ADVERTISEMENT

റിയാദ്∙ കോവിഡ് വെല്ലുവിളികളെ അതിജീവിക്കാൻ ലോക രാജ്യങ്ങൾ സഹകരിക്കണമെന്ന് ജി20 അധ്യക്ഷനും സൗദി ഭരണാധികാരിയുമായ സൽമാൻ രാജാവ് പറഞ്ഞു. കോവിഡ് ഏല്‍പിക്കുന്ന മാനുഷിക, സാമ്പത്തിക ആഘാതങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചുചേർത്ത അസാധാരണ വെർച്വൽ ഉച്ചകോടിയിലാണ് സൗദി രാജാവ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാനവലോകം നേരിടുന്ന പ്രതിസന്ധിക്ക് ആഗോള പ്രതികരണം അനിവാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാജ്യങ്ങളുടെ കൂട്ടായ്മയായ ജി20യുടെ അധ്യക്ഷസ്ഥാനത്തുള്ളതുകൊണ്ടാണ് സൗദി ഈ ആവശ്യം മുന്നോട്ടുവച്ചത്.

ആഗോള മഹാമാരി ലോകമൊട്ടുക്ക് മനുഷ്യജീവനുകൾ അപഹരിച്ചുകൊണ്ടിരിക്കുന്നത് ഭീതിജനകമാണ്. ഒട്ടേറെയാളുകളാണ് ദിവസേന രോഗബാധിതരാകുന്നത്. മരണപ്പെട്ടവരുടെ കുടുംബത്തിനും രാജ്യത്തിനും അനുശോചനം അറിയിച്ച സൽമാൻ രാജാവ് രോഗബാധിതർക്ക് വേഗം ശമനമുണ്ടാകട്ടെ എന്നും ആശംസിച്ചു. ലോക സാമ്പത്തിക, വ്യാപാര, വിതരണ, വിപണിയുടെ വളർച്ചയ്ക്കും വികസനത്തിനും കോവിഡ് തടസ്സമാകുകയാണ്. അംഗരാജ്യങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ സൗദി മുന്നിൽ നിൽക്കുമെന്നു പറഞ്ഞ സൽമാൻ രാജാവ് ലോകാരോഗ്യ സംഘടനയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

G20

കോവിഡിനുള്ള മരുന്നും വാക്സിനും കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ജി20 രാജ്യങ്ങളുടെ സഹകരണവും അഭ്യർഥിച്ചു. താറുമാറായ ലോക സാമ്പത്തിക വിപണിയെ തിരിച്ചുകൊണ്ടുവരാനും കഠിന പ്രയത്നം ആവശ്യമാണ്. വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികളെ അദ്ദേഹം സ്വാഗതം ചെയ്തു. മാറിയ സാഹചര്യത്തിൽ സാമ്പത്തിക നയത്തിൽ മാറ്റം വരുത്തുകയും ജനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയും വേണമെന്നും ആവശ്യപ്പെട്ടു.

ആഗോള സാമ്പത്തിക മേഖല പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്ന സന്ദേശം ജി20 രാജ്യങ്ങൾ ‍നൽകണമെന്നും സൽമാൻ രാജാവ് ആവശ്യപ്പെട്ടു. കോവിഡിൽ തകർന്ന രാജ്യങ്ങളെ കൈപിടിച്ചുയർത്താനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളെ കൂട്ടായി തരണം ചെയ്ത ഉദാഹരണങ്ങൾ നമുക്കുമുന്നിലുണ്ടെന്നും ഈ പ്രതിസന്ധിയും മറികടന്ന് ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ നമുക്കാവുമെന്നും രാജാവ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ അതതു രാജ്യത്തിരുന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇത് സാമൂഹിക അകലം പാലിക്കുന്നതിന്റെ ആഗോള മാതൃകയാവുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com