ADVERTISEMENT
മസ്കത്ത് ∙ മത്ര മേഖല അടച്ചതോടെ ജനജീവിതം നിശ്ചലമായി. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന ഇവിടെ റോഡുകൾ വിജനമാണ്. കർശന നിരീക്ഷണവുമായി സൈനിക, പൊലീസ് വാഹനങ്ങൾ പട്രോളിങ് നടത്തുന്നു. കടകളും സൂഖുകളും അടഞ്ഞുകിടക്കുന്നു. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങുന്നില്ല. മത്ര വിലായത്തിൽ (പ്രവിശ്യ) കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. ആദ്യമരണം റിപ്പോർട്ട് ചെയ്തതും ഇവിടെയാണ്. ചെറുകിട വ്യാപാരികളും തൊഴിലാളികളുമാണ് ഏറെ വലയുന്നത്.മത്രയിലേക്കുള്ള എല്ലാ റോഡുകളും ഒരു അറിയിപ്പുണ്ടാകും വരെ തുറക്കില്ല. റൂവി, ഹംറിയ, വാദി അൽ കബീർ, ദാർസെയ്ത് മേഖലകളിൽ നിന്ന് മത്രയിലേക്കുള്ള പ്രധാന പാതകളടക്കം അടയ്ക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.

മത്ര ഒഴിവാക്കാൻ പകരം പാതകൾ

മത്ര റോഡുകൾ ഒഴിവാക്കി പോകാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഖുറം, ദാർസെയ്ത്, മസ്കത്ത് റോഡുകൾ,  അൽ ബുസ്താൻ തീരദേശ റോഡ് എന്നിവ വഴിയാണിത്.  അതേസമയം ബൗഷർ, ഗാല, അൽ ഹെയ്ൽ, സീബ് മേഖലകളിൽ നിയന്ത്രണങ്ങളില്ല. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങരുത്. വ്യായാമത്തിനും മറ്റും പുറത്തിറങ്ങാൻ അനുവദിക്കില്ല.

ഷോപ്പിങ്ങിന് കുട്ടികൾ വേണ്ട

ഷോപ്പിങ്ങിനു പോകുമ്പോൾ കുട്ടികളെ ഒഴിവാക്കണമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം. സുരക്ഷ കണക്കിലെടുത്തും തിരക്ക് ഒഴിവാക്കാനും ഒരു കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം ഷോപ്പിങ്ങിനു പോകുക. തിരക്ക് സുരക്ഷ കണക്കിലെടുത്ത് ഷോപ്പിങ് കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് മുൻകരുതലെടുക്കാം. തിരക്കുള്ള സമയം ഷോപ്പിങ് ഒഴിവാക്കണം. തിരക്കു കൂടിയാൽ കടകളുടെ പ്രധാന വാതിൽ അടയ്ക്കണം. ബിൽ അടയ്ക്കുമ്പോഴും മറ്റും ഉപയോക്താക്കൾ സുരക്ഷിത അകലം പാലിക്കണം. പരമാവധി ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com