ADVERTISEMENT

ദുബായ് ∙ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയിൽ നിയന്ത്രണമേർപ്പെടുത്തിയപ്പോൾ പുരുഷന്മാർ മിക്കവരും ആദ്യമായാണ് ഇത്രയധികം നേരം വീടുകളിൽ തങ്ങുന്നത്. എന്നാൽ, വീട്ടമ്മമാരായ വനിതകൾക്ക് ഫ്ലാറ്റിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടിരുന്ന പരിചയ സമ്പത്തുണ്ട്. അതുകൊണ്ടു തന്നെ പുരുഷന്മാരാണ് ലോക് ഡൗണിന്റെ മുഷിച്ചിൽ ഏറെയും അനുഭവപ്പെടുന്നത്. അതേസമയം, ജോലിയുള്ള വനിതകൾക്ക് പലർക്കും ഇത് പുതിയ അനുഭവം തന്നെ. ദുബായിലെ സ്വകാര്യ സ്കൂളിൽ ഉദ്യോഗസ്ഥയും സാമൂഹിക പ്രവർത്തകയുമായ കോഴിക്കോട് ചേവായൂർ സ്വദേശി റമീലാ സുഖ് ദേവ് കോവിഡ‍് കാലത്തെ തന്റെ അനുഭവം പങ്കിടുന്നു:

 

മാര്‍ച്ച് 10 മുതല്‍ ഞങ്ങള്‍ ഇവിടെ ഫ്ലാറ്റുകള്‍ക്കുളില്‍ പുറത്തിറങ്ങാതെ കഴിച്ചു കൂട്ടുകയാണ്. സാധനങ്ങളെല്ലാം ഒന്നിച്ചു വാങ്ങി കഴിയുന്നതും പുറത്തു പോകാനുള്ള അവസരം ഉണ്ടാക്കാതെ ഉള്ളത് കൊണ്ടു തൃപ്തിപ്പെട്ടു ജീവിക്കുന്നു. മറ്റുള്ളവരുമായി വെറും ഫോണില്‍ മാത്രം ഉള്ള ബന്ധം. ഒരു പാടു മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടെങ്കിലും ഞങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ഇവിടുത്തെ ഭരണാധികാരികള്‍ പറയുന്നതുപോലെ “stay at home, stay safe, നമ്മെ സംരക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരെയും നമ്മുടെ നാടിനെയും സംരക്ഷിക്കുക എന്ന നിലപാടില്‍ ഉറച്ചുകൊണ്ടു സ്വയം കരുതുന്നു. ഈ അവസരത്തില്‍ ഞങ്ങള്‍ക്കേറ്റവും ആശ്വാസം വാര്‍ത്താ മാധ്യമങ്ങളാണ്. ഈ സങ്കീര്‍ണ ഘട്ടത്തില്‍ ഞങ്ങളുടെ പ്രയാസങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞങ്ങക്കൊപ്പം നില്‍ക്കുന്നു.

 

കുടുംബമായി ജീവിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ശമ്പളം പോലും ലഭിക്കാത്തവരുണ്ട്. ഈ അവസരത്തില്‍ വീട്ടുവാടക, മറ്റുചിലവുകള്‍, ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഞങ്ങൾക്കു മുന്നിലുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യം നേരിടുന്ന‌ ഈ അവസരത്തില്‍ നമ്മളും അവരോടൊപ്പം സഹകരിക്കുകയല്ലാതെ മറ്റു പോംവഴികള്‍ ഇല്ല. ഉള്ളവനു നീക്കിയിരിപ്പുണ്ട്. ഇല്ലാത്തവനെ നോക്കാന്‍ ആളുകളുമുണ്ട്.

