപടി ഹിന്ദിയും ബംഗാളിഭാഷയും കൂടിക്കലർന്നതും. എല്ലാത്തിലുമുപരി ഓക്സിജൻ മാസ്ക് ഉണ്ട് എന്നത് അയാളുടെ വാക്കുകളെ മുറിക്കുകയും അവ്യക്തമാക്കുകയും ചെയ്യുന്നുമുണ്ട്.

Kuwait city coronavirus

എന്താണു ജോലിയെന്ന അന്വേഷണമാണ് ക്ലൈമാക്സ്

ബംഗ്ലദേശുകാരന്റെ മൊഴിയിൽ ജീവനക്കാരന് തെളിഞ്ഞത് ‘കുബുത്ത’ എന്നൊരു വാക്ക്. പക്ഷേ, അർഥം എന്തെന്നറിയാതെ വട്ടം‌കറങ്ങുന്ന അവസ്ഥയായി. ജീവനക്കാരനു സംഗതി പിടികിട്ടിയില്ലെന്ന് മനസ്സിലാക്കിയ ബംഗ്ലദേശുകാരൻ കുബുത്ത, കുബുത്ത എന്ന് ആവർത്തിച്ചുകൊണ്ടേയിരുന്നു. ഓരോ തവണ പറയുമ്പോഴും അവ്യക്തത കൂടിയതല്ലാതെ കാര്യം പിടികിട്ടിയില്ല. ഒടുവിൽ ജീവനക്കാരൻ സഹപ്രവർത്തകരുടെ സഹായം തേടിയിട്ടും വഞ്ചി തിരുനക്കരെത്തന്നെ. സഹികെട്ട ബംഗ്ലദേശുകാരൻ ഒടുവിൽ ഇരുകൈകളും ഉയർത്തി പക്ഷി പറക്കുന്നതുപോലെ കാട്ടി. എന്നിട്ട് ഏതോ പ്രതലം തടവുന്നതുപോലെയും- പൊറ്റെക്കാട്ട് മട്ടൻ കറിക്ക് ആടിനെ കാണിച്ചതുപോലെ ഒരു പ്രയോഗം. പക്ഷികളുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് വ്യക്തമാക്കാൻ അതു സഹായകമായി. ബംഗ്ലദേശുകാരനായ മറ്റൊരു ജീവനക്കാരനാണ് ആശങ്കയുടെ കെട്ടഴിച്ചത്. പക്ഷിവളർത്തു കേന്ദ്രത്തിൽ ജീവനക്കാരനാണ് രോഗിയെന്നും കുബൂത്ത എന്നാൽ ബംഗ്ല ഭാഷയിൽ പ്രാവ് എന്നാണ് അർഥമെന്നും പരിഭാഷയുണ്ടായി. കൊറോണ വൈറസ് പക്ഷികളിൽനിന്നും പകരുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാലാകാം അയാളെ ആ വഴിക്കു പരിചരിക്കേണ്ടെന്ന തീരുമാനവും വന്നു. 

സിസിയു‌വിലെ അതീവ ജാഗ്രത

സിസിയുവിലെ പരിചരണം അനുഭവിച്ചു കൊണ്ടിരിക്കെ വാർഡിനകത്ത് വലിയ ആളനക്കം. ഡോക്ടർമാർ വരുന്നു, നഴ്സുമാർ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ഫോണിൽ പലരുമായി ബന്ധപ്പെടുന്നു. അങ്ങനെയങ്ങനെ... വാർഡിൽ മറ്റൊരു മുറിയിൽ കിടക്കുന്ന ഇറാൻ സ്വദേശി കോവിഡ്-19ൽ കുടുങ്ങിയോ എന്നതാണ് എല്ലാ‍വരുടെയും ആശങ്ക. ഇറാനിൽനിന്ന് അടുത്തൊന്നും കുവൈത്തിൽ ഇറങ്ങിയതല്ല അയാൾ. എന്നാൽ നാലുനാൾ മുൻപ് ഇറാനിൽനിന്ന് എത്തിയ അളിയനുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. അളിയനെ അളിയൻ പണി പറ്റിച്ചോ എന്നറിയണമെങ്കിൽ സ്രവ പരിശോധനയൊക്കെത്തന്നെ വഴി. ജാഗ്രതയായി, ഒരുക്കങ്ങളായി, 5-10 മിനിറ്റുകൾക്കകം അതേ ആശുപത്രിയിലെ എച്ച്1‌എൻ1 കേന്ദ്രത്തിലേക്ക് ആളെ മാറ്റുകയുമായി. ആശുപത്രി ജീവനക്കാ‍രുടെ കരുതലും ജാഗ്രതയും നടപടികളിലെ വേഗവും പഴുതടച്ചുള്ള നീക്കങ്ങളും ശ്രദ്ധേയമായിത്തോന്നി. മണിക്കൂറുകൾക്ക്ുശേഷം കാര്യം ആരാഞ്ഞപ്പോൾ ഡ്യൂട്ടി നഴ്സ് പറഞ്ഞു, അയാളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. വാർഡിൽ മുഴുവൻ ആശ്വാസം!!!

