ADVERTISEMENT

കുവൈത്ത് സിറ്റി● കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കർഫ്യു കുവൈത്തിൽ പുതിയ അനുഭവമാണ്. ജീവിതത്തിൽ ആദ്യമായാണ് സ്വദേശികളും വിദേശികളും കർഫ്യു കാലത്തിലൂടെ കടന്നുപോകുന്നത്. വൈകിട്ട് അഞ്ചു മുതൽ രാവിലെ നാലു വരെയുള്ള കർഫ്യു സമയത്ത് വീട്ടിൽ നിന്നു പുറത്തിറങ്ങാൻ നിരോധനമുണ്ട്. വൈകുന്നേരങ്ങൾ ഒട്ടേറെ  പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാക്കിയവർ വീടിനകത്ത് ഒതുങ്ങിക്കൂടേണ്ടി വന്ന അവസ്ഥ. അനിവാര്യമായ അച്ചടക്കം എന്നതിനോട് ആർക്കും വിയോജിപ്പില്ല. എന്നാൽ ചെയ്യേണ്ട പലതും ചെയ്യാനാകാതെയും ബദൽ വഴികൾ കണ്ടെത്തിയും പലരും സ്ഥിതിഗതികളോട് പൊരുത്തപ്പെടുന്നു. 

 

 

അടങ്ങിയൊതുങ്ങി വീട്ടിലിരുന്ന്….

റോയി യോഹന്നാൻ (സെക്രട്ടറി എൻ‌ഇസികെ,കുവൈത്ത്)

 

 

ആരോഗ്യമന്ത്രാലയത്തിലെ ജോലിയും കഴിഞ്ഞ് എൻ‌ഇസികെയിലേക്ക് ഓടിയെത്തുമായിരുന്നു റോയി യോഹന്നാൻ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 80ലേറെ ചർച്ചുകളിലുള്ളവർ ആരാധനയ്ക്കായി ഒത്തുചേരുന്ന ഇടമാണ് നാഷനൽ ഇവൻ‌ജലിക്കൽ ചർച്ച് ഇൻ കുവൈത്ത് അഥവാ എൻ‌ഇസികെ

 

സ്വദേശിയായ റവ.ഇമ്മാനുവൽ ഗരീബ് ചെയർമാനായ ഭരണസമിതി സെക്രട്ടറിയാണ് പന്തളം സ്വദേശി റോയി യോഹന്നാൻ. മിക്ക വൈകുന്നേരങ്ങളിലും എൻ‌ഇസികെ ഓഫീസിൽ എത്തിയ ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടാകും. എൻ‌ഇ‌സികെയുടെ സ്പോൺസർഷിപ്പിലുള്ള 57 വികാരിമാർക്ക് പുറമെ അഹമ്മദി സെൻ‌റ് പോൾസ് ചർച്ചിന് കീഴിലുള്ള 14 വികാരിമാരുടെയും പലകാര്യങ്ങളും അതിൽ ഉൾപ്പെടും. 

jibu-gif

 

കർഫ്യു നിലവിൽ വന്നതോടെ അവയെല്ലാം മുടങ്ങി.  വികാരിമാരുടെ ഇഖാമ പുതുക്കൽ ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾ വർക്ക് അറ്റ് ഹോം എന്ന രീതിയിലാക്കി. ആളുകൾ പുറത്തിറങ്ങാൻ പാടില്ലാത്തതും എൻ‌ഇസികെയിൽ പരിപാടികൾ റദ്ദാക്കിയതും വിവിധ ആവശ്യങ്ങൾക്ക് വ്യത്യസ്ത സഭകൾക്ക് ഹാളുകൾ ക്രമീകരിച്ചു നൽകേണ്ട ജോലി ഇല്ലാതാക്കിയിട്ടുണ്ട്. അതേസമയം വിവിധ സഭകൾ അടക്കേണ്ട ഫീസ് സ്വരൂപിക്കുന്നതിനും മറ്റും ക്രമീകരണങ്ങൾ നടത്തേണ്ടതായും വരുന്നു.

 

വൈകിട്ട് 5ന് മുൻപ് വീട്ടിൽ കയറും. കുടുംബം അവധിക്ക് നാട്ടിലാണ്. ജീവിതത്തിൻ‌റെ ഭാഗമായിത്തീർന്ന ശീലം മാറിയതോടെ വീടിനകത്ത് കയറില്ലാതെ കെട്ടിയിട്ട പോലെയായിട്ടുണ്ട്. സാഹചര്യത്തിൻ‌റെ അനിവാര്യത എന്നതിനാൽ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലുമാണ്. കഴിക്കാൻ എന്തെങ്കിലുമൊക്കെയുണ്ടാക്കി വല്ലതും വായിച്ച് സമയം ചെലവഴിക്കും. പള്ളിക്കാര്യങ്ങളുമായി കെട്ടുപിണഞ്ഞും ഒട്ടേറെ പരിപാടികളിൽ സാന്നിധ്യമായും കഴിഞ്ഞിരുന്ന ഒരാൾ `അടങ്ങിയൊതുങ്ങി` വീട്ടിലിരിക്കുന്ന അവസ്ഥ അനുഭവിച്ചറിയുന്നു റോയി യോഹന്നാൻ.  

