sections
MORE

ദുബായിൽ ദന്ത, സൗന്ദര്യ വർധന ചികിത്സ വേണ്ട; കോവിഡ് കാലത്ത് ഓർക്കാനുണ്ടേറെ

dental
representative image
SHARE

ദുബായ് ∙ ആയുർവേദം, ഹോമിയോപ്പതി അടക്കമുള്ള സമാന്തര ചികിത്സാരീതികളും ദന്ത ചികിത്സയും–സൗന്ദര്യവർധക സേവനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ നിർത്തിവയ്ക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റി നിർദേശം. കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. അടിയന്തര ദന്ത ചികിത്സയ്ക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട ഇതര  സേവനങ്ങൾ പാടില്ലെന്ന് എമിറേറ്റിലെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സൗന്ദര്യ വർധനയുടെ ഭാഗമായുള്ള ലേസർ ചികിത്സകൾ ഒന്നും അനുവദിക്കില്ല. കഠിനമായ പല്ല് വേദനയുള്ള രോഗികൾക്ക് ആവശ്യമെങ്കിൽ ഉപാധികളാടെ ചികിത്സ നൽകാം.

ദന്ത ചികിത്സയ്ക്ക് വരുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനാണ് നീക്കം. എന്നാൽ പ്രമേഹം, രക്തസമ്മർദം, ഹൃദയ രോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്ക് നിശ്ചയിച്ച പ്രകാരം ചികിത്സ നൽകണം. ഇവർക്ക് ഔഷധങ്ങൾ വീടുകളിൽ എത്തിക്കുകയോ പകരം വരുന്നവർക്ക് നൽകുകയോ ചെയ്യാം. ആശുപത്രികളിൽ എത്തിക്കേണ്ടതില്ലാത്ത രോഗികൾക്ക്ആരോഗ്യപരമായ നിർദേശങ്ങൾ ഡോക്ടർമാർക്ക്  ഓൺ ലൈൻ വഴി നൽകാമെന്നും അധികൃതർ വ്യക്തമാക്കി. 

ഹെൽത്ത് അതോറിറ്റിയിൽ നിന്നും പെർമിറ്റ് നേടി പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും നിയമം പാലിച്ചിരിക്കണമെന്ന് അധികൃതർ പറഞ്ഞു. 

ശരീരോഷ്മാവ് പരിശോധിക്കണം

ക്ലിനിക്കുകൾ അടക്കമുള്ള മെഡിക്കൽ സ്ഥാപനങ്ങളിലെത്തുന്ന എല്ലാ രോഗികളുടെയും ശരീരോഷ്മാവ് പരിശോധിക്കണമെന്നും നിർദേശമുണ്ട്. യാത്ര ചെയ്തിട്ടുണ്ടെങ്കിൽ തിയതിയും വിശദാംശങ്ങളും രേഖപ്പെടുത്തണം. യൂനാനി, പ്രകൃതിചികിത്സകളും കൃത്രിമ തലമുടിവയ്ക്കൽ, ദേഹത്തിലെ മുടിനീക്കൽ തുടങ്ങിയ ചികിത്സകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്ക്കണമെന്നാണു നിർദേശം. 

ഇത്തരം ചികിത്സാ ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചകൾക്ക് നിലവിൽ നൽകിയ തിയതികൾ നീട്ടണം. മെഡിക്കൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ കളിക്കാനുള്ള ഇടം അടച്ചിടണം. രോഗികളുടെ കാത്തിരിപ്പ് മുറി, അനുബന്ധ സേവന കേന്ദ്രങ്ങളും സ്ഥാപനങ്ങളുടെ വാതിൽ പിടികൾ വരെ അണുവിമുക്തമാക്കാനും അധികൃതർ ആവശ്യപ്പെട്ടു. വൈറസ് ബാധ തടയാൻ ആളുകൾ തിങ്ങിക്കൂടുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

