ADVERTISEMENT

ദോഹ∙വംശനാശ ഭീഷണി നേരിടുന്ന കടലാമകള്‍ക്ക് സുരക്ഷിത പ്രജനനം ഉറപ്പാക്കാനുള്ള തയാറെടുപ്പുകള്‍ക്കു തുടക്കമായി. നഗരസഭ പരിസ്ഥിതി മന്ത്രാലയമാണു കടലാമകളുടെ പ്രജനനം സുരക്ഷിതമാക്കാന്‍ നടപടികള്‍ തുടങ്ങിയത്. ഖത്തര്‍ സര്‍വകലാശാലയുമായി സഹകരിച്ചാണിത്. എല്ലാ വര്‍ഷവും ഏപ്രില്‍ 1 മുതല്‍  ജൂലൈ 31 വരെയാണ് കടലാമകളുടെ പ്രജനന കാലം. വംശനാശ ഭീഷണി നേരിടുന്ന ഹൗക്ക്‌സ് ബില്‍ ഇനത്തില്‍പ്പെട്ട കടലാമകളാണ് കൂടുതലും ഖത്തറിന്റെ തീരങ്ങളിലേക്ക് മുട്ടയിടാനായി എത്തുക. ഇതിന്റെ ഭാഗമായി ഫുവൈറിത്ത് ബീച്ചില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രജനന കാലം കഴിയുന്ന ഓഗസ്റ്റ് ഒന്നു വരെ അടച്ചിടുകയാണു പതിവ്. ശബ്ദ കോലാഹലങ്ങള്‍ പ്രജനനത്തെ തടസപ്പെടുത്തുമെന്നതിനാലാണ് ബീച്ച് അടയ്ക്കുന്നത്. 

 

സുസ്ഥിര പരിസ്ഥിതി

 

പ്രജനനത്തിന് ആവശ്യമായ സുസ്ഥിര പരിസ്ഥിതിയാണ് അധികൃതര്‍ ഒരുക്കുക. ഫുവൈറിത്ത് കൂടാതെ അല്‍ ഖാരിയ, റാസ് ലഫാന്‍, അല്‍ മറൂണ എന്നീ തീരങ്ങളിലും ഹലുല്‍, ഷരീവു, റാസ് രഖന്‍, ഉംതെയ്‌സ് എന്നീ ദ്വീപുകളിലുമാണ് കടലാമകള്‍ മുട്ടയിടാനായി എത്തുക. സുരക്ഷിത പ്രജനനത്തിനായി കടല്‍തീരം വേലികെട്ടി വേര്‍തിരിച്ച് ആവശ്യമായ വെളിച്ച സംവിധാനങ്ങളോടു കൂടിയ കൂടുകളാണ് കടലാമകള്‍ക്കായി ഒരുക്കുക. കടലാമകളുടെ സാന്നിധ്യം ഏറെയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണവും ശക്തമാക്കും. 2013 മുതല്‍ക്കാണ് ഹൗക്ക്‌സ് ബില്‍ ഇനത്തില്‍പ്പെട്ട കടലാമകളുടെ സംരക്ഷണ പദ്ധതിക്ക് മന്ത്രാലയം തുടക്കമിട്ടത്. 

 

കഴിഞ്ഞ സീസണില്‍ വിരിഞ്ഞത് 5,706 കുഞ്ഞുങ്ങള്‍

 

കഴിഞ്ഞ സീസണില്‍ 5,706 ഓളം കടലാമ കുഞ്ഞുങ്ങളെയാണ് മന്ത്രാലയം കടലിലേക്ക് ഒഴുക്കി വിട്ടത്. 9 മുതല്‍ 14 വരെ ദിവസങ്ങളുടെ ഇടവേളയില്‍  രണ്ടോ മൂന്നോ കൂട്ടമായാണ് കടലാമകള്‍ മുട്ടയിടുന്നത്. പലപ്പോഴും രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്കിടയിലാണ് ഓരോ ആമയും കരയിലെത്തി മുട്ടയിടുന്നത്. രാത്രിയില്‍ തീരത്ത് വെളിച്ചമോ ശബ്ദമോ ഉണ്ടായാല്‍ അവ തിരികെ മടങ്ങും. ഓരോ സീസണിലും 70 മുതല്‍ 95 മുട്ടകള്‍ വരെയാണ്  കടലാമ ഓരോ കൂട്ടിലും ഇടുന്നത്. അടയിരിക്കാതെ തന്നെ 52 മുതല്‍ 62 ദിവസത്തിനുള്ളില്‍  കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങും. സൂര്യനില്‍ നിന്നുള്ള ചൂടേറ്റാണ് മുട്ട വിരിയുക. ചൂട് കൂടുന്നതിന് അനുസരിച്ച് വിരിയാന്‍ എടുക്കുന്ന ദിവസത്തിന്റെ എണ്ണം കുറയും. മുട്ട വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങള്‍ സന്ധ്യയോടെ കടലിലേക്ക് നീന്തിയിറങ്ങുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com