ADVERTISEMENT

അബുദാബി∙  രൂപയുടെ മൂല്യം തകർന്നടിഞ്ഞിട്ടും കോവിഡ് ആഘാതത്തിൽ ആനുകൂല്യം സ്വന്തമാക്കാനാവാതെ പ്രവാസികൾ. 1 ദിർഹത്തിന് 20 രൂപ 89 പൈസ വരെയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. എന്നിട്ടും ധനവിനിമയ സ്ഥാപനങ്ങളിൽ തിരക്കില്ല. ദിർഹത്തിന് 21 കടക്കുന്നത് കാത്തിരിക്കുകയല്ല അയയ്ക്കാൻ പണമില്ലെന്നതാണ് വസ്തുത.

കോവി‍ഡ് ഭീഷണിയിൽ പല കമ്പനികളും പ്രവർത്തനം മന്ദഗതിയിലായിട്ടുണ്ട്. സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ ഒഴികെ മറ്റു വിഭാഗങ്ങളിലൊന്നും കച്ചവടം നടക്കുന്നില്ല. കമ്പനികൾക്ക് പുതിയ പദ്ധതികളും ലഭിക്കാതായതോടെ പലരും ജീവനക്കാർക്ക് ദീർഘനാളത്തെ ശമ്പളമില്ലാത്ത അവധി നൽകിക്കൊണ്ടിരിക്കുകയാണ്. ഉള്ളവരാകട്ടെ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തിയും വീട്ടിലിരുന്നും മറ്റുമാണ് ജോലി ചെയ്യിക്കുന്നത്.

അതുകൊണ്ടുതന്നെ കൃത്യമായി ശമ്പളം ലഭിക്കുമോ എന്ന ആശങ്കയാണ് പലർക്കും. യൂറോയും സ്വർണവും കുത്തനെ താഴുന്നത് യുഎസ് ഡോളറിനു കരുത്തേകുകയായിരുന്നു. ഇതോടെ വിദേശധനകാര്യ സ്ഥാപനങ്ങൾ ഓഹരിയും സ്വർണവും വിറ്റഴിച്ച് ഡോളറിലേക്ക് നിക്ഷേപം മാറ്റുന്നതു രൂപ അടക്കമുള്ള കറൻസികൾക്കു വിനയായി. ഇതാണ് രൂപ ഒരു രൂപവുമില്ലാതെ കുത്തനെ താഴാൻ കാരണം.

വാഗ്ദാനങ്ങളിൽ വീഴരുത്

കോവിഡ് പശ്ചാത്തലത്തിൽ വായ്പയ്ക്കും ക്രെഡിറ്റ് കാർഡിനും ഇളവുണ്ടെന്ന വാഗ്ദാനത്തിൽ വീഴരുത്. ആവശ്യം, അത്യാവശ്യം, അനാവശ്യം നോക്കി മാത്രമേ ഇത്തരം വാഗ്ദാനങ്ങൾ സ്വീകരിക്കാവൂ. ഇളവ് കേട്ട് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് നിയന്ത്രണം വച്ചില്ലെങ്കിൽ പിന്നീട് തിരിച്ചടവ് പ്രയാസമാകും.

കണ്ണടച്ച് പണമയയ്ക്കല്ലേ; ഓർക്കാനുണ്ടേറെ...


∙ പണം നാട്ടിലേക്ക് അയക്കുന്നതിനുമുൻപ് അത്യാവശ്യ തുക കയ്യിൽ കരുതുക.

∙ വിനിമയ നിരക്കിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താൻ പണം ഭാഗികമായി മാത്രം അയയ്ക്കുക.

∙ പ്രതിസന്ധി ഘട്ടത്തിൽ ആർക്കും സഹായിക്കാനാവില്ലെന്ന് ഓർക്കുക.

∙ കുടുംബ ബജറ്റ് പുനഃക്രമീകരിക്കുക.

∙ കൂടുതൽ വായ്പ എടുക്കാതിരിക്കുക.

∙ ക്രെഡിറ്റ് കാർഡ് ഉപയോഗം കുറയ്ക്കുക.

∙ സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ എത്രയും വേഗം തീർക്കുക.

∙ ശരീരത്തിന്റെ പ്രതിരോധ ശേഷി വീണ്ടെടുക്കാനാവശ്യമായ വ്യായാമം വീട്ടിലിരുന്ന് ചെയ്യുക.

∙ അത്യാവശ്യത്തിനു വേണ്ട അവശ്യ സാധനങ്ങൾ മാത്രം വാങ്ങുക.

∙ മാറിയ സാഹചര്യത്തിൽ ചെലവു ചുരുക്കാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുക.

∙ വെർട്ടിക്കൽ ഫാമിങ് ചെയ്ത് ആവശ്യമുള്ള പച്ചക്കറി വീട്ടിൽ ഉൽപാദിപ്പിച്ച് ചെലവ് കുറയ്ക്കുക.

∙ ഒന്നിൽ കൂടുതൽ മൊബൈൽ/ചാനൽ കണക്ഷൻ തുടങ്ങി അനാവശ്യ ചെലവ് ഒഴിവാക്കുക.

∙ യാത്രാവിലക്ക് പാലിച്ചിരിക്കുന്ന കുടുംബത്തിന് മാനസിക പിന്തുണ നൽകുക.

∙ ഇ–ലേണിങിലൂടെ പഠനം തുടരാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക

∙ കുടുംബാംഗങ്ങൾക്ക് ഇൻഷൂറൻസ് കവറേജ് ഉറപ്പുവരുത്തുക

ഇനിയുമിടിയും രൂപ

ഈ മാസം 31, ഏപ്രിൽ 1, 2 തീയതികളിൽ നടക്കാനിരക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോളിസി റിവ്യൂ മീറ്റിങ്ങിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് സാമ്പത്തിക ലോകം. അതുവരെ രൂപ രാജ്യാന്തര വിപണിയുടെ പിടിയിലാവും. അതുകൊണ്ടുതന്നെ രൂപയുടെ കാര്യം ഇനിയും പരിതാപകരമാകാനാണ് സാധ്യത.  ഈ കുത്തൊഴുക്കിൽ ഇന്ത്യ കരുതൽശേഖരം വിൽക്കാൻ ശ്രമിച്ചാലും രൂപയ്ക്കു പിടിച്ചുനിൽക്കാനാവുമോ എന്നത് സംശയമാണ്-പി.കെ.സജിത് കുമാർ, ഐബിഎംസി സിഇഒ, എംഡി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com