 

മലയാളി രക്ഷിതാക്കളുടെ ആധിയിൽ സങ്കടവുമായി…

ഫാ.ജിബു ചെറിയൻ

 

(കുവൈത്ത് സെൻ‌‌റ് ജോർജ് യൂണിവേഴ്സൽ യാക്കോബായ വലിയ പള്ളി ചുമതലക്കാരൻ)

varghese-puthukulangara-gif

 

ചർച്ചിലെ ചുമതലയും യുണൈറ്റഡ് ഇന്ത്യ സ്കൂളിലെ കൗൺസലിങ് ജോലിയുമുള്ള ഫാ.ജിബു ചെറിയാന് കൊറോണക്കെതിരായി കുവൈത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും കർഫ്യുവും സമ്മാനിച്ചത് ധാരാളം പുസ്തകം വായിക്കാനുള്ള സൗകര്യം. സ്കൂൾ ലൈബ്രറിയിൽ നിന്നും ഇ-ബുക്സും ഓൺ‌ലൈൻ വഴിയുമെല്ലാം കിട്ടാവുന്ന പുസ്തകങ്ങൾ വായിച്ചു തീർക്കുകയാണ് അദ്ദേഹം. സിനിമാഭ്രമം ഇല്ല.   ജോലിയിൽ വ്യാപൃതമായിരുന്ന ശീലം മാറി വീട്ടിൽ കഴിഞ്ഞുകൂടേണ്ടിവന്നത് അസ്വസ്ഥതയുളവാക്കുന്നുണ്ട്. അതിനിടയിലും സമൂഹത്തിൽ സദാ ഇടപെട്ടുകൊണ്ടിരുന്നയാൾ എന്ന നിലയിൽ സാമൂഹികമായ ചിന്തകൾ അലട്ടുന്നുമുണ്ട്.

 

നിയന്ത്രണങ്ങൾ കാരണം വീടുകളിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികളെ സംബന്ധിച്ച ആധിയുമായി ബന്ധപ്പെടുന്ന മാതാപിതാക്കളുടെ എണ്ണംകൂടിയെന്നാണ് ഫാ.ജിബു പറയുന്നത്. കുട്ടികളിപ്പോൾ ടാബിനും മൊബൈലിനും ടെലിവിഷനും അടിമപ്പെട്ടുവെന്നാണ് അദ്ദേഹത്തിൻ‌റെ നിരീക്ഷണം. മലയാളം ചാനൽ പരിപാടികളിൽ കേൾക്കുന്ന വാക്കുകൾ ശ്ലിലാശ്ലീല വകതിരിവില്ലാതെ കുട്ടികൾ പ്രയോഗിക്കുന്നുവെന്ന പരിഭവവുമായി ധാരളം വിളികളെത്തുന്നുവത്രെ. അതേസമയം കിട്ടിയ സമയത്ത് കുട്ടികളെ മലയാളം പഠിപ്പിക്കുന്ന രക്ഷിതാക്കളുമുണ്ട്.

 

rekha-thomas-gif

കൗൺസലിങുമായി ബന്ധപ്പെട്ട് വിളിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കുട്ടികൾ ടിവി അഡിക്റ്റഡ് ആകുന്നുവെന്നതാണ് രക്ഷിതാക്കളുടെ പരിഭവങ്ങളിൽ ഏറെയും. കുട്ടികളിൽ ഉറക്കം കുറയുന്നതായും ചില രക്ഷിതാക്കൾ പറയുന്നു. 

 

ഫാ.ജിബു ചെറിയാൻ ഓർമിപ്പിക്കുന്നു: കുവൈത്തിലെ കുട്ടികളിൽ കണ്ണട ധാരികൾ അധികമാണ്.വീടുകളിൽ കഴിയുന്ന കുട്ടികളിൽ ലോങ്‌സൈറ്റ് കുറയുന്നുവെന്നുണ്ട്. മൊബൈലും ടാബും യഥേഷ്ടം ഉപയോഗിക്കുന്നുവെന്നത് തന്നെ കാരണം.

 

 

അസ്വസ്ഥം, എങ്കിലും ആശ്വാസത്തെളിനീരും.

