sections
MORE

കൊറോണക്കാലത്തെ ഇ–ലേണിങ് പാഠങ്ങൾ: രക്ഷിതാക്കൾ 'അമ്മട്ടീച്ചറും' 'അച്ഛന്‍മാഷു'മാകണം

e-learning
SHARE

അജ്മാന്‍∙ ലോകം കോവിഡ്–19 നെതിരെയുള്ള പോരാട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ സ്കൂൾ പഠനം മുടങ്ങിയ കുട്ടികൾക്ക് രക്ഷിതാക്കൾ 'അമ്മട്ടീച്ചറും' 'അച്ഛന്‍മാഷു'മാ യി മാറണമെന്ന് അജ്മാൻ അൽ അമീർ ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പലും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ എസ് .ജെ. ജേക്കബ് പറഞ്ഞു.  ഡിസ്റ്റൻസ് ലേണിങ്, വെർച്ച്വൽ ക്ലാസ്സസ്, ഇ– ലേണിങ് തുടങ്ങിയ പദങ്ങളിലൂടെ വിവക്ഷിക്കുന്ന ഒരേ സംഗതിയെക്കുറിച്ച് നമ്മുടെ രക്ഷിതാക്കള്‍ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ആദ്യം രക്ഷിക്കേണ്ടത് കുഞ്ഞുങ്ങളെ

ലോകത്തിന്റെ മിക്ക കോണുകളിലും ആളുകൾ വീട്ടിനുള്ളിൽത്തന്നെ കഴിയുകയാണ്. മാനവസമൂഹം വല്ലാത്തൊരു സ്തംഭനാവസ്ഥയിൽ നിശ്ചലമായിരിക്കുന്നു. പൊതു ഇടങ്ങളെല്ലാം ഒഴിഞ്ഞുകിടക്കുന്നു. എങ്ങും എല്ലാ തലങ്ങളിലുമുള്ള വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നു.സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് യു എ ഇ സർക്കാർ സർക്കുലർ ഇറക്കിയപ്പോൾ ആദ്യംതന്നെ ഓർമിപ്പിച്ചത് ഡിസ്റ്റൻസ് ലേണിങ് (ഇ–ലേണിങ്) നടപ്പിൽ വരുത്തേണ്ടതിനെക്കുറിച്ചാണ്. ഈ കൊടുംവ്യാധിയിൽ നിന്ന് ആദ്യം രക്ഷിക്കേണ്ടത് നമ്മുടെ കുഞ്ഞുങ്ങളെത്തന്നെയാണല്ലോ. വിദ്യാലയങ്ങൾ അടഞ്ഞുകിടന്നാലും പഠനപ്രക്രിയയിൽനിന്ന് അവരെ മാറ്റിനിർത്താനും പാടില്ല. ഡിസ്റ്റൻസ് ലേണിങ്, വെർച്ച്വൽ ക്ലാസ്സസ്, ഇ– ലേണിങ് തുടങ്ങിയ പദങ്ങളിലൂടെ വിവക്ഷിക്കുന്ന ഒരേ സംഗതിയെക്കുറിച്ച് നമ്മുടെ രക്ഷിതാക്കള്‍ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്. സ്‌കൂളിലെ ക്‌ളാസ് റൂമുകളുടെ സ്ഥാനം താൽക്കാലികമായിട്ടാണെങ്കിലും വീട്ടിനുള്ളിലേയ്ക്കു മാറുമ്പോൾ സ്വാഭാവികമായും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചില മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ഇ ലേണിങ്ങിൽ ഈ മൂന്നു കൂട്ടരും ഒരുമിച്ച് മുന്നേറിയാലേ നാം ഉദ്ദേശിക്കുന്ന ലക്‌ഷ്യം സാക്ഷാത്ക്കരിക്കാൻ സാധിക്കൂ.