 

ഇതിനിടയില്‍ കൈ നീട്ടാന്‍ പറ്റാത്ത എന്നെപ്പോലെയുള്ളവര്‍ ഉള്‍പ്പെട്ട വലിയ സമൂഹമുണ്ട്. അവരാണ് യഥാര്‍ത്ഥത്തില്‍ കഷ്ടപ്പെടുന്നവര്‍. അവരാണ് അഭിമാനം കൊണ്ട് മുഖത്ത് അലങ്കാരം തീര്‍ക്കാനായി പ്രയാസപ്പെടുന്നവര്‍. അവരെ സഹായിക്കാനായി ആരുമില്ല എന്നതാണു നഗ്നമായ സത്യം.ഇവിടുത്തെ ഭരണാധികാരികള്‍ രാജ്യത്തിന്റെ സുരക്ഷക്കായി രാപ്പകല്‍ ഊണും

ഉറക്കവുമില്ലാതെ ജനങ്ങളെ സംരക്ഷിക്കാന്‍ അത്യന്തം പരിശ്രമിക്കുകയാണ്. മൊത്തം റോഡുകളെല്ലാം അണുവിമുക്തമാക്കുന്നു. ക്വാറന്റീനിൽ കഴിയുന്നവര്‍ക്കു പൊലീസ്,

ആരോഗ്യ മേഖല, മുനിസിപ്പാലിറ്റി, ആര്‍ടിഎ, അഗ്നിശമന വിഭാഗത്തില്‍പ്പെട്ട പ്രതിനിധികളും ഭക്ഷണം നേരിട്ട് എത്തിച്ചു കൊടുത്തും അല്ലാതെ ഒട്ടനവധി സംഘടനാ

പ്രതിനിധികള്‍ സന്നദ്ധ സേവകരായി ജീവന്‍ പണയപ്പെടുത്തി 24 മണിക്കൂറും ജനങ്ങളോടൊപ്പം നില്‍ക്കുന്നു. ഈ അവസരത്തില്‍ ഞങ്ങള്‍ വളരെയധികം ഇവിടുത്തെ സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുന്നു.

 

“നിലയില്ലാ കയത്തിലായ് കാലിടറി വീണിട്ടും

തിരിച്ചറിവിന്‍ പാതയിലൂടെ നടക്കാത്ത മനുഷ്യാ

നിന്‍ അഹന്തയ്കുനേരെ പ്രകൃതിയുടെ പടനീക്കത്തിന്റെ

പരിണിത ഫലമാമീ മഹാമാരി

ജാതിമത ചിന്തയില്‍ തമ്മില്‍ തല്ലിയും

സ്വന്തം രക്തത്തെതന്നെയും

കടിച്ചു കീറി നീ മുന്നേറുമ്പോള്‍

നീയറിയുന്നീലയോ ഇത്തിരി

പ്പോന്നൊരു വൈറസ് നിന്‍റെ വംശ നാശമെന്ന്’’

“കൊറോണ വൈറസ്” ലോകമാകമാനം

 

അനുദിനം ഭീതി പരത്തികൊണ്ട് മനുഷ്യരാശിയെ ഒന്നടക്കം കൊന്നൊടുക്കുകയാണ്. മനുഷ്യന്‍റെ അഹങ്കാരത്തിനുള്ള പ്രകൃതിയുടെ മറുപടിയോ? എത്ര കിട്ടിയാലും മതി വരാത്ത മനുഷ്യന്‍, മറുഭാഗത്ത് പ്രകൃതി കയ്യേറി സ്വന്തം ആക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടര്‍. ജാതിമത ഭ്രാന്തന്‍മാര്‍ !!! ബന്ധങ്ങള്‍ തിരിച്ചറിയാത്ത മനുഷ്യര്‍ ഒടുവില്‍ പ്രകൃതിക്കും, പറവകള്‍ക്കും, മൃഗങ്ങള്‍ക്ക് പോലും സ്വസ്ഥത നഷ്ടപ്പെട്ടു. വസൂരി, കോളറ, പ്ലേഗ് തുടങ്ങിയ മഹാമാരികളെ ഇന്ത്യ നേരിട്ട കാലത്ത് ഇന്നത്തെ പോലെ ലോക്ക് ഇട്ട ഒരവസ്ഥ അഭിമുഖീകരിച്ചതായി പണ്ട് എന്‍റെ മുത്തശ്ശി

