ADVERTISEMENT

ദോഹ∙ കോവിഡ്-19 ന്റെ അപകടസാധ്യത തിരിച്ചറിയുന്നതിനുള്ള ഇഹ്‌തെറാസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രൊഫൈലില്‍ ചാരനിറം കാണുന്നവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം. 

വീടിന് പുറത്തിറങ്ങണമെങ്കില്‍ രാജ്യത്തെ സ്വദേശികളുടേയും പ്രവാസികളുടേയും ഫോണില്‍ നിര്‍ബന്ധമായും ഇഹ്‌തെറാസ് ആപ്പ് ഉണ്ടായിരിക്കണമെന്ന ഉത്തരവ് ഇന്നു മുതലാണു പ്രാബല്യത്തിലായത്. ജനങ്ങള്‍ നിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ കര്‍ശന പരിശോധനയും ആരംഭിച്ചു കഴിഞ്ഞു. കോവിഡ്-19 രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ വേഗത്തില്‍ തിരിച്ചറിഞ്ഞ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് ഖത്തര്‍ സ്വന്തമായി ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. പച്ച, ചുമപ്പ്, മഞ്ഞ, ചാര നിറങ്ങള്‍ പ്രകാരമാണ് കോവിഡ്-19 അപകട സാധ്യത തിരിച്ചറിയുന്നത്. 

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അല്ലെങ്കില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അല്ലെങ്കില്‍ ഇതുവരെ പരിശോധനക്ക് വിധേയമാകാത്തവര്‍ എന്നിവരെയാണ് ചാരനിറം സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രൊഫൈല്‍ ചാരനിറമാണെങ്കില്‍ അവര്‍ വീട്ടിന് പുറത്തിറങ്ങാതെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ആരോഗ്യവാനായ വ്യക്തി അല്ലെങ്കില്‍ പരിശോധനാ ഫലം നെഗറ്റീവ് ആയ വ്യക്തി എന്നാണ് പച്ചനിറം സൂചിപ്പിക്കുന്നത്. 

ക്വാറന്റീനില്‍ കഴിയുന്നവരെയാണ് മഞ്ഞ നിറം പ്രതിനിധാനം ചെയ്യുന്നത്. പരിശോധനക്ക് വിധേയമായി രോഗം സ്ഥിരീകരിച്ചവരെയാണ് ചുമപ്പ് നിറം സൂചിപ്പിക്കുന്നത്. 

എങ്ങനെ റജിസ്റ്റര്‍ ചെയ്യാം

ഗൂഗിള്‍, ആപ്പിള്‍ പ്ലേ സ്‌റ്റോറുകളില്‍ നിന്നു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ഡൗണ്‍ലോഡ് ചെയ്ത ശേഷം ആപ്പ് തുറക്കുമ്പോള്‍ തന്നെ മൊബൈല്‍ നമ്പര്‍, ഖത്തര്‍ ഐഡി നമ്പര്‍, ഖത്തര്‍ ഐഡി കാലാവധി തീയതി എന്നിവയെല്ലാം ആവശ്യപ്പെടും. ഈ വിവരങ്ങള്‍ എല്ലാം നല്‍കി കഴിഞ്ഞാല്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒരു വെരിഫിക്കേഷന്‍ പിന്‍കോഡ് എത്തും. ഈ പിന്‍കോഡ് ഉപയോഗിച്ച് ആപ്പിനുള്ളിലേക്ക് പ്രവേശിക്കുന്നതോടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. 

റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പേജില്‍ ഉപയോക്താവിന്റെ ഹെൽത്ത് കോഡും ആരോഗ്യ നില വ്യക്തമാക്കുന്ന കളര്‍ ടാഗും കാണാം. ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയിലൂടെയാണ് ആപ്പിന്റെ പ്രവര്‍ത്തനം. ഉപയോക്താവിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതാണ് ആപ്പ് എന്നാണ് അധികൃതര്‍ നല്‍കുന്ന ഉറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com