 

mithun-gif

വർഗീസ് പുതുക്കുളങ്ങര (പ്രസിഡൻ‌റ് ഒഐസിസി, കുവൈത്ത് )  

 

ജോലിയും ഒപ്പം സാമൂഹികപ്രവർത്തനവും എന്നതാണ് വർഗീസ് പുതുക്കുളങ്ങരയുടെ ശീലം. വൈകുന്നേരങ്ങളിൽ അബ്ബാസിയയിലെ ഒഐസിസി ഓഫീസിലെത്തും. സഹപ്രവർത്തകരുമായി കൂടിക്കാഴ്ചയും ആവശ്യങ്ങളുമായി എത്തുന്നവരുടെ പ്രശ്നങ്ങളിൽ ആകാവുന്ന വിധം ഇടപെടലുമൊക്കെയായി രാത്രിയാകും. നാട്ടിലെ കോൺഗ്രസ് നേതാക്കളിൽ ഗ്രൂപ്പ് ഭേദമെന്യെ ഓരോരുത്തരും കുവൈത്തിൽ ഇടപെടുന്നതും വർഗീസിനെ തന്നെ. പുതിയ സാഹചര്യത്തിൽ എല്ലാം തകിടം മറിഞ്ഞിരിക്കയാണ്. 

 

5മണിക്ക് മുൻപെ വീടയണം. സഹപ്രവർത്തകരുമായി ഇഴുകിച്ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് അവധി നൽകേണ്ടിവന്നിരിക്കുന്നു. അതിഥികളായി എത്തുന്നവരും ഇല്ല. അസ്വസ്ഥജനകമെങ്കിലും ആശ്വാസം ലഭിക്കുന്ന ഘടകമുണ്ട് വീടണയലിൽ തനിക്കെന്ന് സ്വകാര്യമായി സമ്മതിക്കുന്നു വർഗീസ്. അത് മറ്റൊന്നുമല്ല, വൈകിക്കിട്ടിയ ഇരട്ടക്കുഞ്ഞുങ്ങളുമൊത്ത് ചെലവഴിക്കാൻ ഇഷ്ടം‌‌പോലെ സമയം. ആ സന്തോഷത്തിനിടയിലും മൊത്തം അവസ്ഥയിൽ സന്ദേഹവുമുണ്ട് ഈ പൊതുപ്രവർത്തകന്. 

 

 

കൂടെ മകനും ഉണ്ടായിരുന്നെങ്കിൽ……

 

രേഖ തോമസ് (വീട്ടമ്മ)

 

സാഹചര്യവുമായി പൊരുത്തപ്പെടാൻ  എളുപ്പത്തിൽ സാധിച്ചുവെന്നാണ് കോട്ടയം‌കാരി വീട്ടമ്മ രേഖ തോമസിൻ‌റെ പക്ഷം. ഇന്ത്യയിലുള്ള മകനും കൂടെയുണ്ടായിരുന്നെങ്കിൽ എന്നാശിക്കുകയും ചെയ്യുന്നു അവർ.

 

അവസരം ലഭിക്കുമ്പോഴെല്ലാം ഭർത്താവ് സുരേഷ് തോമസ് കനിയാം‌കുളവുമൊത്ത് നാടായ നാടുകളൊക്കെ സന്ദർശിക്കുന്നതിൽ ഹരം കണ്ടെത്തുന്ന രേഖാ തോമസ് ഈ വേനലിലും എവിടെയെങ്കിലും കറങ്ങാനുള്ള ആലോചനയിലായിരുന്നു. കുവൈത്തിലെ വൈകുന്നേരങ്ങൾ രേഖയ്ക്ക് കറങ്ങാനുള്ളതാണ്.ചർച്ച്, സൺ‌ഡേ സ്കൂൾ, ക്വയർ പരിശീലനം, ജില്ലാ അസോസിയേഷൻ പ്രവർത്തനങ്ങളും പിന്നെ തിയറ്ററിൽ പോയി സിനിമ കാണൽ പുതിയ പുതിയ റസ്റ്ററൻ‌റുകൾ കണ്ടെത്തി ഭക്ഷണം, മാളുകളിൽ വിൻഡോ ഷോപ്പിങ് അങ്ങനെയൊക്കെയാണ് രീതി. അതിഥി സൽക്കാരപ്രിയ എന്ന പേരുമുണ്ട്. 

