sections
MORE

ഇന്നു മുതൽ കടുത്ത നിയന്ത്രണം; ഓൺലൈൻ ഗ്രോസറി ശക്തമാക്കി യുഎഇ

online-shopping
representative image
SHARE

അബുദാബി∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോട ഓൺലൈൻ ഗ്രോസറി ശക്തമാക്കി യുഎഇ. അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കുന്നതിന് യുഎഇയിലെ ഓൺലൈൻ ശൃംഖല വ്യാപകമാക്കി. ലുലു ഗ്രൂപ്പ് ഉൾപെടെ 22 ഓൺലൈൻ വ്യാപാര ശൃംഖലകൾ ജനങ്ങളുടെ ആവശ്യം അനുസരിച്ച് സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി അറിയിച്ചു. സൂപ്പർ,ഹൈപ്പർ മാർക്കറ്റ് മുതൽ ഗ്രോസറി വരെ ഈ ഗണത്തിൽ പെടും.

പഴം, പച്ചക്കറി, മത്സ്യം, മാംസ കടകളും സാധനങ്ങൾ വീട്ടിലെത്തിക്കും.കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഫോണിലൂടെ ഓർഡർ നൽകി സാധനങ്ങൾ വാങ്ങിക്കുന്നവരുടെ എണ്ണം വർധിച്ചു. ഇന്നു മുതൽ ഈ വിഭാഗക്കാരുടെ എണ്ണം ഇരട്ടിയിലേറെയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കച്ചവടക്കാർ പറഞ്ഞു. അതുകൊണ്ടുതന്നെ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ജോലിക്ക് കൂടുതൽ പേരെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. റസ്റ്ററന്റ് ഉൾപെടെ ഭോജന ശാലകളിൽ ഇന്നു മുതൽ പാർസൽ മാത്രമേ ലഭിക്കൂ. നേരിട്ട് എത്തിയാൽ പോലും വേണ്ട ആഹാരം തയാറാക്കി പൊതിഞ്ഞു നൽകാനാണ് നിർദേശം.

കോവിഡിൽ കോളടിച്ച് ഗ്രോസറികൾ

അടിയന്തര ഘട്ടങ്ങളിലല്ലാതെ ഗ്രോസറികളെ ആശ്രയിക്കാത്ത അയൽപക്കക്കാർ പോലും സാധനങ്ങൾ വാങ്ങിക്കൊണ്ടുപോകുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഗ്രോസറി ജീവനക്കാർ. ഇതോടെ ഇവരുടെ കച്ചവടം ഇരട്ടിയായി. ഇന്നു മുതൽ ഷോപ്പിങ് മാളുകളും വ്യാപാര സ്ഥാപനങ്ങളും അടയ്ക്കുന്നതിനാൽ വരുംദിവസങ്ങളിൽ നിയന്ത്രണം കടുപ്പിക്കുമോ എന്ന ആശങ്കയാണ് അവശ്യസാധനങ്ങൾ വാങ്ങികൂട്ടാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. ഗ്രോസറിയും റസ്റ്ററൻറും സൂപ്പർ, ഹൈപ്പർമാർക്കറ്റുകളും അടയ്ക്കില്ലെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നെങ്കിലും സാധനം കിട്ടാതാവുമോ എന്ന ഭയമാണ് കേടാകാത്ത സാധനങ്ങൾ സംഭരിച്ചുവച്ചതെന്ന് ചെങ്ങന്നൂർ സ്വദേശി സൂസൻ എബ്രഹാം പറഞ്ഞു. വർഷങ്ങളായി ദുബായിൽ താമസിക്കുന്ന സൂസൻ ഇത്തരമൊരു അവസ്ഥ നേരിടുന്നത് ഇതാദ്യമാണെന്നും പറഞ്ഞു. വൻകിട സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിലെ തിരക്കുമൂലം തൊട്ടടുത്ത ഗ്രോസറികളെയാണ് ആശ്രയിക്കുന്നതെന്നും സൂചിപ്പിച്ചു.

കച്ചവടം ഇരട്ടി

കഴിഞ്ഞ 2 ദിവസങ്ങളായി ഇരട്ടിയിലേറെ കച്ചവടം നടക്കുന്നതായും നിത്യോപയോഗ സാധനങ്ങളാണ് പ്രധാനമായും വിറ്റുപോകുന്നതെന്നും അബുദാബിയിലെ ചെറുകിട ഗ്രോസറിക്കാർ പറഞ്ഞു. സാനിറ്റൈസറിനും മാസ്കിനും ആവശ്യക്കാർ ഏറെയാണ്. അവശ്യ സാധനങ്ങൾ നിമിഷ വേഗത്തിൽ തീരുന്നത്. ഇതിന് ആനുപാതികമായി മൊത്തക്കച്ചവടക്കാരിൽനിന്ന് സാധനങ്ങൾ ലഭ്യമല്ലെന്ന പരാതിയും ഗ്രോസറിക്കാർക്കുണ്ട്. പല സാധനങ്ങൾക്കും ഓർഡർ നൽകിയ അളവിന്റെ പകുതിയോ അതിൽകുറവോ സാധനങ്ങളേ ലഭിക്കുന്നുള്ളൂവെന്നും ഇവർ സൂചിപ്പിച്ചു.

