ADVERTISEMENT

ദുബായ് ∙ കോവിഡ് മഹാമാരി താണ്ഡവമാടുന്ന കാലത്ത് ഏവരും പ്രതീക്ഷയോടെ കാണുന്ന വിഭാഗമാണ് ആരോഗ്യപ്രവർത്തകർ. സ്വദേശത്തും വിദേശത്തും ആരോഗ്യപ്രവർത്തകരുടെ സേവനം ലോകമെങ്ങും വാഴ്ത്തപ്പെടുന്നു. അവർ നൽകുന്ന പരിചരണവും സാന്ത്വനം തെല്ലുന്നുമല്ല ഓരോരുത്തരിലും പകർന്നു നൽകുന്ന ആശ്വാസം. ദുബായ് ഹെൽത്ത് അതോറിറ്റിയിൽ ലാബ് ടെക്നോളോജിസ്റ്റ്  ആയി ജോലിചെയ്യുന്ന, കൊല്ലം  പത്തനാപുരം സ്വദേശിയും  യുവഎഴുത്തുകാരനുമായ അജീംഷ അൻവർഷ തൻറെ കോവിഡ് കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു:   

കോവിഡ് വരുത്തിയ പരിവർത്തനം 

ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന ആൾ എന്ന നിലയിൽ ജീവിതത്തിൽ വന്ന ഒരു മാറ്റം ലാബിനു അകത്ത് ധരിച്ചുകൊണ്ടിരുന്ന മാസ്കും ഗ്ലൗസും ഇപ്പോൾ പുറത്തും ധരിക്കേണ്ടി വരുന്നു എന്നതാണ് . എല്ലാവരും വർക്ക് അറ്റ് ഹോം തുടരുമ്പോൾ ഞങ്ങൾ വർക്ക് മോർ അറ്റ് ഹോസ്പിറ്റൽ എന്ന അവസ്ഥയിലും. ഒരു കാണിയായി ഇരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതാണ് എന്നും ഇഷ്ടം. പുറത്തിറങ്ങാൻ അനുവാദം ഇല്ലാത്ത അവസരത്തിൽ വീടിനുള്ളിൽ ചടഞ്ഞുകൂടി മടുത്ത കൂട്ടുകാരെ കാണുമ്പോൾ എന്റെ കർമ്മമേഖല ഓർത്ത് അഭിമാനം തോന്നും. ജോലി ഒരു  സേവനമാകുമ്പോഴും മറ്റുള്ളവർ നമുക്ക് നൽകുന്ന സ്നേഹം അറിയുമ്പോഴും ഈ രംഗത്തുള്ള എന്നെപ്പോലുള്ളവർക്ക് ലഭിക്കുന്ന ഊർജം ഏറെയാണ്. അതുമൂലം ഉണ്ടാകുന്ന സന്തോഷമോ പറഞ്ഞറിയിക്കാൻ ആകാത്തതും. 

ചില തിരിച്ചറിവുകൾ  

ചായക്കട നടത്തിയ ചേട്ടനും ചേച്ചിയും ലോകംചുറ്റി കണ്ടത് വലിയ പ്രചോദനം ആയിരുന്നു. പലപ്പോഴും അത്തരം യാത്രകൾ മാറ്റിവയ്ക്കപ്പെട്ടു. എന്നാൽ ഇന്ന് അപ്പൻ എന്നോട് പറഞ്ഞ ചില കാര്യങ്ങൾ  ഓർക്കുന്നു. ഓരോ സമയത്തും  ചെയ്യേണ്ട കാര്യങ്ങൾ  പിന്നത്തേക്കു മാറ്റി വയ്ക്കരുത്. ഓരോ ചെറിയ കാരണങ്ങൾ കൊണ്ട് മാറ്റിവച്ച യാത്രകൾ കോവിഡിന്റെ ഈ ഭീഷണി നിലനിൽക്കുന്നിടത്തോളം നടക്കുമെന്ന് തോന്നുന്നില്ല. ആ മാറ്റിവയ്‌പ്പിൽ ഇനി ദുഃഖിച്ചിട്ട് കാര്യവുമില്ല. കിട്ടുന്ന സന്തോഷത്തിൽ സംതൃപ്‌തിയടയുക എന്ന പാഠം ഇപ്പോൾ പഠിച്ചു. എങ്കിലും പ്രതീക്ഷകൾ അസ്ഥാനത്തല്ല.