 

താരതമ്യം ചെയ്ത് സമയം കളയേണ്ട

ഈ സന്ദർഭത്തിൽ ക്ലാസ് റൂം പഠനത്തെയും വീട്ടിലിരുന്നുള്ള ഇ ലേണിങ്ങിനെയും താരതമ്യം ചെയ്ത് സമയം കളയുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. യൂറോപ്പ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളിൽ ഇ ലേണിങ് വ്യാപകമായി കാണുന്നതുപോലെ മധ്യപൂര്‍വദേശത്ത് ആയിട്ടില്ല. യൂണിവേഴ്‌സിറ്റി തലങ്ങളിൽ ചിലയിടത്തൊക്കെ ഇത്തരം ക്ലാസുകൾ ഉണ്ടാകാം. ചില ഹൈ എൻഡ് സ്‌കൂളുകളിൽ ആക്ടിവിറ്റീസിനും ഹോം വർക്കിനും   ഈ രീതി പ്രയോജനപ്പെടുത്തുന്നുണ്ടാകാം. എന്നാൽ 75 ശതമാനത്തോളം ഏഷ്യൻ സ്‌കൂളുകൾക്കും ഇതൊരു പുതിയ വെല്ലുവിളി തന്നെയാണ്. ഏറ്റെടുക്കാതെ ഒഴിഞ്ഞുനിൽക്കാൻ പറ്റാത്ത വെല്ലുവിളി. ഈ സ്‌കൂളുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ രക്ഷിതാക്കളിലും ആകാക്ഷയുടെ അലകൾ കാണാം. സാധാരണക്കാർക്ക് സാമ്പത്തികബാധ്യത വരുത്താതെത്തന്നെ പുതിയ വെല്ലുവിളി നേരിടാൻ അൽ അമീർ സ്കൂൾ ഒരുങ്ങിക്കഴിഞ്ഞു. യു എ ഇയിലെ മറ്റ് സ്‌കൂളുകളും അതിന് സജ്ജമായിട്ടുണ്ട് എന്നാണ് വിശ്വാസം.

 

മൂന്നു വിഭാഗങ്ങൾ; അമ്മമാർ അധ്യാപകരാകണം

വിദ്യാർഥികളെ മൂന്നു വിഭാഗങ്ങളിലായി തിരിച്ച് ഇ ലേണിങ് നടപ്പിലാക്കാനാണ് ഞങ്ങളുടെ ശ്രമം. കെജി വൺ മുതൽ മൂന്നാം ക്ലാസ് വരെയുള്ളതാണ് ആദ്യലെവൽ. നാലു തൊട്ട് എട്ടുവരെയുള്ള ക്ലാസുകളിലെ കുഞ്ഞുങ്ങൾ രണ്ടാമത്തെ ലെവലിൽ വരും.ഒമ്പത് തുടങ്ങി 12 കൂടി ഉൾക്കൊള്ളുന്നതാണ് മൂന്നാമത്തെ ലെവൽ.

ഇതിൽ ആദ്യ തലത്തിലാണ് രക്ഷിതാക്കൾ ഏറ്റവും കരുതൽ എടുക്കേണ്ട തലം. മറ്റ് തലങ്ങളിൽ അവർക്കുള്ള പ്രാധാന്യം ഒട്ടും കുറച്ചുകണ്ടല്ല ഞാൻ ഇങ്ങനെ പറയുന്നത്. ആ രണ്ടു തലങ്ങളിലും അവരുടെ റോൾ കുറച്ചുകൂടി  ആശ്വാസകരമായിരിക്കും എന്നേ അതിനർത്ഥമുള്ളൂ. ഇതിൽത്തന്നെ കെ ജി വണ്ണിലെ കുട്ടികൾക്ക് ഇത് തികച്ചും പുതിയൊരു ലോകം തന്നെയാണ് എന്ന് നമ്മൾ വളരെ ഗൗരവത്തോടെ ഓർക്കണം. ഇ ലേണിങ് മാത്രമല്ല  സാധാരണ ലേണിങ്ങും അവർക്ക് പുത്തനാണ്. ആ പുത്തൻകൂറ്റുകാരെ  ഒട്ടും പിണക്കാതെത്തന്നെ നമ്മൾ കൈകാര്യം ചെയ്യണം. സ്‌കൂളിലെ ക്ലാസ് റൂമിൽ അവരുടെ താളത്തിനൊത്ത് ആടാനും പാടാനും പാഠങ്ങൾ മധുരമായി പകർന്നുകൊടുക്കാനും ഒരു അധ്യാപികയുണ്ട്. ഇവിടെയാണ് അമ്മതന്നെ മേമായി, ഒരു ടീച്ചറായി മാറേണ്ട ഏറ്റവും അത്യാവശ്യസന്ദർഭം. നാല് വരെയുള്ള ക്ലാസ്സുകളുടെ ലെവലിൽ പലപ്പോഴും ഈ ടീച്ചർ റോൾ അമ്മമാർതന്നെ എടുക്കേണ്ടിവരും. ഈ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് എല്ലാം ഒറ്റയ്ക്കു ചെയ്യാൻ പറ്റില്ല. അവരുടെ കൂടെത്തന്നെ രക്ഷിതാക്കൾ നിൽക്കണം. 

