ADVERTISEMENT

അബുദാബി ∙ ഇസ്‌ലാം മതത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഇന്ത്യൻ മാനേജർക്ക് അബുദാബിയിൽ ജോലി പോയി. തലസ്ഥാന നഗരിയിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരായിരുന്നയാൾക്കാണ് ജോലി നഷ്ടമായത്. ഇയാൾ പ്രകടിപ്പിച്ച 'ഇസ് ലാമോഫോബിയ'യ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

ഇന്ത്യയിലെ ഒരു മതവിഭാഗം തുപ്പിക്കൊണ്ട് കൊറോണ വൈറസ് പടർത്തുന്നതായുള്ള വ്യാജ വിഡിയോ പരാമർശിച്ച് ഗ്രാഫിക് ചിത്രം സഹിതമായിരുന്നു ഇയാളുടെ പോസ്റ്റ്. ഇതുകണ്ട ഒട്ടേറെ പേർ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് പോസ്റ്റ് കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും നിയമനടപടി ആരംഭിക്കുകയുമായിരുന്നു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും യുഎഇ നിയമം അനുശാസിക്കുന്ന ശിക്ഷ ഇയാൾക്ക് ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.

ചോദിച്ചത് ജോലി; പോകാൻ പറഞ്ഞത് പാക്കിസ്ഥാനിലേയ്ക്ക്

മറ്റൊരു സംഭവത്തിൽ ജോലി അന്വേഷിച്ചെത്തിയ തന്നോട് ഇന്ത്യക്കാരൻ കമ്പനിയുടമ പാക്കിസ്ഥാനിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടതായി മഹാരാഷ്ട്ര സ്വദേശി ഷംസാദ് ആലം(42) പൊലീസിൽ പരാതിപ്പെട്ടു. തന്റെ സിവി വാട്സാപ്പിലൂടെ അയച്ചുകൊടുത്തപ്പോഴായിരുന്നു പാക്കിസ്ഥാനിലേയ്ക്ക് പോകൂ എന്ന മറുപടി അയച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ തർക്കിക്കുകയും പൊലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വാട്സ് ആപ്പ് സന്ദേശം സഹിതം ഷംസാദ് ആലം ദുബായ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

വർഗീയപരമായും മതപരവുമായുള്ള അസഹിഷ്ണുതയ്ക്കെതിരെ യുഎഇ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്. 2015 ൽ ഇതുസംബന്ധമായ നിയമം പാസ്സാക്കിയിരുന്നു. പ്രസംഗം, എഴുത്ത്, പുസ്തകം, ഒാൺലൈൻ മാധ്യമങ്ങൾ തുടങ്ങിയവ വഴിയുള്ള മതനിന്ദയ്ക്കെതിരെ ശക്തമായ നിയമനടപടികളാണ് യുഎഇ സ്വീകരിച്ചുവരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com