sections
MORE

ദുരിത കാലത്തു സഹായ കരങ്ങളുമായി അവരെത്തി; ദുബായിൽ നിന്നൊരു ശുഭവാർത്ത

social-workers-help
സാമൂഹിക–സാംസ്കാരിക പ്രവർത്തകൻ രഞ്ജിത് കോടോത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിതരണത്തിനായി ഭക്ഷണം തയാറാക്കുന്നു.
SHARE

ദുബായ് ∙ ദുരിത കാലത്തു സഹായകരങ്ങളുമായി പതിവുപോലെ അവരെത്തി, മഹാമാരിയുടെ ആശങ്കയിൽ നീറി നിൽക്കുന്നവർക്ക് അന്നവും സാന്ത്വനവുമായി. ഇന്ത്യൻ കോണ്‍സുലേറ്റ് ദുബായ് ആരോഗ്യ വിഭാഗം, ദുബായ് പൊലീസ് എന്നിവയുമായി ചേർന്ന് രോഗബാധയുള്ളവരെയും മറ്റും ആരോഗ്യ പരിശോധനയ്ക്കായി എത്തിക്കുകയും ക്വാറന്റീനിൽ കഴിയുന്നവർക്ക് ഭക്ഷണമടക്കമുള്ള സഹായം നൽകുകയും ചെയ്യുന്ന സംഘം മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെയും സ്വദേശികളുടെയും മനംകവരുന്നു. 

ക്വാറന്റീനിലുള്ളവർക്കും സന്ദർശക വീസയിലുള്ളവർക്കും സഹായം

ക്വാറന്റീൻ കാരണം ജോലിയും ശമ്പളവുമില്ലാത്ത അവസ്ഥയിലുള്ളവരെയും സന്ദർശക വീസയിലെത്തി കുടുങ്ങിക്കിടക്കുന്നവരെയും സഹായിക്കുകയാണ് സന്നദ്ധപ്രവർത്തകരുടെ പ്രധാന പ്രവർത്തനങ്ങളിലൊന്ന് എന്ന് ഇതിന് നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. പ്രശ്നബാധിതരെ ആംബുലൻസ് അടക്കം ഏർപ്പാടാക്കി ആശുപത്രികളിലും തുടർന്ന് പരിശോധനയിൽ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരെ അ‍ഡ്മിറ്റ് ചെയ്യാനുള്ള സഹായവും ചെയ്തുകൊടുക്കുന്നു. ഇത്തരത്തിൽ ദുബായ് ദെയ്റ പ്രദേശങ്ങളിൽ നിന്ന് ഇതിനകം 90ലേറെ പേര്‍ക്ക് സഹായം നൽകാൻ സാധിച്ചു. ഉപജീവനമാർഗം തേടി സന്ദർശക വീസയിൽ കേരളമടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവരിൽ ഭൂരിഭാഗവും വളരെ പ്രയാസത്തോടെയാണ് ഇവിടെ കഴിയാറ്. കോവിഡ്–19 പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് എത്തിയവർ പലരും വിമാന സർവീസ് നിർത്തലാക്കിയതോടെ യുഎഇയിൽ ബാക്കിയായി. ഇവർക്ക് താമസയിടം ലഭ്യമാക്കാന്‍ ശ്രമം തുടരുന്നു.  

social-workers-help1
സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം ദെയ്റയിൽ സേവനത്തിൽ.

സ്റ്ററന്റ് കൂട്ടായ്മ സജീവം

ദുബായിലെ റസ്‌റ്ററന്റുകളും സ്ഥാപനങ്ങളും വ്യക്തികളുമടക്കമുള്ള സുമനസ്സുകള്‍ വാഗ്ദാനം ചെയ്യുന്ന ഭക്ഷണവും ഭക്ഷ്യ വസ്തുക്കളുടെ കിറ്റും സാനിറ്റൈസർ, മാസ്ക് അടക്കമുള്ള മറ്റു സഹായങ്ങളും ക്രോഡീകരിച്ച് ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതായി  സാമൂഹിക–സാംസ്കാരിക പ്രവർത്തകൻ രഞ്ജിത് കോടോത്ത് പറഞ്ഞു. ഭക്ഷണം നൽകിക്കൊണ്ട് ദുബായിലെ റസ്റ്ററന്റുകളുടെ കൂട്ടായ്‌മയും രംഗത്തുണ്ട്. 

സാമൂഹിക പ്രവർത്തകരായ ഷബീർ കീഴൂർ, അസീസ് കമാലിയ, അഷ്‌കർ ചൂരി, ബഷീർ ചേരങ്കൈ, ഹനീഫ് കട്ടക്കാൽ, മുനീർ ബേർക്ക, അഷറഫ് ബെണ്ടിച്ചാൽ, സുഹൈൽ കോപ്പ, നൂറുദ്ദീൻ ആറാട്ടുകടവ്, സർഫാസ് റഹ്മാൻ, കരീം വലപ്പാട്, ഫവാദ് എന്നിവർ സജീവമായി പ്രവർത്തിക്കുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ, യുഎഇ പിആർഒ അസോസിയേഷൻ, കെഎംസിസി അടക്കമുള്ള സംഘടനകളും നേരിട്ടല്ലെങ്കിലും സഹായം നൽകുന്നു. ഉസ്താദ് ഹോട്ടൽ ഉടമ മുഹമ്മദ് ബിനീഷ് ആണ് ഇവ കോ ഒാർഡിനേറ്റ് ചെയ്യുന്നത്. കരാമ മാജിക് സ്പൂൺ, ഖിസൈസ് ഗഫൂർക്കാസ് തട്ടുകട, തറവാട് റസ്റ്റന്റുകൾ എന്നിവയാണ് കൂട്ടായ്മയിൽ സഹകരിക്കുന്നത്. ഫോൺ: 050 948 6360 (രഞ്ജിത് കോടോത്ത്). 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA