ADVERTISEMENT
ദുബായ് ∙ കോവിഡ് ആശങ്കയുടെ കാലത്തു പ്രതാപങ്ങളെ പടിയിറക്കി പ്രവാസികൾ. ഒറ്റപ്പെടൽ നൽകിയ ഓർമപ്പെടുത്തലുകൾ വഴിതുറന്നത് പുതിയ ശീലങ്ങളിലേക്ക്. കൊറോണ സമ്മാനിച്ച ക്ഷാമകാലത്തെ ക്ഷമയോടെ നേരിടുകയാണ് ഓരോ പ്രവാസിയും. നിയന്ത്രണങ്ങളും ദൗർലഭ്യവും ശീലങ്ങളെ മാറ്റിമറിച്ചതായി ബാച് ലേഴ്സ് ഫ്ലാറ്റിലുള്ളവർ പറയുന്നു. ജനാലയിലൂടെ ആളൊഴിഞ്ഞ റോഡിലേക്കു നോക്കിയ പലർക്കും തോന്നിത്തുടങ്ങി-ചായയിലെ പാൽ പോലും ആർഭാടം. എല്ലാ ഭക്ഷണത്തിനുമിപ്പോൾ നല്ല രുചി. ഫ്രിജിൽ ആഴ്ചകളായി മറന്നുവച്ച ഭക്ഷണം ചൂടാക്കി കഴിച്ചവർ പോലും ഒരുപോലെ പറഞ്ഞു-സൂപ്പർ.രാവിലെ ചായ നിർബന്ധമാക്കിയ പലർക്കുമിപ്പോൾ കട്ടനാണു പ്രിയം. കട്ടനായാൽ കടുപ്പം കുറച്ചുമതി. പഞ്ചസാരയും കുറയ്ക്കാം. ക്ഷാമകാലം കീശയെ ബാധിക്കുമോയെന്ന ചിന്ത പുകഞ്ഞു തുടങ്ങിയതോടെ ഹോട്ടൽ ഭക്ഷണം പലർക്കും മടുത്തു. ഹോം ഡെലിവറി മാത്രമായതിനാൽ പല കടക്കാരും വില കൂട്ടിയെന്നാണു പരാതി. എല്ലാവരും വീടുകളിൽ തന്നെയായതിനാൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം കൂടുമെന്നതാണ് മറ്റൊരു ആശങ്ക. ഇതിനുള്ള ബദൽ ആർഭാടങ്ങൾ ഒഴിവാക്കുക തന്നെ.

ഡ്രൈ ഡെയ്സിൽ 'ഡൈ' വേണ്ട

ആരും കാണാനില്ലാത്തപ്പോൾ തലയിലും മുഖത്തും കറുത്ത പെയിന്റടിച്ചു സുന്ദരനാകേണ്ടതുണ്ടോയെന്ന ചിന്ത 'വൈറൽ' ആകുകയാണ്. പലരും വിഗ്ഗും ഒഴിവാക്കി. ഇതോടെ കൂട്ടുകാർക്കും പോലും ഒറ്റനോട്ടത്തിൽ പരസ്പരം മനസ്സിലാകാത്ത അവസ്ഥ. കറുത്തിരുണ്ട തലമുടിയും താടിയുമുണ്ടായിരുന്ന 'പയ്യന്മാർ'ക്കിപ്പോൾ ക്രിസ്മസ് പപ്പായുടെ ഗ്ലാമർ. വർക് അറ്റ് ഹോമിന്റെ കാലത്ത് പാന്റ്സും ഷൂസുമെല്ലാം ആർഭാടത്തിന്റെ അടയാളങ്ങളാണെന്നും തത്വജ്ഞാനികൾ തിരിച്ചറിയുന്നു.. ബർമുഡയും കൈലിയും ധാരാളം. ഈ പോക്കു പോയാൽ പാന്റ്സിലും ഷൂസിലുമൊക്കെ പൂപ്പൽ കയറുമോയെന്നാണു മറ്റു ചിലരുടെ ആശങ്ക.

