ADVERTISEMENT

ദോഹ ∙ സാംക്രമിക രോഗപ്രതിരോധം സംബന്ധിച്ച നിയമ ഭേദഗതിയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചു. പുതിയ ഭേദഗതി പ്രകാരം സാംക്രമിക രോഗങ്ങള്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ബോധപൂര്‍വം മറച്ചുവെയ്ക്കുന്നതും ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നതും ശിക്ഷാര്‍ഹമാണ്. 

നിയമത്തിലെ ആര്‍ട്ടിക്കിള്‍ 4, 6, 7,8,11 എന്നിവ ലംഘിച്ചാല്‍ പരമാവധി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷ അല്ലെങ്കില്‍ 2,00,000 റിയാല്‍ വരെ പിഴ അല്ലെങ്കില്‍ തടവും പിഴയും ശിക്ഷ ലഭിക്കും. 1990 ലെ 17-ാം നമ്പര്‍ നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2020 ലെ 9-ാം നമ്പര്‍ നിയമത്തിലാണ് അമീര്‍ ഒപ്പുവെച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ നിയമം പ്രാബല്യത്തിലാകും.

1990 ലെ 17-ാം നമ്പര്‍ നിയമത്തിലെ 4-ാം ആര്‍ട്ടിക്കിള്‍ പ്രകാരം ഏതെങ്കിലും വ്യക്തിക്ക് പകര്‍ച്ചവ്യാധി ഉണ്ടെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഉത്തരവാദിത്വം ഡോക്ടര്‍മാര്‍, സ്ഥാപന മേധാവികള്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കുണ്ട്. രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍, രോഗിയുടെ ബന്ധു, വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെങ്കില്‍ പ്രസിഡന്റുമാര്‍, തൊഴിലിടങ്ങളില്‍ വെച്ചാണെങ്കില്‍ മാനേജര്‍മാര്‍, പ്രവാസി തൊഴിലാളികളുടെ കാര്യത്തില്‍ രാജ്യത്തിന് അകത്ത് അല്ലെങ്കില്‍ പുറത്ത് വെച്ചാണെങ്കിലും തൊഴിലുടമ  എന്നിവര്‍ നിര്‍ബന്ധമായും റിപ്പോർട്ട്  ചെയ്തിരിക്കണം.

6-ാം ആര്‍ട്ടിക്കിളിലെ പുതിയ ഭേദഗതി പ്രകാരം ഐസലേഷന്‍ അല്ലെങ്കില്‍ ക്വാറന്റീനില്‍ കഴിയുന്ന വ്യക്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്. ആര്‍ട്ടിക്കിള്‍ 10 പ്രകാരം പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ പൊതുജനാരോഗ്യ സുരക്ഷക്കായി ഒത്തുകൂടല്‍, സഞ്ചാര സ്വാതന്ത്ര്യം എന്നിവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം മന്ത്രിസഭക്കാണ്. 

സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

മിസൈമീര്‍ സര്‍ക്കാര്‍ സേവന കേന്ദ്രത്തില്‍ ഞായറാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. നേരത്തെ എല്ലാ സേവന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം ഒറ്റ ഷിഫ്റ്റാക്കി പരിമിതപ്പെടുത്തിയിരുന്നു. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിത്. ജനങ്ങള്‍ സര്‍ക്കാര്‍ സേവന ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com