ajeemsha-fly

സ്വാർഥത വെടിയാത്ത ലോകം 

നന്മയുള്ള ഒരുപാട് വാർത്തകളും കാഴ്ചകളും ഈ കാലഘട്ടത്തിൽ അറിയുന്നുവെങ്കിലും സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന സ്വാർത്ഥലോകത്തെയും കാണുവാൻ കഴിയുന്നു. അത്യാവശ്യവും ഇല്ലാതെ പുറത്തിറങ്ങുന്നവർ, ആരോഗ്യ രംഗത്തെ സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവർ, അർഹതപെട്ടവരെ മാറ്റിനിർത്തി പ്രത്യേക വിമാനത്തിൽ നാട് പിടിച്ചവർ. വാക്കുകൾ കൊണ്ട്മാത്രം അന്നമൂട്ടുന്നവർ. സ്വന്തം ഭാര്യയെ അവസാനമായി ഒരു നോക്ക് കാണാൻ അധികൃതരുടെ കാലുപിടിച്ചു കരയുന്ന പാവം പ്രവാസി. ഇതൊക്കെ ആതുരസേവന രംഗത്ത് നിന്ന് പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ. അപ്പോൾ മനസ്സിൽ ഒരുപാട് നൊമ്പരം അനുഭവപ്പെടും. ഒരു വശത്ത് ഓരോ ജീവനും രക്ഷിക്കുവാൻ നെട്ടോട്ടമോടുന്നവർ, മറുവശത്ത് ജീവിതം വച്ച് കളിക്കുന്ന സ്വാർത്ഥരായ കുറേപ്പേർ.

മഹാമാരി കടന്നുപോകുമ്പോൾ 

നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ എന്നൊരു തിരിച്ചറിവ് മനുഷ്യന് വന്നുകഴിഞ്ഞു. പലരും ആരോഗ്യത്തെ പറ്റിയും ശരിയായ  ജീവിത രീതികളെ  പറ്റിയും ഒക്കെ ബോധവാന്മാർ ആയിത്തീരുകയാണ് ഇന്ന്. പതുക്കെപ്പതുക്കെ ഈ വൈറസും ഭൂമിയിൽ ഇല്ലാതെയാകും. വീണ്ടും പുതിയ ഒരു ലോകം നമുക്കായി തുറക്കും. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി ലഭിക്കുകയും പടിപടിയായി ലോകം ഉണർവിന്റെ പാതയിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്യും. അപ്പോൾ ഇന്ന് നമുക്ക് കരഗതമായ ഈ പാഠങ്ങളെല്ലാം പ്രയോജനം ചെയ്യട്ടെ. ഫ്യൂച്ചർ എന്ന് പറഞ്ഞ് ആവലാതി പെട്ട പലരും വർത്തമാനകാലത്തിനു പ്രാധാന്യം നൽകിത്തുടങ്ങുകയാണ്. ജീവിതം സന്തോഷ പൂർണമാവുകയും ഈ കഷ്ടകാലം കടന്നുപോവുകയും ചെയ്യും. 

ആതുരസേവന രംഗത്തെ പുതിയ പ്രവണതകൾ

ആതുരസേവന രംഗത്ത് പുതിയ ട്രെൻഡുകൾ കൊണ്ടുവരുവാൻ ഈ കോവിഡ് കാലത്തിന് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.  ലോകത്തുള്ള എല്ലാ ഗവണ്മെന്റുകളും അത്തരം പരിവർത്തനത്തിലൂടെ കടന്നുപോകുന്നു. മനുഷ്യന് മറ്റെല്ലാത്തിനേക്കാളും മഹത്തരം മാനസികവും ശാരീരികവുമായ ആരോഗ്യമാണെന്ന ചിന്ത ഉറയ്ക്കുന്നു. ആരോഗ്യപൂർണമായ നല്ല നാളെകൾ പ്രതീക്ഷിച്ച് നമുക്ക് ഒന്നായി മുന്നേറാം. ലോകാസമസ്‌ത സുഖിനോ ഭവന്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com