മത്തി മുങ്ങി; ഉണക്കമീൻ താരം

ഗൾഫിലിപ്പോൾ മത്തി, അയില, നത്തോലി തുടങ്ങിയ മലയാളിയുടെ പ്രിയപ്പെട്ട താരങ്ങളെ കണികാണാൻ പോലുമില്ല. കിങ് ഫിഷ്, ആവോലി തുടങ്ങിയ വമ്പൻമാർ സാധാരണക്കാരെ നോക്കി കണ്ണുരുട്ടുന്നു. നാട്ടിൽ നിന്നു കൊണ്ടുവന്ന ഉണക്കമീൻ പൊതികൾ ഇപ്പോൾ തപ്പിയെടുക്കുന്നവരെയും കാണാം. ഉണക്കമീന്റെ സാധ്യതകൾ കടലോളം വിശാലമാണത്രേ. ലേശം ഇഞ്ചിയും വേളുത്തുള്ളിയും ചേർത്തു തേങ്ങയരച്ച് വച്ചാൽ സദ്യവട്ടങ്ങൾ മാറിനിൽക്കുമത്രേ. മാങ്ങ, മുരിങ്ങക്കായ, പച്ചക്കായ എന്നിവ ഇതിൽ ചേർക്കാമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കാം. ഉണക്കമീൻ വറുത്താലും ബഹുകേമം. ഇതിനൊപ്പം ചമ്മന്തി മാത്രമുണ്ടെങ്കിൽ ചോറുണ്ണുന്നത് അറിയില്ലെന്നു പയ്യന്മാർ പോലും സമ്മതിച്ചു തുടങ്ങി. തേങ്ങ, ഇഞ്ചി, ചെറിയ ഉള്ളി, പാകത്തിന് ഉപ്പ്, വാളൻപുളി എന്നിവ അരച്ചെടുത്താൽ ചമ്മന്തിയായി. ഇതിനൊപ്പം ഒരു നാരകയില കൂടി ചേർത്താൽ ഗംഭീരം. ദുബായിലെ പല ഫ്ലാറ്റുകൾക്കു സമീപവും ഇലകളാൽ സമൃദ്ധമായ നാരകം കാണാം.

തലക്കനമൊഴിഞ്ഞ് 'മുടിയന്മാർ'

കോവിഡിനെ പേടിച്ചു വൃത്തികൂടിയെന്നതാണ് മറ്റൊരു മാറ്റം. കുളി വെറും പഴഞ്ചൻ ഏർപ്പാടാണെന്നു കരുതിയിരുന്നവർ ഇടയ്ക്കിടെ സോപ്പ് തേച്ച് കുളിക്കുന്നു. സാനിറ്റൈസർ തലയിണയുടെ താഴെവച്ച് ഉറങ്ങുന്നവരുമുണ്ട്. എണീറ്റാലുടൻ വിശാലമായി കൈകളിൽ തേച്ചു പിടിപ്പിക്കുന്നു. മുടിയും നഖവും നീട്ടിവളർത്തിയർ എല്ലാം വെട്ടിയിറക്കി. കഴുകാത്ത തലകൾ വൈറസുകളുടെ ആസ്ഥാനമാണെന്ന് പ്രചരിച്ചതോടെ 'മുടിയന്മാരുടെ' തലക്കനമൊഴിഞ്ഞു. മുടി വെട്ടിയില്ലെങ്കിൽ മുറി മാറണമെന്ന കൂടെയുള്ളവരെട ഭീഷണിയും കാര്യങ്ങൾ വേഗത്തിലാക്കി.

കൂടെക്കൂട്ടാം, ഈ ശീലങ്ങൾ

ഒരാൾ സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അന്തരീക്ഷത്തിലേക്കു തെറിക്കുന്ന കണങ്ങളിൽ നിന്നു രോഗം പകരാം. 2 മീറ്ററോളം അകലെവരെ ഇതു വ്യാപിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. പലരും ചുമയ്ക്കുന്ന രീതി തീരെ ആരോഗ്യകരമല്ല. മറ്റുള്ളവരുടെ മുഖത്തേക്കോ സ്വന്തം കൈകളിലേക്കോ ചുമയ്ക്കുന്ന ശീലം പലർക്കുമുണ്ട്. തിരക്കേറിയ മെട്രോയടക്കമുള്ള പൊതുവാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ പോലും പലരും ഇതൊന്നും പാലിക്കുന്നില്ല. മറ്റുള്ളവർക്കു രോഗം നൽകുകയാണെന്നു തിരിച്ചറിയണം. കൈകളിലേക്കു ചുമയ്ക്കുന്നവർ പിന്നീടൊരാളെ ഹസ്തദാനം ചെയ്യുമ്പോൾ വൈറസിനെ സമ്മാനിക്കുകയാണ്. വാഹനത്തിന്റെ ഡോറിലും മറ്റും പിടിച്ചാലും മറ്റൊരാൾക്കു പകരാം. ഒരാൾ ഇവിടെ പിടിച്ചശേഷം മുഖമോ മൂക്കോ കണ്ണോ തുടയ്ക്കുമ്പോൾ അതിവേഗം രോഗം പകരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com