വെർച്ച്വൽ ക്ലാസ് നടക്കുമ്പോൾ അവർക്കുവേണ്ട എല്ലാ സാമഗ്രികളും ഈ അമ്മട്ടീച്ചർതന്നെ ഒരുക്കി എടുത്തുകൊടുക്കണം. മെല്ലെ മെല്ലെ ഈ പുത്തൻ പരിപാടിയുമായി ഇണങ്ങാൻ പാകത്തിലേയ്ക്ക് അവരെ സജ്ജരാക്കുകയും വേണം. ഈ പ്രായത്തിൽ കുഞ്ഞുങ്ങൾ പാസ്സീവ് ആയിരിക്കും എന്ന വസ്തുത നാം ഓർക്കണം.അവരുടെ അറ്റൻഷൻ സ്പാനിൻറെ ദൈർഘ്യം 8 മുതൽ 12 വരെ മിനിറ്റ് മാത്രമാണ്. ഇതുതന്നെ വിദ്യാഭ്യാസവിഷയത്തിൽ 6 മിനിറ്റ് മാത്രമാണ്. ഒരു മണിക്കൂറിനു പ്രോഗ്രാം ചെയ്തിട്ടുള്ള ഒരു ക്‌ളാസിൽ 6 മിനിറ്റിനും അപ്പുറത്തേയ്ക്ക് അവരുടെ ശ്രദ്ധ പിടിച്ചുനിർത്താൻ ഒരു ക്‌ളാസ്‌റൂം അന്തരീക്ഷത്തിൽ ടീച്ചർമാർ പല സൂത്രങ്ങളും പ്രയോഗിക്കും. ആ സൂത്രങ്ങളിൽ പലതും അവനവൻറെ മനോധർമ്മം അനുസരിച്ച് അമ്മട്ടീച്ചർമാർക്കും പ്രയോഗത്തിൽ വരുത്തേണ്ടിവരും. ദേഷ്യപ്പെട്ടിട്ട് ഒരു പ്രയോജനവും ഉണ്ടാവില്ല.അവരെ ആകർഷിച്ച് മയത്തിൽ ശ്രദ്ധയുടെ സ്പാൻ നീട്ടിക്കൊണ്ടുപോകണം. അവർക്ക് പാഠങ്ങൾ തയ്യാറാക്കുന്ന ടീച്ചേഴ്‌സും വളരെ ശ്രദ്ധിക്കണം. കഥകളും പാട്ടുകളും വർണ്ണചിത്രങ്ങളും കാർട്ടൂൺ വീഡിയോസും ഒക്കെ അവരും പ്രയോജനപ്പെടുത്തണം.

