ADVERTISEMENT
ദുബായ് ∙ കോവിഡ് ലക്ഷണങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തമാകാമെന്ന് രാജ്യാന്തര ആരോഗ്യവിദഗ്ധർ. വൈറൽ പനിയുടെ ലക്ഷണങ്ങളാണു പൊതുവെ ഉണ്ടാകുന്നതെങ്കിലും  ചിലരെ തീവ്രമായി  ബാധിക്കുന്നു. ശരീരത്തിന് അസഹ്യ വേദന, തളർച്ച, ശ്വാസ തടസ്സം, ചുമ, ഓർമക്കുറവ് എന്നിവ രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമാക്കുന്നു. ഇറ്റലിയിൽ മരിച്ചവരിൽ 75 % കടുത്ത രക്തസമ്മർദമുള്ളവരായിരുന്നെന്നാണ് റിപ്പോർട്ട്. 35 % പേർ പ്രമേഹരോഗികളും. ഹൃദ്രോഗികളാണ് മൂന്നാമത്തെ വിഭാഗം. ചില രോഗികൾക്ക് മണവും രുചിയും അറിയാനുള്ള കഴിവു നഷ്ടപ്പെടുന്നു. മസ്തിഷ്കാഘാതം പോലുള്ള ഗുരുതരാവസ്ഥയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കാര്യമായ ലക്ഷണങ്ങൾ ഇല്ലാത്തവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവചനാതീത ലക്ഷണങ്ങൾ ആയതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ശാരീരിക അസ്വസ്ഥതകൾ നിസ്സാരമായി കാണരുത്. തൊണ്ടയിലെ കോശങ്ങളെയാണ് വൈറസ് ആദ്യം ബാധിക്കുക.. തുടർന്നു ശ്വാസകോശത്തെ ബാധിക്കുകയും ശക്തമായ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്യുന്നു. 'കൊറോണ വൈറസ് ഫാക്ടറി' ആയി ശരീരം മാറും. മറ്റുള്ളവരിലേക്ക് അതിവേഗം രോഗം പകരാൻ സാധ്യതയുള്ള ഘട്ടമാണിത്.

തലച്ചോറിനെയും ബാധിക്കാം

പനി, ചുമ, ശ്വാസം മുട്ടൽ, ശരീരവേദന എന്നിവയാണ് പൊതുവായ രോഗലക്ഷണങ്ങൾ. എങ്കിലും ഇതില്ലാത്തവർക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് ദുബായ് കരാമ ആസ്റ്റർ ക്ലിനിക്കിലെ ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ.ശ്രീകുമാർ ശ്രീധർ മേനോൻ പറഞ്ഞു. പൊതുവായ ലക്ഷണമല്ലെങ്കിലും തലച്ചോറിനെയും ഹൃദയത്തെയും ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സിടി സ്കാനിൽ തലച്ചോറിൽ നീർക്കെട്ട് ഉള്ളതായി കണ്ടെത്തി. ശ്വാസകോശത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാത്തതിനാൽ രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു.ത ലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഹൈപോക്സിയ എന്ന അവസ്ഥയിലേക്ക് മാറുന്നു. രോഗം വരാതിരിക്കാനുള്ള മുൻകരുതൽ എല്ലാവരും സ്വീകരിക്കണം. ഇടയ്ക്കിടെ കൈകൾ നന്നായി കഴുകുക, മുഖത്തു തൊടാതിരിക്കുക, ജീവിതത്തിൽ ശുചിത്വം പാലിക്കുക എന്നിവ  പ്രധാനമാണ്.

ഗുരുതരമാക്കും, പുകവലി ശീലം

കോവിഡ് ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ പുകവലിക്കുന്നവർ കൂടുതൽ ജാഗ്രത കാണിക്കമെന്ന്  ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി) ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ശ്വാസകോശ രോഗമുള്ളവർക്ക് കോവിഡ് ബാധിച്ചാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.ഓരോ തവണയും പുകയെടുക്കുമ്പോൾ കൈകൾ ചുണ്ടിലും മൂക്കിനരികിലും എത്തുന്നു. ഇത് ഒട്ടും ആരോഗ്യകരമല്ല. പുകവലിക്കുന്നവരിൽ അല്ലാത്തവരേക്കാൾ രോഗസാധ്യത 14 മടങ്ങ് കൂടുതലാണ്.വർഷങ്ങളായി പുകവലിക്കുന്നവരുടെ ശ്വാസകോശത്തിന്റെ പ്രവർത്തന ശേഷി വയോധികരുടേതിനേക്കാൾ ദുർബലമായിരിക്കും.

മറക്കരുത്, ഈ ശീലങ്ങൾ

∙ ശ്വാസകോശ രോഗങ്ങളുള്ളവരുമായി സംസർഗം കുറയ്ക്കുകയെന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം.

∙ ഒരാൾ സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അന്തരീക്ഷത്തിലേക്കു തെറിക്കുന്ന കണങ്ങളിൽ നിന്നു രോഗം പകരാം. 2 മീറ്ററോളം അകലെവരെ ഇതു   വ്യാപിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.

∙ പലരും മുഖം മറയ്ക്കാതെ മറ്റുള്ളവരുടെ മുഖത്തേക്കോ സ്വന്തം കൈകളിലേക്കോ ചുമയ്ക്കുന്ന ശീലമുണ്ട്

∙ കൈകളിലേക്കു ചുമയ്ക്കുന്നവർ ഹസ്തദാനം ചെയ്യുമ്പോൾ വൈറസിനെ സമ്മാനിക്കുന്നു. വാഹനത്തിന്റെ ഡോറിലും മറ്റും പിടിച്ചാലും മറ്റൊരാൾക്കു പകരാം. ഒരാൾ ഇവിടെ  പിടിച്ചശേഷം മുഖമോ മൂക്കോ കണ്ണോ തുടയ്ക്കുമ്പോൾ അതിവേഗം രോഗം പകരുന്നു.

∙ കൈകൾ വൃത്തിയായി കഴുകുന്നതിൽ വലിയ പ്രാധാന്യമുണ്ട്. സോപ്പുവെള്ളത്തിൽ 20 സെക്കൻഡ് എങ്കിലും നന്നായി കഴുകണം. ഹാൻഡ് സാനിറ്റൈസറുകളും ശീലമാക്കാം.  വൈറൽ രോഗങ്ങൾക്ക് ഇതു പ്രധാനമാണ്.

∙ ശൗചാലയങ്ങളിൽ (ടോയ്‌ലറ്റ്) പോയി വരുമ്പോഴും ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ നിർബന്ധമായും വൃത്തിയാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com