ADVERTISEMENT

അബുദാബി∙ കോവിഡ് പശ്ചാത്തലത്തിൽ കോടതി നടപടികൾ താൽക്കാലികമായി നിർത്തി വച്ചതിനാൽ സിവിൽ കേസിൽ അറസ്റ്റ് വാറണ്ടുള്ളവരെ 2 മാസത്തേക്ക് അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് പൊലിസിന് നിർദേശം നൽകി. മെയ് 24 വരെയാണ് താൽക്കാലിക വിലക്ക്. എന്നാൽ ‍ഈ പ്രതികൾ ‍രാജ്യം വിട്ടു പോകുന്നത് തടയും. അതേസമയം തൊഴിൽ കേസുകളും ഭാര്യയ്ക്ക് ചെലവിന് കൊടുക്കുന്നതു സംബന്ധിച്ച കേസുകളും ഇതിൽപെടില്ലെന്നും വ്യക്തമാക്കി. അബുദാബി, അൽഐൻ, അൽദഫ്റ മേഖലകളിലെ പൊലീസ് ഡയറക്ടറേറ്റുകൾക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

വാടകക്കാരെ ഇറക്കിവിടരുത്

സിവിൽ, വാണിജ്യ കേസുകളും വാടക തർക്ക കേസുകളുമെല്ലാം 2 മാസത്തേക്ക് സാവകാശം നൽകിയിട്ടുണ്ട്. ഇതിനിടയിൽ ‍നടപടിയെടുക്കാനോ വാടകക്കാരെ ഇറക്കിവിടാനോ പാടില്ല. ഈ കാലയളവിൽ പുതിയ കേസുകളും റജിസ്റ്റർ ചെയ്യില്ല. ബാങ്ക് അക്കൗണ്ട് ഇടപാട് തർക്കങ്ങളും വസ്തു, ഓഹരി, വാഹനം തുടങ്ങിയ കേസുകളും ഇതിൽപെടുമെന്ന് ജുഡീഷ്യൽ ഡിപ്പാർട്ടമെന്റ് അണ്ടർ സെക്രട്ടറി കൗൺസിലർ യൂസഫ് സഈദ് അൽ ഇബ്രി പറഞ്ഞു. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന്റെയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെയും നിർദേശപ്രകാരമാണ് പുതിയ നടപടി.

നോട്ടുകൾ അണു വിമുക്തമാക്കാൻ നിർദേശം

അബുദാബി∙ കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അണുവിമുക്തമാക്കിയ നോട്ടുകൾ എടിഎമ്മുകളിൽ ഉറപ്പുവരുത്താൻ സെൻട്രൽ ബാങ്ക് നിർദേശം നൽകി. ഒപ്പം ഒരുതവണ ഉപയോഗിക്കാവുന്ന കയ്യുറകളും എടിഎമ്മുകളിൽ നിർബന്ധമായും ലഭ്യമാക്കണമെന്നും സമയബന്ധിതമായി പ്രദേശം അണുവിമുക്തമാക്കണമെന്നും നിർദേശം നൽകി. മാസാവസാനം ശമ്പളം കിട്ടുന്ന സമയമായതിനാൽ എടിഎം വഴി തുക പിൻവലിക്കാൻ എത്തുന്നവരുടെ എണ്ണം കൂടാനിടയുള്ളതിനാലാണ് ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ അധിക ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ടത്.

ദുബായ് ആമർ കേന്ദ്രങ്ങൾ അടച്ചു

ദുബായ് ∙ എമിറേറ്റിലെ എല്ലാ ആമർ കേന്ദ്രങ്ങളും അടുത്ത മാസം 9 വരെ പൂട്ടിയതായി ദുബായ് എമിഗ്രേഷൻ, വീസ സേവനങ്ങൾക്കു വകുപ്പിന്റെ വെബ്സൈറ്റ്, സ്മാർട് ആപ്ലിക്കേഷൻ എന്നിവ ഉപയോഗപ്പെടുത്തണം.

ഹോം ഡെലിവറി ആരംഭിക്കാൻ കോഓപ്പറേറ്റീവ് സൊസൈറ്റി

അബുദാബി∙ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ 41 ശാഖകളിലും ഹോം ഡെലിവറി ഉടൻ ആരംഭിക്കുമെന്നും 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച സാധനങ്ങളുെട വിലയിൽ മാറ്റമുണ്ടാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com