 

രക്ഷിതാക്കൾ സൂപ്പർവൈസേഴ്‌സിന്റെ സ്ഥാനത്ത് 

ഇനി അടുത്ത ലെവെലിനെക്കുറിച്ച് ചിന്തിക്കാം.10 വയസ്സുള്ളൊരു കുട്ടിയുടെ അറ്റൻഷൻ സ്പാൻ 10 മിനിറ്റ് മാത്രമാണ്. നമ്മൾ ഇ ലേണിങ്ങിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചും ഈ പ്രായമാകുമ്പോഴേയ്ക്കും ഏതാണ്ടൊരു ബോധമൊക്കെ അവർക്കുണ്ടായിക്കാണും. ഇക്കാലത്ത് മൊബൈൽഫോൺ തന്നെ ഒരു കംപ്യൂട്ടറിൻറെ റോൾ വഹിക്കുന്നതുകൊണ്ട് അത്യാവശ്യം 'ആപ്പു'കളെക്കുറിച്ചൊക്കെ സാമാന്യജ്ഞാനം അവർ നേടിയിട്ടുണ്ടാകും. ഇവിടെ രക്ഷിതാക്കൾ ടീച്ചേഴ്സ് തലം വിട്ട്  സ്‌കൂളിലെ സൂപ്പർവൈസേഴ്‌സിൻറെ സ്ഥാനത്ത് എത്തണം. സിസ്റ്റത്തിൽ കളിച്ചിരിക്കാനുള്ള അവരുടെ വാസനയ്ക്ക് കടിഞ്ഞാണിടണം.മൊത്തത്തിലുള്ള ഒരു സൂപ്പർവിഷൻ വെർച്ച്വൽ ക്ലാസ് നടത്തുന്ന നേരം മുഴുവനും വേണ്ടിവരും. അവർക്കൊപ്പമിരുന്ന് പാഠങ്ങളിൽ ആക്റ്റീവ് ആയി പങ്കെടുക്കുകയും വേണം. ഓരോ ക്ലാസിലും വരുന്ന സംശയങ്ങൾ കുട്ടികളെക്കൊണ്ട് രേഖപ്പെടുത്തിവയ്ക്കണം. അവയെല്ലാം ടീച്ചേഴ്‌സുമായി വാട്സാപ്പ്  ഗ്രൂപ്പ് വഴിയോ മറ്റോ പരിഹരിക്കുകയും വേണം. അത്യാവശ്യം ചെറുചെറു സംശയങ്ങൾ രക്ഷിതാക്കൾക്കുതന്നെ പരിഹരിക്കാനും ഈ ആക്റ്റീവ് പാർട്ടിസിപ്പേഷൻ അവരെ സഹായിക്കും. ഓരോ വിഷയത്തിലും വരുന്ന ക്ലാസ് നോട്സും ടാസ്ക് വിവരങ്ങളും ഹോം വർക്ക് അസൈൻമെൻസും ഓരോ പ്രത്യേകം ഫോൾഡറിൽ സൂക്ഷിക്കാൻ വേറെ വേറെ ഫയലുകൾ വാങ്ങിക്കൊടുക്കുകയും വേണം.കുട്ടികളുടെ ശ്രദ്ധ മറ്റെങ്ങും പോകാതിരിക്കാൻ രക്ഷിതാക്കൾ കിണഞ്ഞുശ്രമിക്കുകതന്നെ വേണ്ടിവരും എന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കട്ടെ.

9 തുടങ്ങി 12 വരെയുള്ള കുട്ടികളെ ശ്രദ്ധിക്കുന്ന കാര്യത്തിൽ ശരിക്കും ഒരു പ്രിൻസിപ്പലിൻറെ റോളാണ് രക്ഷിതാക്കൾക്ക് നിർവഹിക്കാനുള്ളത്.ഏതു സിസ്റ്റത്തിലും അധ്യാപകരെക്കാളും രക്ഷിതാക്കളെക്കാളും  അടിസ്ഥാനവിജ്ഞാനം ഉള്ളവരാണ് അവർ. അവരിൽ  കൂടുതലായൊന്നും  പ്രേരണ ചെലുത്തേണ്ടി വരില്ല.  ഒരുവിധം എല്ലാം സ്വയം ചെയ്യാൻ പ്രാപ്തരാണവർ. എങ്കിലും ചില കാര്യങ്ങളിൽ രക്ഷിതാക്കൾക്ക് ഒരു   മുൻകരുതൽ അത്യാവശ്യമാണ്. 

 

പുതിയ  െഎ ഫോണില്ലാതെങ്ങനെ അച്ഛാ?..

