ADVERTISEMENT

അബുദാബി∙ കോവിഡ് ഉയർത്തിയ വെല്ലുവിളികളെ ഉപവാസത്തിന്റെ കരുത്തിൽ അതിജീവിച്ച വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ. കോവിഡ് ജാഗ്രതയുടെ ഭാഗമായി ആരാധനാലയങ്ങൾ അടച്ചെങ്കിലും വീടുകളിലെ പ്രാർഥന സജീവമാക്കുകയായിരുന്നു വിശ്വാസി സമൂഹം. ഉപവാസത്തിലൂടെയും ഉപാസനയിലൂടെയും ഏതു പ്രതിസന്ധികളെയും അതിജീവിക്കാനുള്ള പുതിയൊരു ഊർജവുമായാണ് ചെറിയ പെരുന്നാളിന്റെ വലിയ ആഘോഷത്തിനായി വിശ്വാസികൾ കാത്തിരിക്കുന്നത്.

പുലർച്ചെ പള്ളികളിലും ഈദ് ഗാഹുകളിലും പോയി പെരുന്നാൾ നമസ്കാരം നിർവഹിക്കാൻ സാധിക്കില്ല എന്ന് മനസ്സിനെ പറഞ്ഞുറപ്പിച്ച വിശ്വാസികൾ പ്രാർഥനയോടെ ആഘോഷങ്ങൾക്കൊരുങ്ങിത്തുടങ്ങി. ആർഭാടമില്ലെങ്കിലും ചിട്ടവട്ടങ്ങളിൽ കുറവില്ലാതെ പെരുന്നാൾ പലഹാരങ്ങളും വിഭവങ്ങളും തയാറാക്കാനുള്ള ഒരുക്കങ്ങളിലാണ് കുടുംബിനികൾ.

അവസാന ദിവസത്തിലെ തിരക്ക് ഒഴിവാക്കാൻ പലരും സാധനങ്ങൾ നേരത്തേ തന്നെ കരുതിവച്ചിരുന്നു. അതിഥികളില്ലാതെ, ഭക്ഷണം പുറത്തുനിന്നുവാങ്ങാതെ കുടുംബാംഗങ്ങൾ മാത്രമായി സ്വന്തം വീട്ടിൽ പെരുന്നാൾ ആഘോഷിക്കുന്നതും അപൂർവമായിട്ടായിരിക്കും.

അണിഞ്ഞൊരുങ്ങി നഗരങ്ങൾ

തെരുവുകൾ വർണ ദീപങ്ങൾകൊണ്ട് അലങ്കരിച്ച് പെരുന്നാളിനെ സ്വാഗതം ചെയ്യാൻ നഗരവും അണിഞ്ഞൊരുങ്ങി. പ്രധാന റോ‍ഡുകളിലും കെട്ടിടങ്ങളിലും ഈദ് മുബാറക് എന്ന് അറബിക്കിലും ഇംഗ്ലിഷിലും എഴുതിയ വർണവിളക്കുകൾ തെളിഞ്ഞുതുടങ്ങി. എന്നാൽ കൂട്ടം കൂടിയുള്ള പൊതുപരിപാടികൾ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കച്ചവടം തകൃതി

സൂപ്പർ, ഹൈപ്പർമാർക്കറ്റുകളിൽ പെരുന്നാൾ കച്ചവടം തകൃതിയായി നടക്കുന്നുണ്ട്. പെരുന്നാൾ പ്രമാണിച്ച് വിലക്കുറവുള്ളതിനാൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം കൂടി. ആഴ്ചയിൽ രണ്ടും മൂന്നും തവണ ഷോപ്പിങ് ചെയ്തിരുന്നവർ കോവി‍ഡ് പശ്ചാത്തലത്തിൽ അത് ഒരിക്കലാക്കി മാറ്റിയെങ്കിലും വാങ്ങിക്കൊണ്ടുപോകുന്ന സാധനങ്ങളുടെ അളവ് കൂടി. സ്വന്തം പാചക പരീക്ഷണത്തിന് ഇറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ പാത്രങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വിൽപന വർധിച്ചു. ഇതേസമയം വസ്ത്രവിപണിയിൽ കാര്യമായ ചലമുണ്ടായിട്ടില്ല.