 

കർഫ്യു വന്നതോടെ സ്ഥിതിയാകെ മാറി. സുഹൃത്തുക്കൾ പലരും വിളിച്ച് ബോറടിക്കുന്നുവെന്ന് പരിഭവപ്പെടുമ്പോൾ ഇതൊക്കെയെന്ത് ബോറടിയെന്നതാണ് രേഖ തോമസിൻ‌റെ മട്ട്. കിച്ചനിൽ കയറാൻ മടിയില്ലാത്തതും പാചകത്തിന് കൈപ്പുണ്യമുണ്ടെന്ന വിശ്വാസവും ഇപ്പോൾ കൂട്ടിനുണ്ടെന്ന് പറയുന്നു അവർ. 4 നേരം അടുക്കളയിൽ. അവിടെ പാചകവൈവിധ്യവും. നേരത്തെ സമയക്കുറവ് കാരണം മാറ്റിവച്ച പല ടാലൻ‌റുകളും പുറത്തെടുക്കാൻ അവസരമൊത്തു എന്നാണ് രേഖ പറയുന്നത്. ഏത് സാഹചര്യവുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ ദൈവ തുണയുണ്ടെങ്കിൽ പിന്നെന്തിന് വെപ്രാളം. മകൻ കൂടി കൂടെയുണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെയെന്ന് രേഖ പറയുന്നത് പൊളിവാക്കല്ലതന്നെ.

 

 

എന്നും ഒരുപോലെ………

 

മിഥുൻ ഏബ്രഹാം (സ്റ്റാഫ് നഴ്സ്, ആരോഗ്യമന്ത്രാലയം)

 

സമയം രാത്രി 10.15. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരികയായിരുന്നു ഹരിപ്പാട് കാരിച്ചാൽ സ്വദേശി മിഥുൻ ഏബ്രഹാം. പതിവിന് വിപരീതമാണ് പാതകൾ. എന്നും തിരക്കൊഴിഞ്ഞിട്ടില്ലാത്ത പാതയിൽ വാഹനങ്ങളൊന്നും ഇല്ലാത്ത അവസ്ഥ. പെട്ടെന്നാണ് പൊലീസ് വാഹനം മിഥുന്റെ വാഹനത്തിനു വിലങ്ങ് തീർത്തത്. എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നുവെന്നായിരുന്നു ചോദ്യം. തിരിച്ചറിയൽ കാർഡ് കാണിച്ച മിഥുൻ ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് താമസസ്ഥലത്തേക്ക് പോവുകയാണെന്ന് അറിയിച്ചു. പ്രശ്നമൊന്നും ഇല്ലാതെ പൊലീസ് പോകാൻ അനുവദിച്ചു.

 

വൈകിട്ട് 5 തൊട്ട് പുലർച്ചെ 4 വരെ കർഫ്യു സമയത്ത് ആരും റോഡിൽ ഇറങ്ങരുത്, ആശുപത്രി സേവനങ്ങൾ പോലെ ചുരുക്കം ചില അത്യാവശ്യ മേഖലയിൽ ഉള്ളവർ ഒഴികെ.

 

വീടുകളിൽനിന്ന് പുറത്തിറങ്ങാൻ അനുമതിയില്ലാത്തവർ കർഫ്യു അനുഭവിച്ചറിയുന്നവരാണ്. എന്നാൽ കർഫ്യു വേളയിൽ പുറത്തിറങ്ങാൻ അനുമതിയുള്ളവർക്ക് അതത്ര അനുഭവവേദ്യമാകുന്നില്ലെന്ന് മിഥുൻ സാക്ഷ്യപ്പെടുത്തുന്നു. അല്ലെങ്കിലും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ സേവനം ഒന്നു വേറെ തന്നെയാണ്. മഹാമാരിക്കെതിരെയും മനസ്സാന്നിധ്യത്തോടെ ജോലി ചെയ്യാൻ വിധിക്കപ്പെട്ടവരാണ് അവർ. 

 

സാധാരണ നാളുകളിൽതന്നെ 3 ഷിഫ്റ്റുകൾ മാറിമാറി ജോലി ചെയ്യേണ്ടിവരുന്നത് കൊണ്ട് ഋതുഭേദങ്ങളുടെ മാറിമറിച്ചലുകൾ അനുഭവിക്കാൻ കഴിയുന്നു. അവിടെ രാത്രിയും പകലുമെന്ന അന്തരം തോന്നാറില്ല. കുടുംബമൊത്തുള്ള ഔട്ടിങ് പൊതുവെ പരിമിതമാണ്. ഇപ്പോഴാകട്ടെ അത് തീരെ ഇല്ലാതായെന്ന് മാത്രം. അങ്ങനെയൊക്കെയാണെങ്കിലും പ്രതിസന്ധി ഘട്ടത്തിലെ പ്രവർത്തനം നൽകുന്ന സന്തുഷ്ടി വലുതാണെന്ന് പറയും മിഥുൻ. മിഥുനിനെ പോലെ ആ രംഗത്തുള്ള മറ്റുള്ളവരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com