സ്ഥാപന ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണം. 20 മിനിറ്റിലധികം ഒരു രോഗി ചികിത്സാ കേന്ദ്രത്തിൽ കാത്തിരിക്കാൻ പാടില്ലാത്ത വിധം ഇടപാടുകൾ ക്രമീകരിക്കണം. ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾ ജോലിയിലുളളവരുടെ വകുപ്പ് അനുസരിച്ചുള്ള പട്ടിക അതോറിറ്റിക്ക് ഇ-മെയിൽ അയക്കണം. അടിയന്തര സേവനം ആവശ്യമെങ്കിൽ വിളിക്കാൻ വേണ്ടിയാണിത്. ഏതെങ്കിലും സ്ഥാപനങ്ങൾക്ക് താൽക്കാലികമായി അടച്ചിടാൻ താൽപര്യമുണ്ടെങ്കിൽ ഹെൽത്ത് അതോറിറ്റിയിൽ അപേക്ഷ നൽകാനാവും.

കോവിഡ് കാലത്ത് ഓർക്കാനുണ്ടേറെ

∙ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കുന്നതാണു സുരക്ഷിതം. അവശ്യസാധനങ്ങൾ വാങ്ങാനോ അടിയന്തര സാഹചര്യങ്ങളിൽ ബന്ധുക്കളെ കാണാനോ വിലക്കുകളില്ല. എന്നാൽ സുരക്ഷിത അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും വേണം. ഹസ്തദാനം പോലുള്ള ശീലങ്ങൾ തീർത്തും ഒഴിവാക്കുക.

∙ വ്യായാമത്തിനും മറ്റും പുറത്തിറങ്ങുന്നതും ഒഴിവാക്കാം. പകരം വീടുകളിൽ ചെയ്യാം. പരിശീലകന്റെ മേൽനോട്ടത്തിലല്ലാതെ വെയ്റ്റ് ലിഫ്റ്റിങ്ങും മറ്റു കഠിന വ്യായാമങ്ങളും സുരക്ഷിതമല്ല. അതേസമയം, വ്യായാമം ഉപേക്ഷിക്കുകയോ ഭക്ഷണശീലങ്ങളിൽ പെട്ടെന്നു മാറ്റം വരുത്തുകയോ അരുതെന്നും ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നു.

∙ ഹോട്ടലുകളിൽ ഹോം ഡെലിവറിയുണ്ട്. സാധനങ്ങൾ വാങ്ങി വരികയുമാകാം. ഹോം ഡെലിവറിയാണ് സുരക്ഷിതം.

∙ പരമാവധി ഒാൺ​ലൈൻ ഇടപാടുകളിലേക്കു മാറുക. ഭക്ഷണത്തിലടക്കം ആർഭാടങ്ങൾ ഒഴിവാക്കുക.

∙ അത്യാവശ്യ ഘട്ടങ്ങളിൽ കുടുംബാംഗങ്ങൾക്ക് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാമെങ്കിലും 3 പേരിൽ കൂടുതൽ പാടില്ല.

∙ വീടുകളിലിരുന്നു ജോലി ചെയ്യുന്നതാണ് സുരക്ഷിതം.

∙ അടിയന്തര ഘട്ടങ്ങളിൽ അല്ലാതെ ആശുപത്രികളിൽ പോകുന്നത് ഒഴിവാക്കുക. പകർച്ചപ്പനിയുണ്ടെങ്കിൽ മാസ്ക് ധരിക്കണം. ഒരു കാര്യവും ഡോക്ടറോടു മറച്ചുവയ്ക്കരുത്.

∙ സൂപ്പർ മാർക്കറ്റുകളും ഗ്രോസറികളും പ്രവർത്തിക്കുന്നതിനാൽ ഭക്ഷണ സാധനങ്ങൾക്കു ദൗർലഭ്യം ഉണ്ടാകുമെന്ന ആശങ്ക വേണ്ട. അമിതമായി സാധനങ്ങൾ വാങ്ങി സൂക്ഷിക്കേണ്ടതില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA