ADVERTISEMENT

ദുബായ് ∙ യുഎഇയിൽ മെട്രോ ഉൾപ്പെടെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ഞായർ രാവിലെ 6 വരെ നിർത്തിവച്ചു. ഇന്നലെ രാത്രി 8ന് ഇതു നിലവിൽ വന്നു. ദേശീയതലത്തിലുള്ള അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായാണ് ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ സംയുക്ത തീരുമാനം. രാത്രി 8 മുതൽ 6 വരെ യുഎഇയിലാകെ അണുനശീകരണം നടക്കും. റോഡുകളിലും മറ്റും ശുചീകരിക്കും. രാത്രി 8 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിനു കടുത്ത നിയന്ത്രണമുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.

dubai-gif

ഇന്നും നാളെയും അവധി ദിവസങ്ങളായതിനാൽ പൊതുജനങ്ങൾ താമസസ്ഥലങ്ങളിൽ തന്നെയിരിക്കണം. ഭക്ഷണം, മരുന്ന് എന്നീ അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങാൻ പുറത്തിറങ്ങിയാൽ ഉടൻ മടങ്ങണം. ഊർജം, വാർത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, പൊലീസ്, സൈന്യം, തപാൽ, ഷിപ്പിങ്, ഫാർമസ്യൂട്ടിക്കൽസ്, വെള്ളം, ഭക്ഷണം, സിവിൽ വ്യോമയാനം, ബാങ്കിങ്-ധനകാര്യം, പാചകവാതകം, നിർമാണം എന്നീ മേഖലകളിൽ േജാലി ചെയ്യുന്നവർക്ക് പുറത്തിറങ്ങാൻ വിലക്കില്ല. ഭക്ഷ്യ സ്ഥാപനങ്ങൾ, കോഒാപ്പറേറ്റീവ് സൊസൈറ്റികൾ, ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ എന്നിവയ്ക്കു പ്രവർത്തിക്കാം.

ദുബായിൽ ട്രക്കുകളുടെ നിയന്ത്രണം നീക്കി

ദുബായ് റോഡുകളിൽ ട്രക്കുകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ താൽക്കാലികമായി നീക്കി. ചരക്കു കയറ്റാത്ത 2.5 ടൺ ഭാരമുള്ള ട്രക്കുകൾക്കാണ് ഇളവ്. എയർ പോർട്ട്, ഷിന്ദഗ ടണലുകൾ, മക്തൂം ബ്രിഡ്ജ്, ഫ്ലോട്ടിങ് ബ്രിഡ്ജ് എന്നിവിടങ്ങളിൽ നിയന്ത്രണം തുടരും. അപകടകരമായ സാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് ഇളവ് ബാധകമല്ല. േകാവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ ചരക്കു നീക്കത്തെ ബാധിക്കാതിരിക്കാനാണ് നടപടി.

ആശങ്ക പരത്തി നിയന്ത്രണം; കടകളിൽ വൻ തിരക്ക്

ദുബായ് ∙ രാജ്യമാകെ അണുവിമുക്തമാക്കുന്ന നടപടികളുടെ ഭാഗമായുള്ള ചില നിയന്ത്രണങ്ങൾ പലരും തെറ്റിദ്ധരിച്ചതോടെ സൂപ്പർ മാർക്കറ്റുകളിലും ഗ്രോസറികളിലും ഇന്നലെ വൻ തിരക്ക് അനുഭവപ്പെട്ടു. വൈകിട്ട് ആളുകളുടെ നിര കടകളുടെ പുറത്തേക്കു നീണ്ടു. പച്ചക്കറി മുതലുള്ള സാധനങ്ങൾ പലരും വാങ്ങിക്കൂട്ടി. മലയാളികളുടെ പ്രിയപ്പെട്ട പല മത്സ്യയിനങ്ങൾക്കും ക്ഷാമം അനുഭവപ്പെട്ടു. കരാമയിലെ കടകളിൽ അരി, ഗോതമ്പ് പൊടി, മസാലപ്പൊടികൾ, ഫ്രോസൻ കോഴി, ചപ്പാത്തി, പൊറോട്ട, സോസേജ്, പയർവർഗങ്ങൾ തുടങ്ങിയവ പലരും മത്സരിച്ചു വാങ്ങുകയായിരുന്നു. ഞായർ രാവിലെ വരെ ഭാഗികമായാണ് നിയന്ത്രണങ്ങൾ. അതേസമയം, അവശ്യസാധനങ്ങൾക്കു ക്ഷാമമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com