ADVERTISEMENT

ദുബായ്. "മുൻപ് ഉല്ലാസയാത്രയ്ക്കു പോയാലും ചിന്തിക്കുന്നത് ബിസിനസ്സിനെക്കുറിച്ചായിരുന്നു. എന്നാലിപ്പോൾ നമ്മുടെ നിസാരതയെക്കുറിച്ച് മനസ്സിലായി. കുഞ്ഞൻ വൈറസ് മൂലം ലോകം വിറയ്ക്കുന്നത് കാണുമ്പോൾ നമ്മളെല്ലാം എത്ര നിസ്സാരരാണ് എന്ന് തിരിച്ചറിയുന്നു"-രണ്ടാഴ്ചയിലധികമായി ദുബായിലെ വീട്ടിൽത്തന്നെ കഴിയുന്ന ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ മാർച്ച് 15 മുതൽ സ്വയം സമ്പർക്കവിലക്കിലാണ്. കേരളത്തിൽ ഭവനരഹിതർക്ക് പണിതു നൽകിയ ആസ്റ്റർ ഹോംസിന്റെ താക്കോൽദാനത്തിനു ശേഷം അഞ്ചിന് മടങ്ങിയെത്തി ഒരാഴ്ച കൂടി മാത്രമേ ഓഫിസിൽ പോയുള്ളൂ. 20000 ജീവനക്കാരുണ്ട് അദ്ദേഹത്തിന്. 11000 പേർ കേരളത്തിൽ. ജിസിസിയിൽ ഒമ്പതിനായിരം. വീട്ടിലിരിക്കുമ്പോൾ ചില ശീലങ്ങൾ അദ്ദേഹം പുതിയതായി തുടങ്ങി. മറ്റുചിലതിൽ മാറ്റം വരുത്തി.

ജൂണിൽ ക്രമേണ ശരിയാകും

azad-moopen
ഡോ.ആസാദ് മൂപ്പൻ ദുബായിലെ വസതിയിൽ.

യുഎഇയിലെ ഇപ്പോഴത്തെ അവസ്ഥ ജൂൺ ആകുമ്പോഴേക്കും സാധാരണഗതിയിലാകും. ഇന്ത്യയിലെ 21 ദിവസത്തെ ലോക് ഡൗൺ ഫലപ്രദമാകും. ബിസിനസ്സിൽ 60% കുറവ് വന്നു . ആശുപത്രികളിൽ ആളുകൾ എത്തുന്നതിൽ വൻ കുറവ് ഉണ്ട്. കേരളത്തിലും ഇവിടെയും ആദ്യ ആഴ്ചയിൽ 25% കുറവ് വന്നു. രണ്ടാമത്തെ ആഴ്ചയിലും 25% കുറഞ്ഞു.  

asad-mooppan-gif

 

ചെറുമക്കളെ കാണുന്ന രീതി മാറി

ചെറുമക്കളുമായി എന്നും വൈകുന്നേരങ്ങൾ ചെലവഴിച്ചിരുന്ന രീതിക്കും മാറ്റം വരുത്തിയതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ അവരെയെല്ലാം ഗ്രൂപ്പ് ചാറ്റിങിലും വീഡിയോ കോളിലുമാണ് കാണുന്നത്. വിഒഐപി(വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) നിയന്ത്രണങ്ങളെല്ലാം യുഎഇയിൽ മാറ്റിയത് വളരെ അനുഗ്രഹമായി. മൂന്നു മക്കളിൽ രണ്ടുപേർ ദുബായിലും ഒരാൾ യുകെയിലുമാണ്. അവരുമായും വീഡിയോ കോളിലാണ് ബന്ധപ്പെടുന്നത്. 

 

വായന തിരിച്ചു പിടിക്കാൻ കഴിഞ്ഞു എന്നതാണ് വലിയ നേട്ടം. വാൾട്ടർ ഐസക് സണിന്റെ ഇന്നവേറ്റേഴ്സ്, ജെഫ് ഡയറിന്റെ ഇന്നവേറ്റേഴ്സ് ഡിഎൻഎ, എക്കാർട് ടോലെയുടെ പവർ ഓഫ് നൌ, പേൾ ബക്കിന്റെ ഗുഡ് എർത്ത്, ഇക്കി ഗായിയുടെ, ഹെക്ടർ ഗാസിയുടെ ബുക്കുകൾ എന്നിവ വായിക്കുന്നു. നെറ്റ്ഫ്ലിക്സിൽ മെസ്സിയ, ലോഡ് ഓഫ് റിങ്സ് സീരിയലുകളും ടിവിയിൽ പഴയ മലയാള പടങ്ങളും കാണാൻ അവസരം കിട്ടുന്നു. 

മുൻപേ വിഡിയോ കോൺഫറൻസിങ്

എട്ടു രാജ്യങ്ങളിലെ പ്രധാനികളുമായി മുൻപ് വീഡിയോ കോൺഫറൻസിങ് നടത്തിയിരുന്നതു കൊണ്ട് പുതിയൊരു ശീലം തുടങ്ങേണ്ടി വന്നില്ല. മൈക്രോ സോഫ്റ്റിന്റെ ടീംസ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ആഴ്ചയിൽ രണ്ട് മീറ്റിങുകൾ ഇങ്ങനെ നടത്തും. തലവന്മാരായിട്ടുള്ള 12 പേരുമായും ഇങ്ങനെയാണ് ചർച്ചകൾ നടത്തുന്നത്. 

വ്യായാമം തുടങ്ങി

ആഴ്ചയിൽ മൂന്നു ദിവസം വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുന്ന രീതി തുടങ്ങി. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെയോ ആരോഗ്യമന്ത്രിയുടെയോ വാർത്താ സമ്മേളനം കൃത്യമായി കാണുന്നുണ്ട്. വാർത്തകളും മറ്റും കൂടുതൽ കാണാൻ സമയം കിട്ടുന്നു. രാവിലെ അഞ്ചിന് എഴുന്നേൽക്കുന്ന ശീലത്തിൽ മാറ്റമില്ല. പ്രാർഥനയും നമസ്കാരവുമെല്ലാം നടത്തും. ഒരു മണിക്കൂർ വായിക്കാൻ സമയം ചെലവഴിക്കും. ഖുർ ആൻ ഉൾപ്പടെയുള്ള ഗ്രന്ഥങ്ങളാണ് വായിക്കുന്നത്. അത് ആത്മീയ ഉണർവിനുള്ള ഒരു മണിക്കൂറാണ്. അതിൽ മാറ്റമില്ല. ഏഴുമണിക്കു ശേഷം പത്രം വായിക്കാനും ഇ മെയിലുകൾക്ക് മറുപടി അയയ്ക്കാനും ഒരു മണിക്കൂർ ചെലവഴിക്കും. ഒമ്പതിന് പ്രാതൽ. സാധാരണയായി 9.30 മുതൽ 3വരെയാണ് ഓഫിസിൽ ചെലവഴിക്കുന്നത്. പകരം ഒന്നര മണിക്കൂറോളം വീഡിയോ കോൺഫറൻസിന് ഇപ്പോൾ സമയം ചെലവഴിക്കും. മുമ്പ് ഓഫിസിൽ നിന്നു മടങ്ങി വന്ന് ആറു വരെ കിടന്ന് ഉറങ്ങിയ ശേഷമാണ് കൊച്ചുമക്കളുമായി സമയം ചെലവഴിച്ചിരുന്നത്. ആ രീതി മാറി-അദ്ദേഹം പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com