അൻസർ മാളുകളിൽ കയ്യുറ നൽകും

ദുബായ് ∙ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശങ്ങൾ പാലിച്ചാണ് അൻസർ മാളുകളിൽ പ്രവർത്തനം നടത്തുന്നതെന്നും എത്തുന്ന ഉപഭോക്താക്കൾക്ക് മുഴുവൻ ഷോപ്പിങ് സമയത്ത് കയ്യുക വിതരണം ചെയ്യുന്നുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു. ട്രോളികൾ അണുവിമുക്തമാക്കുന്നുണ്ട്. സാനിറ്റൈസറുകളും ഉപയോക്താക്കൾക്ക് നൽകുന്നു.
ശുചിമുറികൾ ശുചീകരണം നടത്തുന്നതിനു പുറമെ അണുവിമുക്തമാക്കുന്നുമുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ഷാർജയിലെയും ദുബായിലെയും മാളുകളിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

യൂണിയൻ കോപ് പുലർത്തുന്നത് രാജ്യാന്തര മാനദണ്ഡങ്ങൾ

ദുബായ് ∙ യൂണിയൻ കോപ് രാജ്യാന്തര നിലവാരത്തിലുള്ള ശുചീകരണ നടപടികളാണ് സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് സ്വീകരിക്കുന്നതെന്ന് ഡയറക്ടർ ഓഫ് ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡോ.സുഹെയ്ൽ അൽ ബസ്തകി അറിയിച്ചു. യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ദുബായ് മുനിസിപ്പാലിറ്റി എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വിതരണക്കാരുടെ പക്കൽ നിന്നാണ് യൂണിയൻ കോപ് സാധനങ്ങൾ വാങ്ങുന്നത്. ഇറക്കുമതി, ചരക്കുനീക്കം, സംഭരണം, വിതരണം എന്നിവയെല്ലാം രാജ്യാന്തര മാനദണ്ഡങ്ങൾ പുലർത്തിയാണ്. ഇവ വീടുകളിൽ എത്തിക്കുമ്പോൾ യൂണിയൻ കോപ് പ്രത്യേക ശ്രദ്ധ നൽകുന്നു. മനുഷ്യസ്പർശം വേണ്ടി വരുന്ന സാഹചര്യങ്ങൾ മുനിസിപ്പാലിറ്റി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങളും പുലർത്തുന്നു. മാസ്കും ഗ്ലൗസും ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കുന്നുണ്ടോ എന്നും മറ്റും ഡെലിവറി ഓഫിസർ പ്രത്യേകം പരിശോധന നടത്തുന്നുണ്ടെന്നും സുഹെയ്ൽ അൽ ബസ്തകി വ്യക്തമാക്കി.

സഫാരി മാൾ പ്രവർത്തിക്കും

ഷാർജ ∙ മുവൈലയിലെ സഫാരി മാളിൽ രാവിലെ എട്ടു മുതൽ രാത്രി 12.30 വരെ പ്രവർത്തനം ഉണ്ടാകുമെന്നും ഷാർജ മന്ത്രാലയത്തിന്റെയും നഗരസഭയുടെയും സുരക്ഷാ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചാവും പ്രവർത്തനമെന്നും അധികൃതർ അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ട്രോളി അണുവിമുക്തമാക്കുന്നുണ്ട്. പ്രധാന ഇടങ്ങളിൽ സാനിറ്റൈസറുകൾ ലഭ്യമാക്കിയും ശുചിമുറികൾ എല്ലായ്പ്പോഴും അണുവിമുക്തമാക്കിയും ആരോഗ്യപരിരക്ഷാ നടപടികൾ ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കോവിഡ്: സുരക്ഷാ ക്രമീകരണങ്ങളുമായി അൽമദീന ഗ്രൂപ്പ്

അബുദാബി ∙ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി പ്രത്യേക സംവിധാനങ്ങളും ബോധവൽകരണവുമായി അൽ മദീന ഗ്രൂപ്പ്. അബുദാബി മേഖലയിലെ പതിനൊന്ന് ഹൈപ്പർ മാർക്കറ്റ് ഔട്ട് ലെറ്റുകളിളും സെന്റർ വെയർഹൗസ് ഗോഡൗണിലും സാനിറ്റൈസിംഗ് സംവിധാനം ലഭ്യമാണ്. ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ ഭാഷകളിൽ ചിത്രീകരിച്ച വീഡിയോകൾ പ്രദർശിപ്പിക്കുന്ന എച്ച്.ഡി.സ്ക്രീനുകൾ എല്ലാ ശാഖകളിലും സ്ഥാപിച്ചിട്ടുണ്ട്.ഉപഭോക്താക്കൾ ചെക്കൗട്ട് കൗണ്ടറുകളിൽ നിശ്ചിത അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ടു ബോർഡുകളും സ്ഥാപിച്ചു. യുഎഇ ആരോഗ്യനിയമ വകുപ്പുകളുടെ നിർദേശങ്ങൾക്ക് അനുസൃതമായി തങ്ങളുടെ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ബോധവൽകരിക്കാനും വിപുലമായ ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. റെയിൻബോ റസ്റ്റോറൻ്റുകളുടെ മൂന്നു ശാഖകളിലും, ടെയ്സ്റ്റി വേൾഡ് റെസ്റ്റോറൻ്റിലും ഭക്ഷണപാനീയങ്ങൾ പാർസലായി ലഭിക്കുമെന്നും അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA