ADVERTISEMENT

ദുബായ്∙  കോവിഡ് 19 പ്രതിസന്ധി മൂലം നിർത്തിവച്ചിരുന്ന എമിറേറ്റ്സ് രാജ്യാന്തര യാത്രാ സർവീസുകൾ 6ന് ആരംഭിക്കുമെങ്കിലും ദുബായിൽ നിന്നുള്ളവരെ വിവിധ രാജ്യങ്ങളിൽ എത്തിക്കാനാവും സർവീസെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തിഹാദ് നാളെ മുതൽ രാജ്യാന്തര സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ലണ്ടൻ ഹീത്രു, ഫ്രാങ്ക്ഫർട്ട്, പാരിസ്, ബ്രസൽസ്, സൂറിക് എന്നീ നഗരങ്ങളിലേക്കാണ് എമിറേറ്റ്സിന്റെ ആദ്യ സർവീസുകൾ. എമിറേറ്റ്സിന്റെ ഓൺലൈനിലൂടെ മാത്രമാണ് ബുക്കിങ്. ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽ( ജിഡിഎസ്) ബൂക്കിങ് അനുമതി നൽകിയിട്ടില്ല.

ദുബായിലുള്ളവരെ ഈ രാജ്യങ്ങളിൽ എത്തിച്ച ശേഷം  ചരക്കുമായിട്ടാകും മടക്കയാത്ര. അതേ സമയം  യാത്രാവിലക്കുള്ള രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ചർച്ചകൾ നടത്തിയ ശേഷം മാത്രമാവും യാത്രക്കാരെ കൊണ്ടുപോകുക. യാത്രക്കാരും ഇക്കാര്യം അതത് നയതന്ത്ര കാര്യാലയങ്ങളിൽ വിളിച്ച് ഉറപ്പു വരുത്തണമെന്നും എമിറേറ്റ്സ് അധികൃതർ അറിയിപ്പിൽ പറയുന്നു. ഇന്ത്യയിലേക്ക് 14ന് ശേഷം മാത്രമാവും സർവീസുകളെന്ന് ഇന്ത്യൻ നയതന്ത്ര അധികൃതർ വ്യക്തമാക്കി. ശുചീകരണം, അണുനശീകരണം എന്നിവയ്ക്ക് അതീവ പ്രാധാന്യം നൽകുന്നുണ്ടെന്നും ഒരോ സർവീസിനു ശേഷവും ഇവ കാര്യക്ഷമമായി നടത്തുമെന്നും എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി. മാർച്ച് 25നാണ് എമിറേറ്റ്സ് വിമാന സർവീസ് നിർത്തിവച്ചത്.

ഇത്തിഹാദ് സർവീസ് നാളെ മുതൽ

നാളെ മുതൽ സാധാരണ സർവീസുകൾ ആരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചെങ്കിലും അതത് രാജ്യങ്ങളിലെ നയതന്ത്ര അധികൃതരുടെ അനുമതിക്ക് വിധേയമായിട്ടാകും സർവീസ്.

സോൾ, മെൽബൺ, സിംഗപ്പൂർ, മനില, ബാങ്കോക്ക്, ജക്കാർത്ത, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കാവും ആദ്യ സർവീസുകളെന്നും അറിയിച്ചു. ദുബായിൽ കുടുങ്ങിയവരെ എത്തിക്കാൻ അമേരിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ഇത്തിഹാദ് റിലീഫ് ഫ്ലൈറ്റ് സർവീസ് നടത്തിയിരുന്നു.

യുഎഇ സർവീസുകൾ 14ന് ശേഷം തുടങ്ങാമെന്ന പ്രതീക്ഷയിൽ ഇന്ത്യ

ദുബായ് ∙ ഇന്ത്യയിലെ ലോക്ഡൗൺ 14ന് അവസാനിക്കുന്നതോടെ യുഎഇയിലേക്കുള്ള യാത്രാവിമാന സർവീസ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാൻ ഇതോടെ വഴിയൊരുങ്ങും.

രാജ്യത്തുനിന്നുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കാമെന്ന് കരുതുന്നതായി സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.കോവിഡ് വ്യാപന സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യാന്തര വിമാന സർവീസുകൾക്ക് കഴിഞ്ഞമാസം 22 മുതലാണ് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരന്മാരെ കൊണ്ടുപോകാൻ 18 സർവീസുകൾ ആരംഭിക്കുമെന്ന് എയർഇന്ത്യ ചെയർമാൻ രാജീവ് ബൻസാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com