ADVERTISEMENT

ദുബായ് ∙ വിവിധ ദിവസങ്ങളിലായി യുഎഇയിൽ അന്തരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങൾ കൂടി ഇന്ന് (ശനി) എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്നു കൊച്ചിയിലേയ്ക്ക് കൊണ്ടുപോയി. തിരുവനന്തപുരത്തെ ഉദ്യോഗസ്ഥർ തടസ്സം നിന്നതിനാൽ നേരത്തെ കൊണ്ടുപോകാൻ സാധിക്കാതിരുന്ന രണ്ട് മൃതദേഹങ്ങൾ കൂടി ഇതുലുൾപ്പെടുമെന്ന് സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരി, റിയാസ് കൂത്തുപറമ്പ് എന്നിവർ പറഞ്ഞു. വിവിധ ദിവസങ്ങളിലായി അന്തരിച്ച കരുനാഗപ്പള്ളി സ്വദേശി ദിലീപ് കുമാർ, ചാവക്കാട് സ്വദേശി ജിതേന്ദ്രൻ, കൂത്തുപറമ്പ് സ്വദേശി ഷാജു, കൂട്ടായി സ്വദേശി മുഹമ്മദ് അലി എന്നിവരുടെ മൃതദേഹങ്ങളാണ് കൊണ്ടുപോയത്. നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരിയുടെയും കെ.വി. അബ്ദുൽഖാദർ എംഎൽഎയുടെയും ഇടപെടലുകളാണ് വിമാനസർവീസ് നിലച്ച സാഹചര്യത്തിൽ കാർഗോ വിമാനത്തിൽ മൃതദേഹങ്ങൾ കൊണ്ടുപോകാൻ വഴിയൊരുക്കിയത്. മൃതദേഹങ്ങൾ വീടുകളിലെത്തിക്കാൻ നോർക്ക ആംബുലൻസും ഏർപ്പെടുത്തിയിരുന്നു.  

കഴിഞ്ഞ ദിവസങ്ങളിലായി രണ്ടു മൃതദേഹങ്ങൾ തിരുവനന്തപുരത്തേയ്ക്കും നാലെണ്ണം കൊച്ചിയിലേയ്ക്കും നോർക്കയുടെ സഹായത്തോടെ കാർഗോ വിമാനത്തിൽ കൊണ്ടുപോയിരുന്നു. കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയിൽ നിന്ന് വിമാനസർവീസ് താത്കാലികമായി നിർത്തവച്ചതിനാൽ ഇവിടെ അന്തരിക്കുന്ന വിദേശികളുടെ മൃതദേഹങ്ങൾ സ്വദേശത്തേയ്ക്ക് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മുതൽ നാട്ടിൽനിന്ന് പച്ചക്കറിയും മറ്റും കൊണ്ടുവരുന്ന കാർഗോ വിമാനങ്ങൾ ഇതിന് തയാറായതോടെ പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി ഒരു നോക്കുകാണാൻ പലർക്കും ഭാഗ്യമുണ്ടായി. നേരത്തെ ഇവിടെ മരിച്ച പലരുടെയും മൃതദേഹങ്ങൾ യുഎഇയിൽ തന്നെ ‌മറവു ചെയ്യുകയും ദഹിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞമാസം 25ന് ഷാർജ അൽഖാസിമി ആശുപത്രിയില്‍ അന്തരിച്ച കൊല്ലം തെപ്പാറ ബൗണ്ടർമുക്ക് എസ്പി ഹൗസിൽ പ്രഭാകരൻ പിള്ളയുടെ മകൻ ദിലീപ് കുമാർ(42) സന്ദർശക വീസയില്‍ യുഎഇയിലെത്തി ജോലി അന്വേഷണത്തിലായിരുന്നു. ഇതിനിടെ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാതാവ്: പ്രഭാവതി രാധമ്മ. ഭാര്യ: ദീപ.

uae-mallu-death
യുഎഇയിൽ മരിച്ച മലയാളികൾ.

അബുദാബിയിൽ മാർച്ച് 29ന് ഹൃദയാഘാതം മൂലം അന്തരിച്ച കണ്ണൂർ കൂത്തുപറമ്പ് കൊമ്പൻതറമ്മൽ പത്മത്തിൽ ഗംഗാധരന്റെ മകൻ ഷാജു(43) സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: പത്മാവതി വലിയവീട്ടിൽ. ഭാര്യ: രജനി.

മലപ്പുറം പറവണ്ണ ചെർച്ചം വീട്ടിൽ മാളികയിൽ ഹൗസിൽ മുഹമ്മദ് അലി കൂട്ടായി(50) ദുബായിലാണ് അന്തരിച്ചത്. മുഹമ്മദ്–ആമിനബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ.

തൃശൂർ തിരുവത്തറ കരുതരൻ ഹൗസിൽ സത്യൻ്റെ മകൻ ജിതേന്ദ്രൻ(47) ഹൃദയാഘാതം മൂലം ഏപ്രിൽ ഒന്നിനാണ് അന്തരിച്ചത്. ദുബായിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ്: ശാരദ. ഭാര്യ: ഗിരിജ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com