സമ്മാനങ്ങൾ ഹൈടെക്കായി

പരമ്പരാഗത സമ്മാന രീതികളിലും കോവിഡ് മാറ്റം വരുത്തി. സമ്മാനപ്പൊതികളിൽ പെർഫ്യൂമിന്റെയും ചോക്കലേറ്റിന്റെയും സ്ഥാനത്ത് ഹൈടെക് ഉപകരണങ്ങൾ‌ ഇടംപിടിച്ചു. ഇ–ലേണിങും റിമോർട്ട് വർക്കും ജീവിതത്തിന്റെ ഭാഗമായതിനാൽ ലാപ്ടോപ്, ടാബ്, ഹെഡ് ഫോൺ, ഇലക്ട്രോണിക് ഗെയിമുകൾ തുടങ്ങിയവയാണ് പെരുന്നാൾ സമ്മാനം നൽകാനായി ജനം വാങ്ങുന്നത്. പഠനവും ജോലിയുമെല്ലാം വീടുകളിലിരുന്നായതോടെ അതിന് സഹായകമാകുന്ന ഉൽപന്നങ്ങൾ സമ്മാനിക്കുകയാണ് പലരും. വിദ്യാർഥികൾ പഠന സഹായ സാമഗ്രികളാണ് രക്ഷിതാക്കളും മറ്റും സമ്മാനിക്കുന്നത്. ഇതോടെ ഇലക്ട്രോണിക് വിപണിയിലും ഉണവർവ് പ്രകടം.

സുരക്ഷയിൽ വീഴ്ചയില്ല

ആഘോഷത്തിനിടയിലും ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്തതിനാൽ സുരക്ഷാ ഉൽപന്നങ്ങളുടെ വിൽപനയിൽ കുതിച്ചുചാട്ടം തുടരുകയാണ്. സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവയ്ക്കു പുറമേ വീടുകൾ വൃത്തിയാക്കാനായുള്ള അണുനാശികളും പെരുന്നാൾ ഷോപ്പിങ്ങിന്റെ ഭാഗമായി.

നമസ്കാരം വീട്ടിൽ മതി; ഒത്തുകൂടൽ സമൂഹമാധ്യമങ്ങളിലും

അബുദാബി∙ കോവിഡ് ജാഗ്രത നിലനിൽക്കുന്നതിനാൽ യുഎഇയിൽ ആരാധനാലയങ്ങൾ തുറക്കില്ലെന്നും പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കണമെന്നും നിർദേശം. പെരുന്നാൾ നമസ്കാരത്തിന് 10 മിനിറ്റ് മുൻപ് പള്ളികളിൽനിന്ന് തക്ബീർ ധ്വനികൾ ഉയരും. ഇതിനുശേഷം അവരവരുടെ വീടുകളിൽവച്ച് പെരുന്നാൾ നമസ്കാരം നിർവഹിക്കാം. വീടുകളിലെ പെരുന്നാൾ നമസ്കാരത്തിനു ഖുതുബ (പ്രഭാഷണം) വേണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്​ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് വക്താവ് ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ ഷംസി പറഞ്ഞു. കോവിഡ് ജാഗ്രതയുള്ളതിനാൽ സമൂഹമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി ബന്ധുക്കളും സുഹൃത്തക്കളുമായും ബന്ധപ്പെട്ട് പെരുന്നാൾ സന്തോഷം പങ്കിടാമെന്നും പറഞ്ഞു. രാജ്യത്തെ ആരോഗ്യ സുരക്ഷാ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനിയും ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com