പറഞ്ഞതോര്‍ക്കുന്നു. അത് ഇന്നു നമ്മള്‍ അനുഭവിക്കുന്നു. ജന്മനാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനമുണ്ട്. ലോക വികസിതരാജ്യങ്ങള്‍ക്ക് ഇന്ത്യ മാതൃകയാണ്. രാജ്യത്തു കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചത് അവസരോചിതവും ബുദ്ധിപൂര്‍വ്വവുമായ കാര്യമാണെന്നതില്‍ ഒരു സംശയവുമില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷങ്ങളും ഒന്നിച്ചു നിന്ന് കൊറോണയേ ചെറുത്തു

നില്‍ക്കുന്നതിനോടൊപ്പം ജനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും സംരക്ഷണവും നല്‍കുന്നുണ്ടല്ലോ?

 

“നിങ്ങള്‍ സുരക്ഷിതരായി അവിടെ കഴിയൂ, നിങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം ഈ നാടുണ്ടാകും” എന്ന മുഖമന്ത്രിയുടെ പ്രസ്താവന ആശ്വാസം പകരുന്നതിനോടൊപ്പം മറ്റു ചിലരുടെ വാക്കുകള്‍ ഹൃദയത്തില്‍ തറയ്കുന്നതായിരുന്നു. ഞങ്ങള്‍ പ്രവാസികള്‍ അണുവാഹകര്‍ എന്ന രീതിയില്‍ ചില എംഎല്‍എ ഉള്‍പ്പെട്ടവര്‍ ആരോപിക്കുകയുണ്ടായി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടു പ്രവാസികളെ ഒറ്റപ്പെട്ടു കുറ്റപ്പെടുത്തുന്ന സമീപനം അത്യന്തം വേദനാജനകമാണ്.പ്രവാസികള്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. വികസിത രാജ്യമായ ചൈനയില്‍ ഈ വൈറസ് ആദ്യം

പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പോലും ആരും അവരെ കുറ്റപ്പെടുത്തിയില്ല. എന്നാല്‍ മണലാരണ്യത്തില്‍ വിയര്‍പ്പോഴുക്കി അദ്ധ്വാനിച്ചുണ്ടാക്കിയതിന്‍റെ നല്ലൊരു പങ്കാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുഭവിച്ചു വന്നത്. പ്രതേകിച്ച് ദുബായിലെ പ്രവാസികളെ കൊറോണയേക്കാള്‍ വലിയ ഭീകരതയോടെയാണ് അവര്‍ കണ്ടത്.

 

ലോകരാജ്യങ്ങളുടെ ഇടയില്‍ ദുബായ് വലിയൊരു വ്യാപാരകേന്ദ്രമാണ്. ചൈന,യൂറോപ്പ്, മദ്ധ്യപൌരസ്ത്യ രാജ്യങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നു ബല്‍ക്കായി ദുബായില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്നാണ് കസര്‍കോടു മുതല്‍ കന്യാകുമാരി വരെയുള്ള ആളുകള്‍ കൊണ്ടുപോയി കച്ചവടം ചെയ്യുന്നത്.മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ദൈന്യംദിനം ഇവിടെ വന്നു

പോയിക്കൊണ്ടിരിക്കും. അതില്‍ മലയാളികളും ഉള്‍പ്പെടും. സ്വന്തം നാട്ടില്‍ സുരക്ഷിതമായി തൊഴിലെടുത്ത് ജീവിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളില്‍ പലരും നാട്ടില്‍ തന്നേ ജീവിക്കുമായിരുന്നു. ഇവിടെ നിന്നു വന്നവര്‍ക്ക് രോഗം ഉണ്ടെന്നു കരുതി ഇങ്ങിനെ പ്രവാസികളെ മാനസീകമായി അധിക്ഷേപിക്കരുത്.അന്നം തരുന്ന ഞങ്ങളുടെ പോറ്റമ്മയായ ഈ നാടിനെ ഞങ്ങള്‍ ഒരിക്കലും പഴി പറയില്ല–റമീല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com