ഇ–ലേണിങ് അവസരം മാക്സിമം പ്രയോജനപ്പെടുത്താൻ ചില ആവശ്യങ്ങളുമായി അവർ നിങ്ങളെ സമീപിച്ചേക്കാം. ഒരു പുതിയ ഐ ഫോൺ, ലേറ്റസ്റ്റ് ലാപ്ടോപ്പ്, വില കൂടിയ ടാബ്‌, സ്പീഡ് നെറ്റ് കണക്‌ഷൻ, പഠിക്കാൻ പ്രത്യേകം ഒരു മുറി.....ഇങ്ങനെ പലതും. അവയിലൊന്നും വീണ് അനാവശ്യമായി പണച്ചെലവ് ഉണ്ടാക്കുന്ന ഒരു കാര്യത്തിലും നിങ്ങൾ ചെന്നുചാടരുത്. പ്രത്യേകിച്ച് ഇവിടത്തെ അനിശ്ചിതത്വം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിൽ.അവർക്ക് സ്വകാര്യതയിൽ കൂട്ടുകാരുമായി ചാറ്റ് ചെയ്തിരിക്കാനും അനാവശ്യസൈറ്റുകളിൽ ചുറ്റിയടിക്കാനും നമ്മൾ അവസരം ഉണ്ടാക്കരുത്. ഒരു പ്രിൻസിപ്പലിൻറെ കണ്ണ് എപ്പോഴും അവരിലേയ്ക്ക് ഉണ്ടാകണം എന്നു പറഞ്ഞതിന്റെ പൊരുൾ നിങ്ങൾക്ക് പിടി കിട്ടിയിരിക്കുമല്ലോ.

ഇ–ലേണിങ് സംവിധാനം എളുപ്പം ഒരുക്കാം

നിങ്ങൾക്കിപ്പോഴുള്ള മൊബൈൽ നെറ്റ് കണക്‌ഷൻതന്നെ പരിശോധിച്ച് കഴിയുമെങ്കിൽ അതുപയോഗിച്ചുതന്നെ ഒരു കണക്ടർ മാത്രം വാങ്ങി വീട്ടിലെ ടി വിയുമായി ഈ വെർച്ച്വൽ ക്ലാസിനെ ബന്ധിപ്പിക്കുക. നിങ്ങളുടെ വീട്ടിൽ ഉള്ളത് ഒരു യുഎച്ച്ഡി ടിവിയാണെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്.അതില്ലെങ്കിലും കാര്യമാക്കണ്ട. ഉള്ള ടി വി തന്നെ നമ്മുടെ ഈ പുതിയ പദ്ധതിക്ക് പ്രയോജനപ്പെടുത്താം. കണക്റ്ററിന് പത്തോ പതിനഞ്ചോ ദിർഹമേ ചെലവാക്കേണ്ടതുള്ളൂ. ഒരേ സമയം എല്ലാ കുട്ടികൾക്കും ഒരേ സമയം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെങ്കിൽ  പ്രയാസപ്പെടേണ്ട.നിങ്ങളുടെ ടീച്ചേഴ്‌സുമായി ബന്ധപ്പെട്ട് ഈ ക്ലാസുകളുടെ ലിങ്ക് മനസ്സിലാക്കി കുട്ടികൾക്കൊപ്പമിരുന്ന് സൗകര്യത്തിനനുസരിച്ച് ക്ലാസിൽ പങ്കുകൊളളാം.  

 

നമ്മൾ മറികടക്കുക തന്നെ ചെയ്യും

ഈ കൊറോണക്കാലത്തെ നമ്മൾ മറി കടക്കുകതന്നെ ചെയ്യും. അതിനായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേരുന്ന ഒരു ഓൺലൈൻ  ഫാമിലി നമുക്ക് കെട്ടിപ്പടുക്കാം. നമ്മുടെ കുഞ്ഞുങ്ങളുടെ പഠനം നമുക്ക് മുന്നോട്ട്  കൊണ്ടുപോകാം. ഈ കഷ്ടപ്പാടുകളൊക്കെ വേഗംതന്നെ മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മനുഷ്യരുടെ രോദനം കാരുണികനായ ദൈവം കേൾക്കുകതന്നെ ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA