ADVERTISEMENT

ദുബായ്  ∙ പൊതുവാഹനങ്ങളുടെയും ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെയും സമയം ആർടിഎ പുനഃക്രമീകരിച്ചു. മെട്രോ, ബസ്, ട്രാം, ജലയാനങ്ങൾ, ടാക്സി സർവീസ് സമയം മാറി. അണുനശീകരണ സമയം രാത്രി 8 മുതൽ പുലർച്ചെ 6 വരെയാക്കിയതിനെ തുടർന്നാണിത്. മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ രാവിലെ 7ന് സർവീസ് ആരംഭിച്ച് രാത്രി 9ന് അവസാനിപ്പിക്കും.

റെഡ് ലൈൻ തുടങ്ങുന്ന റാഷിദിയ സ്റ്റേഷനിൽ നിന്ന് യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്കു രാത്രി  7.54നാണ് അവസാന ട്രെയിൻ. യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനിൽ നിന്ന് റാഷിദിയയിലേക്ക് രാത്രി 7.53ന്. ഗ്രീൻ ലൈനിലെ ക്രീക് സ്റ്റേഷനിൽ നിന്ന് ഇത്തിസലാത്ത് സ്റ്റേഷനിലേക്ക് രാത്രി 8.21നും ഇത്തിസലാത്തിൽ നിന്നു ക്രീക്കിലേക്ക് രാത്രി 8.20നുമാണ് അവസാന സർവീസ്.

സേവന കേന്ദ്രങ്ങൾ മൂന്നുവരെ

കസ്റ്റമേഴ്സ് ഹാപ്പിനെസ് സെന്ററുകൾ, ഉം റമൂൽ, ദെയ്റ, ബർഷ സർവീസ് സെന്ററുകൾ എന്നിവ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ പ്രവർത്തിക്കും. പെരുന്നാൾ അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല.

സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ ആർടിഎ

യാത്രക്കാരുടെ സുരക്ഷയ്ക്ക്  ക്രമീകരണം ഒരുക്കിയതായി ആർടിഎ. വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കും. ദിവസവും അണുനശീകരണം നടത്തും. സ്റ്റേഷനുകളും അനുബന്ധ മേഖലകളും അണുവിമുക്തമാക്കും. ഇതിനായി 1,000 ജീവനക്കാരെ ആർടിഎ ചുമതലപ്പെടുത്തി. വാഹനങ്ങളിലും സ്റ്റേഷനുകളിലും അകലം പാലിക്കണം. നിശ്ചിത ഇരിപ്പിടങ്ങളിൽ മാത്രം ഇരിക്കുക. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. ഗ്ലൗസ് ധരിക്കുന്നതും സാനിറ്റൈസർ കരുതുന്നതും സുരക്ഷിതമാണ്. യാത3യ്ക്കു ശേഷം കൈകൾ സോപ്പുലായനിയിൽ 20 സെക്കൻഡ് കഴുകുകയും വേണം. മെട്രോ എലിവേറ്ററുകളിൽ 2 പേരെ മാത്രമേ അനുവദിക്കൂ. സ്റ്റേഷന് അകത്തോ പുറത്തോ ട്രെയിനുകളിലോ  ആൾക്കൂട്ടം അനുവദിക്കില്ല. യാത്രക്കാർ അകലം പാലിക്കുന്നത് ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കി.

ട്രെയിൻ

തിരക്കേറിയ സമയങ്ങളിൽ റെഡ് ലൈനിൽ 54 ട്രെയിനുകളും ഗ്രീൻ ലൈനിൽ 17 ട്രെയിനുകളും സർവീസ് നടത്തും. റെഡ് ലൈൻ സ്റ്റേഷനുകളിൽ 2.38 മിനിറ്റ് ഇടവിട്ടും ഗ്രീൻ ലൈൻ സ്റ്റേഷനുകളിൽ 5 മിനിറ്റ് ഇടവിട്ടും ട്രെയിനുകളെത്തും.

ട്രാം സർവീസ്

രാവിലെ 7 മുതൽ രാത്രി 9 വരെയാണ് ദുബായ് ട്രാം സർവീസ്. 11 ട്രാം സ്റ്റേഷനുകളിൽ 8 മിനിറ്റ് ഇടവേളകളിൽ 6 ട്രാമുകൾ സർവീസ് നടത്തും.

ജലയാനങ്ങൾ 7 റൂട്ടിൽ

വാട്ടർ ബസ് അടക്കമുള്ള ജലയാനങ്ങൾ 7 റൂട്ടുകളിൽ രാവിലെ 8.30 മുതൽ രാത്രി 7വരെ സർവീസ് നടത്തും. ദുബായ് വാട്ടർ കനാലിലൂടെയുള്ള ടൂറിസ്റ്റ് സർവീസുകൾ, അൽ ഗുബൈബ-ഷാർജ അക്വേറിയം റൂട്ടിലെ ഫെറി സർവീസ് എന്നിവ ഉടൻ പുനരാരംഭിക്കില്ല.

142 റൂട്ട്, 902 ബസുകൾ


142 റൂട്ടുകളിൽ 902 ബസുകൾ രാവിലെ 6 മുതൽ രാത്രി 8 വരെ സർവീസ് നടത്തും. ആശുപത്രികളുള്ള റൂട്ടുകളിൽ അണുനശീകരണ സമയത്തും ബസുകൾ ഓടും. 13 റൂട്ടുകളിൽ 74 ബസുകൾ. റൂട്ടുകൾ: 8, 10, 12, എ13, 17, സി01, സി07, എഫ് 18, എഫ് 21, എഫ് 34, എക്സ് 23.  ഈ റൂട്ടുകളിൽ 19 ആശുപത്രികളാണുള്ളത്.

ടാക്സികൾ വിളിപ്പുറത്ത്

ടാക്സികൾ രാവിലെ 6 മുതൽ രാത്രി 8വരെ സർവീസ് നടത്തും. 10,936 ടാക്സികളും 7,000 ലിമോകളും സർവീസ് നടത്തും. അണുനശീകരണ വേളയിൽ സർവീസ് നടത്താൻ 2,000 ടാക്സികൾ ഉണ്ടാകും. കരീം, ഊബർ ആപ്പുകൾ വഴി വാഹനം ബുക്ക് ചെയ്യാം. ഷെയറിങ് വാഹനങ്ങൾ യു ഡ്രൈവ്, ഇകാർ ആപ്പുകൾ വഴി ലഭ്യമാണ്. സേവനം രാവിലെ 6 മുതൽ രാത്രി 8 വരെ. ടാക്സികളിലും ലിമോ സർവീസുകളിലും 2 യാത്രക്കാർ മാത്രം. ഡ്രൈവർ ഉൾപ്പെടെ 3 പേർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com