Kuwaiti health ministry coronavirus

ഇടയ്ക്കൊരു ചാനൽ ചർച്ച

 പരിചരണത്തിനിടെ പത്രപ്രവർത്തകനാണെന്നു മനസ്സിലാക്കിയ നഴ്സിന്റെ ചോദ്യം. ‘സാർ ചാനലിലിലെ ആ പ്രോഗ്രാം കാണാറുണ്ടോ?’ 

അത് മന്ദബുദ്ധികളുടെ പ്രോഗ്രാം അല്ലേയെന്നു പ്രതികരിച്ചതിനുള്ള  മറുചോദ്യം ഇങ്ങനെ: ‘സാർ ഉദ്ദേശിച്ചത് അതിലെ അഭിനേതാക്കളെയാണോ അതോ അതു കാണുന്നവരെയാണോ?’ ചേരും‌ംപടി ചേർത്തുകൊള്ളൂ എന്നു പറഞ്ഞു തടിയൂരാൻ നോക്കിയപ്പോഴേക്കും വന്നു പ്രതികരണം. ‘സാറേ, ഞാൻ ആ സാർ (വിവാദ അഭിനേതാവ്) ഉള്ളത് കൊണ്ടുമാത്രം കണ്ടുകൊണ്ടിരുന്നതാ. ഇപ്പോൾ ഞാനത് നിർത്തി’. പറഞ്ഞ നഴ്സിനും കേട്ട എനിക്കും സമാധാനം.

നഴ്സസ് സ്റ്റേഷന് തൊട്ടടുത്തായിരുന്നു അനുവദിക്കപ്പെട്ട കിടക്ക. ഡ്യൂട്ടിയിൽ ഭൂരിപക്ഷവും മലയാളി സഹോദരിമാർ. അവരുടെ കുശലങ്ങൾ തടസ്സമില്ലാതെ ചെവിയിലെത്തും. ജോലിത്തിരക്കൊഴിഞ്ഞ ഇടവേളകളിൽ അവർ പരസ്പരം പങ്കുവച്ചത് മലയാളം ചാനലുകളിലെ വിശേഷങ്ങൾ തന്നെ.  സത്യം പറയാമല്ലോ, ആരും കണ്ണീർ സീരിയലുകളെക്കുറിച്ച് പറഞ്ഞുകേട്ടില്ല. കുട്ടിപ്പട്ടാളത്തിലെ കുസൃതികളും നേരത്തേ പറഞ്ഞ പരിപാടിയിലെ കാര്യങ്ങളുമായി ചർച്ചാവിഷയം.

നിയന്ത്രണം തന്നെ നിയന്ത്രണം

കോവിഡ് കാലമായതിനാൽ കടുത്ത നിയന്ത്രണമാണ് ആശുപത്രിയിൽ. സന്ദർശകർക്ക് കടുത്ത നിയന്ത്രണം. അത്യാവശ്യ വസ്തുക്കൾ എത്തിക്കുന്നതിന് വന്നവരെപ്പോലും പ്രവേശനം നൽകാതെ തിരിച്ചയച്ചു. സന്ദർശക നിയന്ത്രണം ഒരുപരിധിവരെ ഗുണപ്രദമെന്നാണ് ജീവനക്കാരുടെ പക്ഷം. രോഗികളെക്കാൾ പ്രയാസം പലപ്പോഴും സന്ദർശകരിൽനിന്ന് നേരിടേണ്ടിവരുന്നുവെന്ന ദുരനുഭവങ്ങൾ കുറഞ്ഞുവത്രേ. നിസാര രോഗങ്ങൾക്കു പോലും ആശുപത്രിയിലേക്കു കുതിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. അടിയന്തര വൈദ്യ സഹായമോ ഗൗരവ സ്വഭാവമുള്ള രോഗങ്ങൾക്കുള്ള ചികിത്സയോ തേടി മാത്രമേ ആളുകൾ എത്തുന്നുള്ളൂ. 28 കിടക്കകളുള്ള ഒരു വാർഡിൽ 13 പേർ മാത്രം കിടക്കുന്നതും കണ്ടു. അവരിൽ സ്വദേശികൾ 5 പേർ മാത്രം. ആശുപത്രികളിൽ കലപില ശബ്ദങ്ങൾ വളരെ കുറവ്. നിയന്ത്രണവും ജാഗ്രതയും പൊരുത്തപ്പെട്ടുപോകുന്നതിന്റെ ഒന്നാംതരം അനുഭവം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com