ADVERTISEMENT

അബുദാബി∙ രാജ്യമൊട്ടുക്ക് അണുവിമുക്തമാക്കുന്ന നടപടികൾ ഊർജിതമാക്കിയതിനാൽ ഞായറാഴ്ച രാവിലെ വരെ അടിയന്തര ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നാണ് യുഎഇയുടെ നിർദേശം. ഈ അവസരം മുതലെടുത്ത് സ്വന്തം വീടുകളിലെ ശുചീകരണ യജ്ഞത്തിനു തുടക്കം കുറിച്ച് പ്രവാസി സമൂഹവും പോറ്റുനാടിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. സ്കൂൾ അടച്ചിട്ടും പുറത്തിറങ്ങാനാവാതെ വീട്ടിൽ ബോറടിച്ചിരിക്കുന്ന കുട്ടികളെ കൂടെക്കൂട്ടിയാണ് പ്രവാസി കുടുംബങ്ങൾ ശുചീകരണത്തിനു നേതൃത്വം നൽകുന്നത്.

വായിച്ചും സിനിമ കണ്ടും അടികൂടിയും മടുത്ത കുട്ടികളും എതിർപ്പില്ലാതെ യജ്ഞത്തിൽ പങ്കുചേർന്നു. സാധാരണ വീടുകൾ മാറുമ്പോഴുള്ള വമ്പൻ ശുചീകരണം ഒഴിച്ചാൽ പ്രവാസ ലോകത്തെ ജീവിത പാച്ചിലിനിടയിൽ കാര്യമായ സേവനവാരം ഉണ്ടാകാറില്ലെന്നതാണ് വാസ്തവം. കുടുംബസമേതം താമസിക്കുന്നവരിൽ 2 പേരും ജോലിക്കാരാണെങ്കിൽ അടിച്ചുതുടയ്ക്കുന്നത് ആഴ്ചയിൽ ഒരിക്കലാകും. ബാച്ചിലർമാരായി താമസിക്കുന്നവരും ടൈം ടേബിൾ അനുസരിച്ചോ ഒന്നിച്ചുചേർന്നോ ആഴ്ചയിലോ മാസത്തിലോ ചെറിയ സേവനവാരമുണ്ടാകും. എന്നാൽ പലയിടങ്ങളിലും ഇതൊരു വഴിപാടുപോലെയാണ്.

അടിച്ചുവെന്നു വരുത്തി ബെഡ്ഷീറ്റ് മാറ്റുന്നതോടെ അഴുക്കും പൊടിയുമെല്ലാം പോയെന്ന് കരുതാനാണ് ഏവർക്കും ഇഷ്ടം. എന്നാൽ എല്ലാം മാറ്റിമറിക്കുകയാണ് കോവിഡ്. സോഫയും അലമാരയും ടേബിളുമെല്ലാം മാറ്റിയിട്ട് ശുചീകരണയജ്ഞത്തിലാണു പലരും. അണുനശീകരണ ലായനികൾ ഉപയോഗിച്ച് കഴുകി തുടച്ചുവൃത്തിയാക്കുകയായിരുന്നു ഓരോന്നും. ജനൽവിരിയും മറ്റും കഴുകി വൃത്തിയാക്കി. പൊടിപിടിച്ച പുസ്തകങ്ങൾ വൃത്തിയാക്കുകയും കസേരയും മേശയും തുടയ്ക്കുന്നതും അലമാരയിൽ അടുക്കിപ്പെറുക്കിവക്കുന്ന ജോലിയും കുട്ടിപ്പട്ടാളങ്ങൾ ഏറ്റെടുത്തു.

‘തടവുകാലത്തെ’ ബോറടി മാറ്റാം

ദുബായ് ∙ കോവിഡ് വ്യാപനത്തെ തുടർന്നുള്ള 'ഒളിവു ജീവിതം' ഉല്ലാസകരമാക്കാം. പുറത്തിറങ്ങാൻ പറ്റാത്തതിന്റെ മടുപ്പു മാറ്റാൻ പഴയകാല ശീലങ്ങളിലേക്കു മടങ്ങുകയുമാകാം.
വീടുകളിലെ ആരോഗ്യ, ശുചിത്വകാര്യങ്ങളിൽ ചില തിരിച്ചറിവുകൾക്കുള്ള അവസരമായി ഈ കാലം പ്രയോജനപ്പെടുത്തിയാൽ ബോറടിയെ പടിക്കു പുറത്താക്കാനുമാകും. ദുബായിലെ ബാങ്ക് ഉദ്യോഗസ്ഥ പെരിന്തൽമണ്ണ സ്വദേശി റീനയുടെ ചില നിർദേശങ്ങൾ:

∙ 10 ദിവസത്തേക്കുള്ള സാധനങ്ങൾ വാങ്ങിവയ്ക്കുക. പെട്ടെന്നു കേടാകാത്ത പച്ചക്കറികൾ, അരി, പരിപ്പ് എന്നിവയാണ് പ്രധാനമായും വാങ്ങേണ്ടത്. ഒരുപാട് സാധനങ്ങൾ വാങ്ങിക്കൂട്ടാതിരിക്കാനും ശ്രദ്ധിക്കണം.

∙ പച്ചക്കറി നന്നായി കഴുകി വൃത്തിയാക്കണം. ഉപ്പോ മഞ്ഞൾപ്പൊടിയോ ഇട്ട വെള്ളത്തിൽ അരമണിക്കൂറോളം ഇട്ടുവയ്ക്കുന്നത് നല്ലതാണ്.

∙ കടകളിൽ നിന്നു കൊണ്ടുവരുന്ന സാധനങ്ങൾ പ്ലാസ്റ്റിക്, പേപ്പർ കവറുകളിൽ നിന്നു കുപ്പിയിലേക്കു മാറ്റണം. ഒരുപാട് പേർ കൈമാറിയാണ് ഇവ എത്തുന്നതെന്ന് ഒാർക്കണം.

∙ നഖം വളർത്തുന്ന ശീലമുള്ളവർ അതൊഴിവാക്കണം. എത്ര വൃത്തിയാക്കിയാലും നഖങ്ങൾക്കുള്ളിൽ അഴുക്ക് അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്.

∙ കുട്ടികൾ, വയോധികരായ മാതാപിതാക്കൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക കരുതൽ വേണം. അവരുടെ ബെഡ് ഷീറ്റ്, തലയണ കവർ, വസ്ത്രങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിക്കണം.

∙ വീടിന്റെ മുൻഭാഗത്തെ വാതിൽ, ഗേറ്റ് എന്നിവയുെട കൈപ്പിടിയും കോളിങ് ബെല്ലും ദിവസവും വൃത്തിയാക്കണം. വെള്ളത്തിൽ മുക്കിയ തുണികൊണ്ട് കോളിങ് ബെൽ വൃത്തിയാക്കരുത്. വൃത്തിയാക്കാനായി പഴയ തുണികൾ കീറി തുണ്ടുകളായി വച്ചിട്ട് അത് ഉപയോഗിക്കാം.

∙ വീട്ടിലെ കസേരകൾ, മേശകൾ, വാതിലുകൾ എന്നിവയും അണുവിമുക്തമാക്കാം. കൊച്ചുകുട്ടികൾ എപ്പോഴും പിടിക്കുന്ന സ്ഥലങ്ങളാണിവ.

∙ കൈകൾ കഴുകുന്നത് വെറും ചടങ്ങാകരുത്. സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കഴുകണം. ഹാൻഡ് സാനിറ്റൈസറും ഉപയോഗിക്കാം.

∙ കുട്ടികളെ ഗേറ്റിനടുത്തേക്ക് വിടാതിരിക്കുക. പുറമേ നിന്നുള്ളവർ തുപ്പുകയും മറ്റും ചെയ്യുന്ന മണ്ണിൽ കളിക്കുന്നതു സുരക്ഷിതമല്ല.

അൽപം കുട്ടിക്കളിയാകാം

കുട്ടികളോടും മാതാപിതാക്കളോടും അടുത്തിടപഴകാൻ കിട്ടുന്ന സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനാകും. കളിപ്പാട്ടങ്ങളും കളിവള്ളങ്ങളും ഉണ്ടാക്കാൻ പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യാം. പുതിയ തലമുറയ്ക്കു നഷ്ടമായ കഥപറച്ചിലുകൾ വീണ്ടെടുക്കാം. കുട്ടികളോടു കഥകൾ പറയാനും ഒപ്പമിരുന്ന് കളിക്കാനും അവസരം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com